16
Jul 2026
Thu
16 Jul 2026 Thu
Youtuber Thoppi

സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പോലീസ് നടപടി. തൊപ്പിയുടെ പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു. മൊഴിയെടുപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും തൊപ്പിയുടെ സുഹൃത്തുക്കളും ഹാജരായിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നതടക്കം ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങിയത്. തൊപ്പിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചായിരുന്നു പൊലീസ് നടപടി. കേസില്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് എറണാകുളം റൂറല്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. അതേസമയം ചെയ്തത് ഗൗരവ സ്വഭാവമുള്ള കുറ്റമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ തൊപ്പിയുടെ യൂട്യൂബ് ചാനല്‍ പൊലീസ് പൂട്ടിച്ചിരുന്നു.

തൊപ്പിയും ഗ്യാങ്ങും തെറ്റിപ്പിരിഞ്ഞതിനുശേഷം ഇവര്‍ താമസിക്കുന്ന സ്ഥലത്തുള്ള ലഹരി ഉപയോഗവും അശ്ലീല പദപ്രയോഗങ്ങളും പോക്സോ കേസ് ചുമത്താവുന്ന കുറ്റകൃത്യങ്ങള്‍ വരെ പരസ്പരം വിളിച്ചു പറഞ്ഞിരുന്നു. ഇതോടെ നിരവധിപേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. കളമശ്ശേരി പൊലീസും തൊപ്പിക്കെതിരെ അന്വേഷണം നടത്തിവരികയാണ്.

സ്ത്രീകളെ നിരന്തരം അധിക്ഷേപിക്കുന്നു

വിവാദ യുട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലും കൂട്ടാളികളും സ്ത്രീകളെ ആവര്‍ത്തിച്ച് അധിക്ഷേപിക്കുന്നവരാണെന്ന് പൊലീസ് കോടതിയില്‍. തൊപ്പിയുടെയും കൂട്ടാളികളുടെയും ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പൊലീസ് കോടതിയില്‍ ഈ വാദങ്ങള്‍ ഉന്നയിച്ചത്.

സ്ത്രീകളുടെ അന്തസ്സിനെ കെടുത്തുന്ന രീതിയില്‍ പ്രതികള്‍ ലൈംഗികച്ചുവയോടെ നിരന്തരം സംസാരിച്ചിരുന്നുവെന്നും, ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിനും പൊതുജനത്തിനും നിയമവ്യവസ്ഥയോടുള്ള വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

പ്രതികള്‍ കുട്ടികളെ അടക്കമുള്ള കൗമാരക്കാരെ വഴിതെറ്റിക്കണമെന്ന കൃത്യമായ ഉദ്ദേശ്യത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പ്രതികള്‍ രാജ്യം വിട്ടുപോകാന്‍ വലിയ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.

തൊപ്പിയുടെ കൂട്ടുപ്രതിയായ മമ്മുവിന്റെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. നേരത്തെ, സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്ന കേസില്‍ കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിയായ മുഹമ്മദ് നിഹാലിന്റെ (തൊപ്പി) യുട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു. ആലുവ റൂറല്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു യുട്യൂബിന്റെ ഈ നടപടി.

അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് നിഹാലിനെതിരെ കേസ് എടുത്തത്. ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, അശ്ലീല പ്രചാരണം, പോക്‌സോ, ലൈംഗിക ചൂഷണം തുടങ്ങിയ അതീവ ഗുരുതരമായ ആരോപണങ്ങളാണ് തൊപ്പിക്കെതിരെയുള്ള പരാതിയിലുള്ളത്.

ഇതില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ, സോഷ്യല്‍ മീഡിയയിലെ തത്സമയ സംപ്രേഷണത്തിനിടെ (Live Video) യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ തൊപ്പിയുടെ കൂട്ടാളിയും കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയുമായ കെ. മുഹമ്മദിനെ (മമ്മു) മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശിനിയായ 22-കാരി നല്‍കിയ പരാതിയിലാണ് മമ്മുവിനെതിരെ പൊലീസ് നടപടിയെടുത്തത്.