09
Jul 2026
Thu
09 Jul 2026 Thu
argentina fans

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പില്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിനില്‍ക്കെ, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് (AFA) നേരെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ (FBI). അസോസിയേഷന്റെ അമേരിക്കയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കല്‍ (Money laundering) സംശയിച്ച് എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അര്‍ജന്റീനന്‍ പത്രമായ ‘ലാ നാഷന്‍’ (La Nacion) പുറത്തുവിട്ട റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഫോക്‌സ് സ്‌പോര്‍ട്‌സ് മെക്‌സിക്കോയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്ലോഡിയോ ടാപിയയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ദശലക്ഷക്കണക്കിന് ഡോളര്‍ അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയിലൂടെ എങ്ങനെ കടത്തിവിട്ടുവെന്നും, ഈ ഇടപാടുകള്‍ യു.എസ് നിയമങ്ങളുടെ ലംഘനമാണോ എന്നുമാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.

സംശയ നിഴലില്‍ ഫ്‌ലോറിഡ കമ്പനി

അര്‍ജന്റീനയ്ക്ക് പുറത്തുള്ള എ.എഫ്.എയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന, ഫ്‌ലോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ടൂര്‍പ്രൊഡ്എന്റര്‍ എല്‍.എല്‍.സി’ (TourProdEnter LLC) എന്ന കമ്പനിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മുന്‍ ബ്യൂണസ് ഐറിസ് നിയമസഭാംഗമായ ഹാവിയര്‍ ഫാരോണി, ഭാര്യ എറിക്ക ഗില്ലറ്റി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, സിറ്റിബാങ്ക് (Citibank), സിനോവസ് (Synovus), ബാങ്ക് ഓഫ് അമേരിക്ക (Bank of America), ജെ.പി മോര്‍ഗന്‍ (JP Morgan), പി.എന്‍.സി ബാങ്ക് (PNC Bank) എന്നീ അഞ്ച് പ്രമുഖ യു.എസ് ധനകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടുകള്‍ വഴിയാണ് ഇവര്‍ കോടിക്കണക്കിന് ഡോളര്‍ കൈമാറ്റം ചെയ്തത്.

ALSO READ: റഫറിക്കെതിരെ ഈജിപ്തിന്റെ ഔദ്യോഗിക പരാതി; ഫ്രാൻസ്വാ ലെറ്റെക്സിയറുടെ ഭാവി ഫിഫ തീരുമാനിക്കും

ഇടപാടുകള്‍ ഇങ്ങനെ: അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ വരുമാനത്തില്‍ നിന്ന് കുറഞ്ഞത് 260 ദശലക്ഷം യു.എസ് ഡോളര്‍ (US$260 million) ഈ അക്കൗണ്ടുകള്‍ വഴി ടൂര്‍പ്രൊഡ്എന്റര്‍ കമ്പനി കൈകാര്യം ചെയ്തതായി രേഖകള്‍ വ്യക്തമാക്കുന്നു.

ദുരൂഹമായ കൈമാറ്റങ്ങള്‍: ഇതില്‍ 57 ദശലക്ഷം ഡോളര്‍ മറ്റ് പല കമ്പനികള്‍ക്കും ഗുണഭോക്താക്കള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ കൃത്യമായ സാമ്പത്തിക രേഖകളോ വ്യക്തമായ കാരണങ്ങളോ ഇല്ലാതെയാണ് ഈ തുക കൈമാറിയിരിക്കുന്നത്.

കടുത്ത പ്രതിസന്ധിയില്‍ അസോസിയേഷന്‍ പ്രസിഡന്റ്

എ.എഫ്.എ പ്രസിഡന്റ് ക്ലോഡിയോ ടാപിയയെ സംബന്ധിച്ചിടത്തോളം ഇത് കടുത്ത പ്രതിസന്ധിയുടെ കാലഘട്ടമാണ്. ലോകകപ്പിന് മുന്‍പ് തന്നെ അഴിമതി അന്വേഷണങ്ങള്‍, അര്‍ജന്റീനയിലെ ആഭ്യന്തര ഫുട്‌ബോള്‍ ലീഗില്‍ വരുത്തിയ മാറ്റങ്ങള്‍, വാം-അപ്പ് മത്സരങ്ങളുടെ ഷെഡ്യൂളിങ് എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

ഇതിനുപുറമെ, ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി അര്‍ജന്റീനന്‍ പ്രസിഡന്റ് ഹാവിയര്‍ മിലെയുമായി (Javier Milei) ടാപിയ പരസ്യമായ തര്‍ക്കത്തിലാണ്. മിലെ സര്‍ക്കാരിന്റെ പരാതിയെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ടാപിയക്കെതിരെ നികുതിവെട്ടിപ്പിന് (Tax evasion) കേസെടുക്കുകയും ചെയ്തിരുന്നു.

എങ്കിലും, പുറത്തുവന്ന ഈ എഫ്.ബി.ഐ അന്വേഷണ വാര്‍ത്തകളെക്കുറിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനോ എഫ്.ബി.ഐയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

FBI investigates Argentina Football Association’s financial operations