രാമക്ഷേത്ര ഫണ്ട് തട്ടിപ്പില്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയിലാണ് ബിജെപി കേന്ദ്ര നേതൃത്വം. അതേസമയം, സംസ്ഥാന ബിജെപിയെ നാണം കെടുത്തിയിരിക്കുന്നത് തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പാണ്. സംസ്ഥാന നേതാക്കള്‍ക്ക് ഉള്‍പ്പെടെ പങ്കുള്ള തിരിമറി ഒതുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
|
അതിനിടെ, കൊടിതോരണങ്ങള്‍ വഴിവിട്ട് തയ്യാറാക്കിയതിന് ബിജെപി നേതാവിന് കമ്മീഷന് കൊടുത്തതായി കമ്പനി പ്രതിനിധി പറയുന്ന പുതിയ ശബ്ദരേഖ പുറത്തുവന്നത് നേതൃത്വത്തെ വെട്ടിലാക്കി. വിവിധ ജില്ലകളില്‍ വ്യാപകമായി ഫണ്ട് വെട്ടിച്ചിട്ടും പാര്‍ട്ടി നേതൃത്വം എല്ലാം മൂടിവെക്കുന്നുവെന്നാണ് എതിര്‍ചേരിയുടെ ആക്ഷേപം. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ വിദേശത്ത് നിന്നെത്തിയ ശേഷം ഫണ്ട് തട്ടിച്ചവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് നേതൃത്വത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഫ്രീയായി കിട്ടിയ കൊടികള്‍ മറിച്ചുവിറ്റു
കേന്ദ്രം ഫ്രീയായി നല്കിയ കൊടി, തോരണങ്ങള്‍ വന്‍ തുകക്ക് താഴേ തട്ടിലേക്ക് മറിച്ചുവിറ്റു, ഇഷ്ടമുള്ള സ്വകാര്യകമ്പനികളില്‍ നിന്ന് തുക കൂട്ടി കൊടിയടിച്ച് തയ്യാറാക്കി കമ്മീഷന് കൈപ്പറ്റി, തലസ്ഥാനത്തെ വന്‍കിട ഹോട്ടലില്‍ വിഐപികള്‍ക്ക് താമസിക്കാനെന്ന പേരില്‍ കൂട്ടത്തോടെ മുറി ബുക്ക് ചെയ്ത് ഫണ്ട് തട്ടി എന്നടക്കം ഇതുവരെ പുറത്തുവന്നുകൊണ്ടിരുക്കുന്നത് കോടികളുടെ തിരിമറിയാണ്. ഇതിനിടെയാണ് കൊടിയടിച്ചതില്‍ കമ്മീഷന് നല്കിയ ഒരു കമ്പനി പ്രതിനിധിയുടെ ഓഡിയോ പുറത്തുവരുന്നത്.
ALSO READ: യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ: അൽഹിന്ദിന് നൽകിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി
കൊടി തയ്യാറാക്കിയതിന്റെ മുഴുവന്‍ തുകയും പാര്‍ട്ടി നല്‍കും മുമ്പ് 31 ലക്ഷം പാര്‍ട്ടിനേതാവിന് നല്‍കിയെന്നാണ് ശബ്ദരേഖ. ധാരണപ്രകാരം കിട്ടാനുള്ള 4.65 ലക്ഷം രൂപ ലഭിക്കാന്‍ വിളിക്കുമ്പോള്‍ ആരും ഫോണ്‍ എടുക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നു. കരമനയിലെ റോഡ് ഷോക്കിടെ പ്രധാനമന്ത്രിയുടെ ഫ്ലെക്സ് വെച്ചതില്‍ കമ്മീഷന് അടിച്ച രീതി സൂചിപ്പിച്ചുള്ള മറ്റൊരു ശബ്ദരേഖയും പുറത്തുവന്നിരുന്നു.
പാര്‍ട്ടി നിയോഗിച്ച ഓഡിറ്റര്‍ തന്നെയാണ് ആദ്യം തിരിമറി കണ്ടെത്തി ദേശീയനേതൃത്വത്തെ അറിയിച്ചത്. പിന്നാലെ ഉത്തരവാദികളായ സംസ്ഥാന സെക്രട്ടറിയെയും തിരുവനന്തപുരത്തെ രണ്ട് നേതാക്കളെയും ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തി. ഇക്കാര്യം പക്ഷേ നേതൃത്വം ഔദ്യോഗികമായി പുറത്തുവിട്ടില്ല. ഇതിന് പിന്നാലെയാണ് വ്യാപകതട്ടിപ്പിന്റെ വിവരങ്ങള്‍ കൂടുതലായി പുറത്തുവരുന്നത്.
നേതൃത്വം എല്ലാം മൂടിവെക്കുന്നുവെന്നാണ് മുരളീധര പക്ഷത്തിന്റെ ആക്ഷേപം. പക്ഷേ പുറത്ത് ഇക്കാര്യങ്ങള്‍ പറയാന്‍ ആരും തയ്യാറല്ല. കോര്‍കമ്മിറ്റി ചേരുമ്പോള്‍ ശക്തമായി ഉന്നയിക്കാനാണ് നീക്കം. അതേ സമയം വിദേശത്തുള്ള സംസ്ഥാന പ്രസിഡണ്ട് തിരിച്ചെത്തുന്നത് 18നാണ്. അതിന് ശേഷം ശക്തമായ നടപടി ഉണ്ടാകുമെന്നാണ് ഔദ്യോഗിക വിഭാഗം വിശദീകരിക്കുന്നത്.
മൂന്ന് സീറ്റ് നേടിയ നേട്ടങ്ങളുടെ ശോഭ കെടുത്തും വിധമുള്ള ഫണ്ട് വിവാദത്തില്‍ കേന്ദ്രനേതൃത്വത്തിനും ആര്‍എസ്എസിനും കടുത്ത അതൃപ്തിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നേരിട്ട പങ്കുള്ളതായി ആരോപണമുയര്‍ന്ന കുഴല്‍പ്പണ വിവാദം ഒരു വിധം ഒതുങ്ങി വരവേയാണ് പുതിയ വിവാദം.
Kerala BJP election fund corruption new audio clip emerged



