11
Jul 2026
Sat
11 Jul 2026 Sat
MESSI PENALTY MURDER

ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബംഗ്ലാദേശിലെ കൊമില്ലയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ അടിയേറ്റു മരിച്ചു. നില്‍ഫാമരി സ്വദേശിയായ മുഹമ്മദ് ഷാരിഫുല്‍ ഇസ്ലാം (38) ആണ് കൊല്ലപ്പെട്ടത്. ഫിഫ ലോകകപ്പിലെ അര്‍ജന്റീന-ഈജിപ്ത് മത്സരം ടെലിവിഷനില്‍ കാണുന്നതിനിടയില്‍ പ്രാദേശിക യുവാക്കളുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തര്‍ക്കത്തിന് കാരണം മെസ്സിയുടെ പെനാല്‍റ്റി മിസ്സ്

ചൊവ്വാഴ്ച അര്‍ദ്ധരാത്രി 12 മണിയോടെ ആദര്‍ശ സദര്‍ ഉപസിലയിലെ ധന്‍പൂരിലുള്ള ഒരു ചായക്കടയിലാണ് സംഭവം നടക്കുന്നത്. കളി നടന്നുകൊണ്ടിരിക്കെ അര്‍ജന്റീന താരം ലയണല്‍ മെസ്സി ഒരു പെനാല്‍റ്റി പാഴാക്കിയിരുന്നു. ഈ സമയം, അര്‍ജന്റീന ആരാധകനായ ഒരു യുവാവിനോട് ‘നിന്റെ അപ്പന് ഗോള്‍ അടിക്കാന്‍ പറ്റിയില്ലല്ലോ’ എന്ന് ഷാരിഫുല്‍ പറഞ്ഞു. ഇതാണ് തര്‍ക്കത്തിന് കാരണമായതെന്ന് ഒപ്പമുണ്ടായിരുന്ന ദൃക്സാക്ഷി പറയുന്നു.

ഷാരിഫുല്‍ പ്രധാനമായും ബ്രസീല്‍ ആരാധകനായിരുന്നുവെങ്കിലും അന്നത്തെ മത്സരത്തില്‍ ഈജിപ്തിനെയാണ് പിന്തുണച്ചിരുന്നത്. കളി കണ്ടുകൊണ്ടിരുന്ന അര്‍ജന്റീന ആരാധകരായ പ്രാദേശിക യുവാക്കള്‍ ചേര്‍ന്ന് ഷാരിഫുലിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് വീണ്ടും മര്‍ദ്ദിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാരിഫുലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അനാഥമായി ഒരു കുടുംബം

ഏകദേശം എട്ട് മാസം മുന്‍പാണ് ജോലി തേടി ഷാരിഫുല്‍ ഭാര്യ ബ്യൂട്ടി ബാനുവിനെയും രണ്ട് പെണ്‍മക്കളെയും കൂട്ടി കൊമില്ലയിലേക്ക് താമസം മാറിയത്. വാടക വീട്ടില്‍ താമസിച്ച് ബാറ്ററി റിക്ഷ ഓടിച്ചായിരുന്നു ഇയാള്‍ കുടുംബം പുലര്‍ത്തിയിരുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷാരിഫുല്‍.

‘ഒരു ഫുട്‌ബോള്‍ കളിയുടെ പേരില്‍ എങ്ങനെയാണ് മനുഷ്യര്‍ക്ക് ഒരാളെ കൊല്ലാന്‍ കഴിയുക? എന്റെ രണ്ട് പെണ്‍മക്കള്‍ ഇപ്പോള്‍ അനാഥരായി. ഭര്‍ത്താവിനെ കൊന്നവര്‍ക്ക് കഠിനമായ ശിക്ഷ തന്നെ നല്‍കണം. പാവപ്പെട്ടവളായ ഞാന്‍ ഇനി എങ്ങനെ ഈ മക്കളെ വളര്‍ത്തും? എന്റെ കുടുംബം തകര്‍ന്നു,’ ഷാരിഫുലിന്റെ ഭാര്യ ബ്യൂട്ടി ബാനു കണ്ണീരോടെ പറഞ്ഞു. ഷാരിഫുലിന്റെ ആറിലും അഞ്ചിലും പഠിക്കുന്ന മക്കളെ കൊമില്ലയിലെ സ്‌കൂളില്‍ ചേര്‍ക്കാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്.

പ്രതികള്‍ ഒളിവില്‍

സംഭവത്തിന് ശേഷം ചായക്കടയുടമയും മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ യുവാക്കളും ഒളിവില്‍ പോയിരിക്കുകയാണ്. പണം നല്‍കി കേസ് ഒതുക്കിതീര്‍ക്കാന്‍ പ്രതികളുടെ കുടുംബാംഗങ്ങള്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പോലീസ് അറിയിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് കൊമില്ല കോട്വാലി മോഡല്‍ പോലീസ് വ്യക്തമാക്കി.

Man killed after argument over Messi’s missed penalty