14
Jul 2026
Tue
14 Jul 2026 Tue
Lamine Yamal spoke on his birthday as his team prepares to take on France

ഡല്ലാസ്: ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസിനെ നേരിടാനൊരുങ്ങുമ്പോൾ തനിക്ക് യാതൊരുവിധ ഭയവുമില്ലെന്ന് വ്യക്തമാക്കി സ്പെയിനിന്റെ കൗമാര വിസ്മയം ലാമിൻ യമാൽ. തന്റെ പത്തൊൻപതാം പിറന്നാൾ ആഘോഷിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാഴ്‌സലോണയുടെ ഈ യുവതാരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ആഴ്ച ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തതിന് ശേഷം, സമീപകാലത്തെ തോൽവികൾ കണക്കിലെടുത്ത് സ്പെയിനല്ല ഫ്രാൻസാണ് ഭയപ്പെടേണ്ടതെന്ന യമാലിന്റെ പ്രസ്താവന വലിയ ചർച്ചയായിരുന്നു. തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ വളരെ ശാന്തനായി കാണപ്പെട്ട യമാൽ ആ വാക്കുകളെക്കുറിച്ച് വിശദീകരിച്ചു. “ഫ്രാൻസിനെ പേടിയുണ്ടോ എന്ന് എന്നോട് ചോദിച്ചപ്പോൾ ഇല്ലെന്നാണ് ഞാൻ പറഞ്ഞത്. ഞങ്ങൾ യൂറോപ്യൻ ചാമ്പ്യന്മാരാണ്. ഇത് വെറുമൊരു ഫുട്ബോൾ മത്സരം മാത്രമാണ്,” താരം പറഞ്ഞു.

തന്റെ പത്തൊൻപതാം പിറന്നാൾ പ്രമാണിച്ച് വാർത്താസമ്മേളനത്തിന് അണിഞ്ഞിരുന്ന വിലപിടിപ്പുള്ള രത്നങ്ങൾ പതിച്ച മാല താൻ സ്വയം സമ്മാനിച്ചതാണെന്ന് യമാൽ പറഞ്ഞു. എന്നാൽ യഥാർത്ഥ പിറന്നാൾ സമ്മാനം ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിലേക്കുള്ള യോഗ്യതയാണെന്ന് താരം കൂട്ടിച്ചേർത്തു. “എനിക്ക് ഇതുവരെ വലിയ സമ്മാനങ്ങളൊന്നും ലഭിച്ചിട്ടില്ല. ചൊവ്വാഴ്ചത്തെ വിജയവും ന്യൂയോർക്കിലേക്കുള്ള (ഫൈനൽ വേദിയായ ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയം) യാത്രയുമായിരിക്കും എനിക്കുള്ള ഏറ്റവും മികച്ച സമ്മാനം,” താരം വ്യക്തമാക്കി. ഈ ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ മാത്രമാണ് നേടാനായതെങ്കിലും ഫ്രാൻസിനെതിരെ ഗോൾ വേട്ട നടത്താൻ താൻ പൂർണ്ണ സജ്ജനാണെന്നും യമാൽ പറഞ്ഞു.

ആക്രമണ ഫുട്ബോളുമായി സ്പെയിൻ; തന്ത്രങ്ങളൊരുക്കി ഡി ലാ ഫ്യൂന്റെ

ഫ്രാൻസിനെതിരായ വമ്പൻ പോരാട്ടത്തിൽ തങ്ങൾ ആക്രമണ ഫുട്ബോൾ (Front foot) ശൈലിയായിരിക്കും പുറത്തെടുക്കുകയെന്ന് സ്പെയിൻ കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ വ്യക്തമാക്കി. പന്ത് കൈവശം വെച്ചുള്ള (Possession-based) തങ്ങളുടെ പതിവ് ശൈലി ഫ്രാൻസിനുമേൽ അടിച്ചേൽപ്പിക്കാനായിരിക്കും സ്പെയിൻ ശ്രമിക്കുക.

ALSO READ: ഫ്രാന്‍സ്-സ്‌പെയിന്‍ പോരാട്ടത്തേക്കാള്‍ ഇരട്ടി വില; അര്‍ജന്റീന-ഇംഗ്ലണ്ട് സെമി ടിക്കറ്റ് നിരക്കില്‍ വന്‍ കുതിപ്പ്

ഈ ലോകകപ്പിൽ ഫ്രാൻസിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് എങ്കിലും കഴിഞ്ഞ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഫ്രാൻസിനെ തോൽപ്പിക്കാൻ കഴിഞ്ഞത് സ്പെയിനിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. ടെക്സാസിലെ എടി ആൻഡ് ടി (AT&T) സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ആവേശപ്പോരാട്ടം നടക്കുന്നത്.

“ഞങ്ങൾ ഫ്രാൻസിനെക്കുറിച്ച് കൃത്യമായി വിശകലനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഞങ്ങൾ പരസ്പരം കളിക്കുന്നതാണ്. അവർക്ക് മികച്ച കളിക്കാരുണ്ട്, അതുപോലെ ഞങ്ങൾക്കുമുണ്ട്. കളിയിൽ കൃത്യമായ ബാലൻസ് നിലനിർത്തുന്ന ടീമിനായിരിക്കും വിജയം,” കോച്ച് പറഞ്ഞു. കഴിഞ്ഞ വർഷം സ്റ്റുഗർട്ടിൽ നടന്ന യുറോ നേഷൻസ് ലീഗ് സെമിയിൽ സ്പെയിൻ ഫ്രാൻസിനെ 5-4 ന് തോൽപ്പിച്ചിരുന്നു. അന്ന് 5-1 ന് മുന്നിലായിരുന്ന സ്പെയിനിനെതിരെ അവസാന നിമിഷങ്ങളിൽ നാല് ഗോളുകൾ തിരിച്ചടിച്ച് ഫ്രാൻസ് ഞെട്ടിച്ചിരുന്നു. എന്നാൽ ആ മത്സരവുമായി ഇതിന് യാതൊരു സാമ്യവുമില്ലെന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഫ്രഞ്ച് പട കൂടുതൽ കരുത്തരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, മൈക്കൽ ഒലിസെ, ഉസ്മാൻ ഡെംബെലെ എന്നിവരടങ്ങുന്ന ആക്രമണനിരയെ പൂട്ടാൻ തന്നെയാണ് സ്പെയിനിന്റെ തീരുമാനം.

France vs Spain semi final, Lamine Yamal comment