09
Jul 2026
Thu
09 Jul 2026 Thu
KERALA BJP ELECTION FUND IRREGULARITY

സംസ്ഥാനത്ത് ബിജെപിയുടെ ഫണ്ടില്‍ വലിയ തോതിലുള്ള വെട്ടിപ്പ് നടന്നതായി റിപോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പിനായി കേന്ദ്ര നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പ് ഫണ്ടില്‍ വ്യാപക ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തല്‍. പാര്‍ട്ടിയുടെ സെന്‍ട്രല്‍ ഓഡിറ്റിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോടികളുടെ വെട്ടിപ്പ് നടന്നുവെന്നാണ് സംശയം. നേതാക്കളുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് തുക കൂട്ടിയെഴുതി. കൊടിയുടെ പേരിലും വിഐപി താമസം, ഭക്ഷണം, യാത്ര നിരക്ക് എന്നിവയിലും ക്രമക്കേട് കാണിച്ചു. പല വഴികളിലൂടെ കോടികള്‍ തട്ടിയതായാണ് കണ്ടെത്തല്‍. പല തുകകകളും എഴുതിവാങ്ങിയത് അനധികൃതമായിട്ടാണ്. ഒന്നിനും കൃത്യമായ രേഖകളില്ലായെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. എന്നാല്‍ ഒരു വിധ ഫണ്ട് തട്ടിപ്പും നടന്നിട്ടില്ലെന്നാണ് ബിജെപി നേതൃത്വം ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഏറ്റവും ആധികാരികമായി നടക്കുന്ന പരിശോധനയാണ് സെന്‍ട്രല്‍ ഓഡിറ്റിംഗ്. ഇവരാണ് ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് എന്നതാണ് ഗൗരവമായിട്ടുള്ളത്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമാര്‍ ഉള്‍പ്പെടെ അടങ്ങുന്നതാണ് സെന്‍ട്രല്‍ ഓഡിറ്റിംഗ് കമ്മിറ്റി. ബിജെപി കേന്ദ്ര നേതൃത്വം സൗജന്യമായി നല്‍കുന്ന കൊടികളുടെ പേരിലും പണം എഴുതി വാങ്ങിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ സെക്രട്ടറി, ഓഫീസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍ എന്നിവര്‍ക്ക് നേരെയാണ് ആരോപണത്തിന്റെ മുനനീളുന്നത്. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയതോടെയാണ് അങ്ങനെയൊരു തട്ടിപ്പ് നടന്നിട്ടില്ലെന്ന് വ്യക്തമാക്കാന്‍ ബിജെപി നേതൃത്വം നിര്‍ബന്ധിതരായത്.

കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് ദാവ്‌ഡെ കേരളത്തിലെത്തുകയും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് ഫണ്ട് വിനിയോഗം നടന്നതെന്നുമാണ് ബിജെപി നേതൃത്വം വിശദീകരിക്കുന്നത്.

Kerala BJP’s election fund irregularities