14
Jul 2026
Mon
14 Jul 2026 Mon
ali khamenei funeral

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇയുടെ വിലാപയാത്രയിലും പ്രാര്‍ത്ഥനാ ചടങ്ങുകളിലും കറുത്ത ഫേസ് മാസ്‌കും തൊപ്പിയും ധരിച്ച് മുന്‍നിരയില്‍ പ്രത്യക്ഷപ്പെട്ട ആ നിഗൂഢ മനുഷ്യന്‍ ആരാണെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒടുവില്‍ വിരാമം. അന്തരിച്ച ഖാംനഇയുടെ മൂത്ത ചെറുമകനാണ് ഇതെന്ന് ഒരു ഇറാനിയന്‍ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വര്‍ഷമാദ്യം അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അലി ഖാംനഇ കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ നടന്ന ചടങ്ങുകളിലാണ് കറുത്ത ഫേസ് മാസ്‌കും കറുത്ത ബേസ്‌ബോള്‍ തൊപ്പിയും ധരിച്ച ഒരാള്‍ മുന്‍നിരയില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഖാംനഇയുടെ പിന്‍ഗാമി മകന്‍ മുജ്തബ ഖാംനഇയാണ് (Mojtaba Khamenei) ഇതെന്ന തരത്തില്‍ വലിയ രീതിയിലുള്ള അഭ്യൂഹങ്ങള്‍ രാഷ്ട്രീയ രംഗത്തു പടര്‍ന്നിരുന്നു.

എന്നാല്‍, ആ മുഖംമൂടി ധരിച്ച വ്യക്തി അലി ഖാംനഇയുടെ മൂത്ത ചെറുമകനായ മുഹമ്മദ് ജവാദ് ഖാംനഇയാണെന്ന് (Mohammad Javad Khamenei) പ്രമുഖ ഇറാനിയന്‍ വാര്‍ത്താ മാധ്യമമായ ‘ഇറാന്‍ ഇന്റര്‍നാഷണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാസ്‌ക് ധരിക്കാനുള്ള കാരണം കടുത്ത പൊള്ളല്‍

അലി ഖാംനഇയുടെ മൂത്ത മകനായ മുസ്തഫ ഖാംനഇയുടെ മകനാണ് മുഹമ്മദ് ജവാദ്. ഫെബ്രുവരി 28-ന് ഇറാനിയന്‍ നേതാവിന്റെ മരണത്തിനിടയാക്കിയ യു.എസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മുഹമ്മദ് ജവാദിനും കടുത്ത പരിക്കേറ്റിരുന്നു. ആക്രമണത്തില്‍ മുഖത്തിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും മറ്റ് പരിക്കുകള്‍ സംഭവിക്കുകയും ചെയ്തതിനാലാണ് മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന കറുത്ത മാസ്‌ക് ധരിച്ച് അദ്ദേഹം ചടങ്ങുകളില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: ട്രംപ്-ഫിഫ അവിശുദ്ധ കൂട്ടുകെട്ട്? അമേരിക്കന്‍ താരത്തിന്റെ റെഡ് കാര്‍ഡ് ഒഴിവാക്കിയത് ഒരു അംഗത്തിന്റെ മാത്രം തീരുമാനത്തില്‍

അതേസമയം, ആക്രമണത്തിന് ശേഷം ഖാംനഇയുടെ മകന്‍ മുജ്തബ ഖാംനഇയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളും അഭ്യൂഹങ്ങളും ഇപ്പോഴും തുടരുകയാണ്. ആക്രമണത്തില്‍ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും മുഖരൂപം നഷ്ടപ്പെടുകയും ചെയ്തതായി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ‘ന്യൂയോര്‍ക്ക് പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആക്രമണം നടക്കുമ്പോള്‍ പിതാവിനൊപ്പം അതേ വസതിയില്‍ തന്നെയായിരുന്നു മുജ്തബയും ഉണ്ടായിരുന്നത്. എന്നാല്‍ മറ്റൊരു മുറിയിലായിരുന്നതിനാലാണ് അദ്ദേഹം ജീവനോടെ രക്ഷപ്പെട്ടത്. മുജ്തബയുടെ കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്നും സൈപ്രസിലെ ഇറാന്‍ അംബാസഡര്‍ അലിറെസ സലാരിയന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് ശേഷം മുജ്തബ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയോ പ്രസംഗങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. നിലവില്‍ കൈപ്പടയിലെഴുതിയ സന്ദേശങ്ങള്‍ വഴിയാണ് അദ്ദേഹം സൈനിക മേധാവികളുമായും മുതിര്‍ന്ന മതപുരോഹിതന്മാരുമായും ആശയവിനിമയം നടത്തുന്നതെന്നാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് കോടിക്കണക്കിന് ആളുകള്‍

ഇറാന്റെ വിവിധ ഭാഗങ്ങളില്‍ ആറ് ദിവസം നീണ്ടുനിന്ന വിലാപയാത്രകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം വ്യാഴാഴ്ചയാണ് ആയത്തുള്ള അലി ഖാംനഇയുടെ മൃതദേഹം സംസ്‌കരിച്ചത്. അമേരിക്കയുമായും ഇസ്രായേലുമായും നിലനില്‍ക്കുന്ന കടുത്ത യുദ്ധസാഹചര്യം കാരണം വലിയൊരു പൊതുചടങ്ങ് നടത്തുന്നത് സുരക്ഷിതമല്ലാത്തതിനാല്‍, മരണം നടന്ന് നാല് മാസത്തിലേറെയായി മൃതദേഹം കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇറാന്‍ പതാക പുതപ്പിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം ജന്മനാടായ മഷ്ഹദിലെ ഇമാം റെസ മഖ്ബറയിലാണ് അടക്കം ചെയ്തത്. ഇറാനിലുടനീളം നടന്ന വിലാപ ചടങ്ങുകളില്‍ ഏകദേശം 4.3 കോടി (43 മില്യണ്‍) ആളുകള്‍ പങ്കെടുത്തതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ അവകാശപ്പെട്ടു.

Mystery Of Masked Man At Ali Khamenei’s Funeral