2026-ലെ ഫിഫ ലോകകപ്പ് നിരവധി വിവാദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതില്‍ ഏറ്റവും വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് അമേരിക്കന്‍ സ്ട്രൈക്കര്‍ ഫോളാരിന്‍ ബലോഗന്റെ (Folarin Balogun) ഒരു മത്സര വിലക്ക് ഫിഫ ഒഴുവാക്കിക്കൊടുത്ത നടപടി. റൗണ്ട് ഓഫ് 32-ല്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയ്ക്കെതിരായ മത്സരത്തില്‍ റെഡ് കാര്‍ഡ് കണ്ട ബലോഗന്, ബെല്‍ജിയത്തിനെതിരായ പ്രീ-ക്വാര്‍ട്ടര്‍ മത്സരം നഷ്ടമാകേണ്ടതായിരുന്നു. എന്നാല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ നേരിട്ട് ഫോണില്‍ വിളിച്ചതിന് പിന്നാലെ, ഫിഫ സ്വതന്ത്രമായി ഇടപെട്ട് ബലോഗന്റെ വിലക്ക് 12 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
|
ഈ വിവാദപരമായ തീരുമാനത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫിഫയുടെ അച്ചടക്ക സമിതിയിലെ (Disciplinary Committee) 18 അംഗങ്ങളില്‍ ഒരാള്‍ മാത്രമാണ് ബലോഗന്റെ വിലക്ക് നീക്കാന്‍ തീരുമാനിച്ചതെന്നും ബാക്കി 17 അംഗങ്ങളോട് ഫിഫ കൂടിയാലോചന പോലും നടത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
‘ദി ടൈംസ്’ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഫിഫ അച്ചടക്ക സമിതി അധ്യക്ഷന്‍ മുഹമ്മദ് അല്‍-കമാലി ഒറ്റയ്ക്കാണ് ഈ തീരുമാനമെടുത്തത്. സാധാരണഗതിയില്‍ ഇത്തരം വലിയ കേസുകളില്‍ മൂന്നംഗ സമിതിയാണ് അന്തിമ തീരുമാനമെടുക്കാറുള്ളത്. രാഷ്ട്രീയ ഇടപെടലുകള്‍ ആരോപിക്കപ്പെടുന്ന ഇത്രയും വലിയൊരു കേസില്‍ അല്‍-കമാലി സമിതിയിലെ മറ്റാരോടും ചോദിക്കാതെ സ്വന്തം നിലയ്ക്ക് തീരുമാനമെടുത്തത് അങ്ങേയറ്റം അസ്വാഭാവികമായാണ് ഫുട്‌ബോള്‍ ലോകം കാണുന്നത്.
ട്രംപിന്റെ ഇടപെടല്‍ സ്ഥിരീകരിച്ച് ഫിഫ
ബോസ്‌നിയക്കെതിരായ മത്സരത്തില്‍ താരിക് മുഹാരെമോവിച്ചിന് നേരെ നടത്തിയ അപകടകരമായ ടാക്ലിംഗിനാണ് ബലോഗന് റെഡ് കാര്‍ഡ് ലഭിച്ചത്. ഇതിന് പിന്നാലെ ട്രംപ് ഫിഫ ചീഫ് ജിയാനി ഇന്‍ഫാന്റിനോയെ വിളിച്ച് റെഡ് കാര്‍ഡ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടതായി ഫിഫ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ട്രംപും തന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍ പിന്നീട് ശരിവെച്ചിരുന്നു.
ഈ ലോകകപ്പില്‍ ഇതുവരെ 14 കളിക്കാര്‍ക്കാണ് റെഡ് കാര്‍ഡ് ലഭിച്ചിട്ടുള്ളത്. അതില്‍ പലതും കടുത്ത അപ്പീലുകള്‍ക്ക് സാധ്യതയുള്ള 50-50 തീരുമാനങ്ങളായിരുന്നു. എന്നിട്ടും വിലക്കില്‍ ഇളവ് ലഭിച്ച ഒരേയൊരു കളിക്കാരന്‍ ബലോഗന്‍ മാത്രമാണ്. ബാക്കി 13 കളിക്കാരും ലോകകപ്പില്‍ തന്നെ തങ്ങളുടെ സസ്പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കി, അല്ലെങ്കില്‍ അവരുടെ ടീമുകള്‍ പുറത്തായതിനാല്‍ വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ അത് അനുഭവിക്കേണ്ടി വരും. അമേരിക്കന്‍ പ്രസിഡന്റിന്റെ സ്വാധീനത്തിന് വഴങ്ങി ഫിഫ എടുത്ത ഈ തീരുമാനം കായികരംഗത്തെ വലിയൊരു വിവേചനമായാണ് വിലയിരുത്തപ്പെടുന്നത്.



