സൂറിച്ച്: ഫിഫ ലോകകപ്പിലെ അർജന്റീന-ഈജിപ്ത് പ്രീ ക്വാർട്ടർ മത്സരത്തിലെ വിവാദ തീരുമാനങ്ങൾക്ക് പിന്നാലെ മാച്ച് റഫറി ഫ്രാൻസ്വാ ലെറ്റെക്സിയർക്കെതിരെ (Francois Letexier) ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (EFF) ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നൽകി. ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഹാനി അബോ റിദയാണ് ഫ്രഞ്ച് റഫറിക്കും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ഒഫീഷ്യൽസിനുമെതിരെ ഫിഫയ്ക്ക് പരാതി സമർപ്പിച്ചത്. മത്സരത്തിൽ തങ്ങൾക്കെതിരായ വിധിനിർണ്ണയങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും, ഈ ഫ്രഞ്ച് റഫറിയിങ് സംഘത്തെ ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും ഈജിപ്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
|
സ്പാനിഷ് മാധ്യമമായ ‘ഡിയാരിയോ എ.എസ്’ (Diario AS) ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ‘എൽ എക്വിപ്’ (L’Equipe) റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ലെറ്റെക്സിയറുടെ പ്രകടനം ഫിഫ വിശദമായി വിലയിരുത്തും. റഫറിയുടെ സാങ്കേതിക പ്രകടനം, ഒഫീഷ്യൽസിന്റെ റിപ്പോർട്ടുകൾ, വിവാദമായ വീഡിയോ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച് അദ്ദേഹം ഈ ലോകകപ്പിൽ തുടർന്ന് മത്സരങ്ങൾ നിയന്ത്രിക്കണമോ എന്ന് ഫിഫ റഫറിയിങ് കമ്മിറ്റി തീരുമാനിക്കും. എങ്കിലും, ഒരു രാജ്യത്തിന് മാത്രമായി റഫറിമാരുടെ നിയമനത്തിൽ വീറ്റോ അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നതിനാൽ ഈജിപ്തിന്റെ ആവശ്യം ഫിഫ പൂർണ്ണമായി അംഗീകരിക്കാൻ സാധ്യത കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞകാല ചരിത്രം
ലോകകപ്പ് ചരിത്രത്തിൽ മുൻപും ഇത്തരം പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും റഫറിമാരെ ടൂർണമെന്റിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയ ചരിത്രമില്ല. എന്നാൽ 2002-ലെ ലോകകപ്പിൽ ദക്ഷിണ കൊറിയക്കെതിരായ പ്രീ ക്വാർട്ടർ തോൽവിക്ക് പിന്നാലെ (1-2), ഇക്വഡോർ റഫറി ബൈറൺ മൊറേനോയ്‌ക്കെതിരെ ഇറ്റലി കടുത്ത പരാതി നൽകിയിരുന്നു. 15 മിനിറ്റോളം ഇഞ്ചുറി ടൈം അനുവദിച്ച റഫറിയുടെ തീരുമാനമാണ് ഇറ്റലിയെ ചൊടിപ്പിച്ചത്. ആ മത്സരത്തിന് ശേഷം മൊറേനോയ്ക്ക് ടൂർണമെന്റിൽ മറ്റ് മത്സരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും, അത് ഇറ്റലിയുടെ പരാതി കൊണ്ടായിരുന്നോ എന്ന് ഫിഫ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ല.
ഐ.എഫ്.എഫ്.എച്ച്.എസ് (IFFHS) തിരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും മികച്ച റഫറിയായ ഫ്രാൻസ്വാ ലെറ്റെക്സിയർ തന്നെയാണ് 2024-ലെ യൂറോ കപ്പ് ഫൈനലും നിയന്ത്രിച്ചിരുന്നത്.
എന്തായിരുന്നു വിവാദം?
ചൊവ്വാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. എന്നാൽ 79-ാം മിനിറ്റിൽ ഒരു ഗോളും ഒരു അസിസ്റ്റുമായി ലിയോണൽ മെസ്സി അർജന്റീനയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയും ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് വിജയഗോൾ നേടുകയും ചെയ്തു. എന്നാൽ മത്സരത്തിനിടെ ഈജിപ്ത് നേടിയ ഒരു ഗോൾ വി.എ.ആർ (VAR) റദ്ദാക്കിയതും, അർജന്റീനയുടെ വിജയഗോളിന് തൊട്ടുമുൻപ് മുഹമ്മദ് സലായുടെ ഈജിപ്തിന് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന പെനാൽറ്റി വി.എ.ആർ പരിശോധിക്കാതിരുന്നതുമാണ് ഈജിപ്തിനെ കടുത്ത പ്രതിഷേധത്തിലേക്ക് നയിച്ചത്.
FIFA Makes Big Call On Referee Francois Letexier Following Argentina vs Egypt World Cup Match Row





