അടൂര്‍ കോട്ടമുകളിലെ വീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ ആണ്‍സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു. അടൂര്‍ കണ്ണങ്കോട് കോട്ടമുകള്‍ ഷിനാസ് മന്‍സിലില്‍ ഷെഹാന(31)യെയാണ് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ വീട്ടിലെ സ്റ്റെയര്‍കെയ്‌സിന്റെ കൈവരിയില്‍ കാല്‍മുട്ടുകള്‍ നിലത്തുതട്ടിയ മരിച്ച നിലയില്‍ കണ്ടെത്തിയത്.
|
ഈ സമയം യുവതിയുടെ വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആണ്‍സുഹൃത്ത് അരുണിനെയാണ് പോലീസ് ചോദ്യംചെയ്യുന്നത്. പിടിയിലാവുമ്പോള്‍ ഇയാളുടെ ദേഹത്ത് മുറിവുകളും വസ്ത്രത്തില്‍ രക്തവും പറ്റിയിരുന്നു. ഷെഹാനയുടെ ദേഹത്തും മുറിവുകളുണ്ടായിരുന്നു.
സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ നിന്ന് വലിയ രീതിയിലുള്ള ബഹളം കേട്ടിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ബഹളം കേട്ട് സംശയം തോന്നിയ നാട്ടുകാര്‍ നഗരസഭാ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു.
കൗണ്‍സിലറെത്തി കതക് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് വീട്ടിലുണ്ടായിരുന്ന ആണ്‍സുഹൃത്ത് വാതില്‍ തുറന്നത്. തുടര്‍ന്ന് അകത്തു കയറി നോക്കിയപ്പോഴാണ് ഷെഹാനയെ സ്റ്റെയര്‍കെയ്‌സില്‍ മരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ നിലത്തും കോണിപ്പടികളിലും രക്തപ്പാടുകള്‍ ഉണ്ടായിരുന്നുവെന്ന് ഈ സമയം ഇവിടെയെത്തിയ അയല്‍വാസികള്‍ പറയുന്നു.
വിവാഹിതയായ ഷെഹാനയ്ക്ക് ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. കുറച്ചുകാലമായി ഇവര്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇതിനിടെയാണ് അരുണ്‍ യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. സംഭവത്തില്‍ അടൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ:സൊയൂസ് എം എസ് 29 വിക്ഷേപിച്ചു; ബഹിരാകാശ സഞ്ചാരിയാകുന്ന ആദ്യ മലയാളിയാവാന്‍ അനില്‍ മേനോന്‍




