17
Jun 2026
Tue
17 Jun 2026 Tue
NEET QUESTION LEAK TELEGRAM CONTROL

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന് ഇന്ത്യയില്‍ താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തി. നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുള്ള കര്‍ശന നടപടിയുടെ ഭാഗമാണ് നിയന്ത്രണം. ജൂണ്‍ 22 വരെ ടെലഗ്രാമിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്‍ടിഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടെലഗ്രാമിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയത് അറിയിച്ചിരിക്കുന്നത്. തട്ടിപ്പ് സംഘങ്ങളുടെ ചൂഷണം തടയാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് എന്‍ടിഎ പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ 30 വരെ ടെലഗ്രാമിന്റെ മെസേജ് തിരുത്തുന്ന ഫീച്ചറും ഡിസേബിള്‍ ആക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ടെലഗ്രാം മെസേജ് എഡിറ്റിങ് ഫീച്ചര്‍ ഉപയോഗിച്ച് വസ്തുതാവിരുദ്ധമായ തെളിവുകള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് എന്‍ടിഎ പറയുന്നത്. ചാനലിന്റെ അഡ്മിന്മാര്‍ക്ക് പഴയ പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാന്‍ പറ്റുമെന്നും പരീക്ഷ എഴുതിയതിന് ശേഷം ചോദ്യ പേപ്പറുകള്‍ അറ്റാച്ച് ചെയ്ത് ഈ പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്നുവെന്നും എന്‍ടിഎ പറയുന്നു.

ALSO READ: മൈതാനത്ത് ‘തോക്കെടുത്ത്’ ഇറാന്‍ താരം മൊഹെബി; ലോകകപ്പിലെ ഗോള്‍ ആഘോഷം വിവാദത്തില്‍

ജൂണ്‍ 21നാണ് നീറ്റ് പുനപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ത്തി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതില്‍ രാജ്യത്തുടനീളം വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഡല്‍ഹിയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തിയ ജെന്‍സി പ്രതിഷേധം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇതിനിടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ച സമ്മതിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്ററി സമിതിക്ക് മുന്‍പാകെയായിരുന്നു എന്‍ടിഎ വീഴ്ച തുറന്നുസമ്മതിച്ചത്. നീറ്റ് ചോദ്യ ചോര്‍ച്ചയ്ക്ക് പിന്നാലെ നിരവധി വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയിരുന്നു. സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും ശക്തമായ നടപടി സ്വീകരിക്കാനോ കൃത്യമായ മറുപടി നല്‍കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

NEET question paper leak: restrictions on Telegram in India