16
Jul 2026
Thu
16 Jul 2026 Thu
muslim men stabbed in utah

വാഷിംഗ്ടണ്‍: അമേരിക്കയിലെ യുട്ടാ (Utah) സംസ്ഥാനത്തുള്ള ഷോപ്പിംഗ് മാളില്‍ ഇന്ത്യക്കാരനായ തൊഴിലാളിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 48-കാരന്‍ അറസ്റ്റിലായി. ഇരയുടെ മതം നോക്കിയാണ് താന്‍ ആക്രമണം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെസ്റ്റ് വാലി സിറ്റിയിലെ ‘വാലി ഫെയര്‍ മാളില്‍’ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ദാരുണമായ സംഭവം നടന്നത്. ശരീരമാസകലം ഗുരുതരമായി കുത്തേറ്റ ഇര നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളെ 15 തവണയോളം പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചതായും ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയതായും ബന്ധുക്കള്‍ അറിയിച്ചു.

മതം ചോദിച്ചറിഞ്ഞ ശേഷം ക്രൂരമായ ആക്രമണം

വെസ്റ്റ് വാലി സിറ്റിയിലെ ഒരു കിയോസ്‌കില്‍ (Kiosk) ജോലി ചെയ്യുകയായിരുന്ന യുവാവിനെ പ്രതിയായ പീറ്റര്‍ മൈക്കല്‍ ലാര്‍സന്‍ (48) സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പേര് ചോദിച്ചറിയുകയും മതം മുസ്ലിം ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. യുവാവ് വെള്ളമെടുക്കാന്‍ തിരിഞ്ഞ നിമിഷം ലാര്‍സന്‍ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ക്രൂരമായി കുത്തുകയായിരുന്നുവെന്ന് യുട്ടാ ഇസ്ലാമിക് സെന്റര്‍ ഇമാം ഷുഐബ് ദിന്‍ വ്യക്തമാക്കി.

മാളിലെ മറ്റ് ജീവനക്കാരും പൊതുജനങ്ങളും ചേര്‍ന്നാണ് പ്രതിയെ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ചത്. ജനങ്ങള്‍ കീഴടക്കുന്നതിനിടയില്‍ പരിക്കേറ്റ പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വധശ്രമം, നിരോധിത മാരകായുധം കൈവശം വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇയാളെ സാള്‍ട്ട് ലേക്ക് കൗണ്ടി ജയിലിലേക്ക് മാറ്റി.

‘മുസ്ലിംകളെ കൊന്നൊടുക്കുകയായിരുന്നു ലക്ഷ്യം’

കൂടുതല്‍ മുസ്ലിംകളെ കൊന്നൊടുക്കാന്‍ തനിക്ക് പദ്ധതിയുണ്ടായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

‘മുസ്ലിംകളെ കൊന്നൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കടുത്ത വിദ്വേഷ പ്രത്യയശാസ്ത്രങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഇയാള്‍, മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൂട്ടക്കൊലകള്‍ നടപ്പാക്കാന്‍ മടിക്കാത്ത വ്യക്തിയാണ്. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ പൊതുജനങ്ങള്‍ക്ക് അത് വലിയ ഭീഷണിയാകും.’ എന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

യുഎസില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാംഭീതി

കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് (CAIR) ഉള്‍പ്പെടെയുള്ള പ്രമുഖ മുസ്ലിം മനുഷ്യാവകാശ സംഘടനകള്‍ ഈ വിദ്വേഷ ആക്രമണത്തെ ശക്തമായി അപലപിച്ചു.

അമേരിക്കയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇസ്ലാംഭീതിയും വിദ്വേഷ ആക്രമണങ്ങളും വര്‍ദ്ധിച്ചുവരികയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. കുടിയേറ്റ വിരുദ്ധ നയങ്ങള്‍, വെളുത്ത വര്‍ഗ്ഗ മേധാവിത്വ ചിന്താഗതികള്‍, സമീപകാലത്തെ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ എന്നിവയാണ് ഇതിന് ആക്കം കൂട്ടുന്നത്. 2023-ല്‍ ഇല്ലിനോയിസില്‍ ആറുവയസ്സുകാരനായ മുസ്ലിം ബാലനെ കുത്തിക്കൊലപ്പെടുത്തിയതും, ഈ വര്‍ഷം (2026) സാന്‍ ഡിയാഗോയിലെ പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതുമുള്‍പ്പെടെയുള്ള മുന്‍കാല സംഭവങ്ങള്‍ യുഎസിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

US: Indian worker stabbed 15 times after asking him if he was Muslim