തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്കിലെ (Bankok) ബാറിലുണ്ടായ വന്‍ തീപിടിത്തത്തില്‍ (Massive Fire) 27 പേര് കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ബാറിന്റെ പ്രവേശന കവാടത്തിലേക്ക് തീ പടര്‍ന്നതോടെ ജനങ്ങള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും കെട്ടിടത്തിനുള്ളില്‍ കനത്ത പുക പടരുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
|
വടക്കന്‍ ബാങ്കോക്കിലെ ‘നാ ലാഡ്പ്രാവോ’ (Na Ladprao) പബ്ബിലാണ് തീപിടിത്തമുണ്ടായതെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ അരമണിക്കൂറോളം കഠിനശ്രമം നടത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മരണകാരണം കനത്ത പുക ശ്വസിച്ചതെന്ന് നിഗമനം
തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് ഉള്‍പ്പെടെ തീ അതിവേഗം പടരുകയായിരുന്നുവെന്ന് ബാങ്കോക്ക് ഗവര്‍ണര്‍ ചഡ്ചാര്ട്ട് സിത്തിപന്ത് മാധ്യമങ്ങളോട് പറഞ്ഞു. പുക ശ്വസിച്ചതാണ് ഭൂരിഭാഗം പേരുടെയും മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ 27 പേര് മരിക്കുകയും 63 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 22 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടസമയത്ത് എത്രപേര്‍ ബാറിനുള്ളില്‍ ഉണ്ടായിരുന്നുവെന്ന് കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. പബ്ബിന്റെ എമര്‍ജന്‍സി എക്സിറ്റിന് (ഫയര്‍ എക്സിറ്റ്) സമീപത്ത് നിന്നും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വഴിയില്‍ തടസ്സങ്ങള്‍ ഉണ്ടായിരുന്നതാണ് ആളുകള്‍ക്ക് വേഗത്തില്‍ പുറത്തുകടക്കാന്‍ കഴിയാതിരുന്നതിന് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്റ്റേജിന് സമീപത്തുനിന്ന് പൊട്ടിത്തെറി
തായ്ലന്ഡ് പ്രധാനമന്ത്രി അനുതിന്‍ ചാര്‍ണ്‍വിരാകുല്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, വൈദ്യുതി തടസ്സപ്പെടുന്നതിന് തൊട്ടുമുമ്പ് സ്റ്റേജിന് സമീപമുള്ള സര്‍ക്യൂട്ട് ബ്രേക്കറില്‍ നിന്ന് പുക ഉയരുന്നത് കണ്ടതായി പബ്ബില്‍ പരിപാടി അവതരിപ്പിച്ചിരുന്ന ഒരു സംഗീതജ്ഞന് പ്രധാനമന്ത്രിയോട് പറഞ്ഞു. തൊട്ടുപിന്നാലെ വലിയൊരു പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയും കെട്ടിടത്തിനുള്ളില്‍ കനത്ത പുക നിറയുകയുമായിരുന്നു. പബ്ബിന്റെ പിന്‍ഭാഗത്തുള്ള വിശ്രമമുറികളില്‍ നിന്നാണ് പലരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് അനുതിന്‍ കൂട്ടിച്ചേര്‍ത്തു.
വൈദ്യുതി നിലച്ചതോടെ ബാറിനുള്ളില്‍ പൂര്‍ണ്ണമായും ഇരുട്ട് പടര്‍ന്നതാണ് ആളുകള്‍ക്ക് പുറത്തേക്കുള്ള വഴി കണ്ടെത്താന്‍ തടസ്സമായതെന്ന് ഇവിടെ പരിപാടി അവതരിപ്പിക്കേണ്ടിയിരുന്ന മറ്റൊരു ബാന്‍ഡിലെ ഗായിക സുകന്യ വോങ്വോങ്വായി പറഞ്ഞു. അപകടത്തില്‍ ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരു സംഗീതജ്ഞന് കൊല്ലപ്പെടുകയും മൂന്ന് പേര് ആശുപത്രിയിലാവുകയും ചെയ്തിട്ടുണ്ട്. ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സുരക്ഷാ വീഴ്ചകള്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നും തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നും കണ്ടെത്താന്‍ അധികൃതര്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.
Massive Fire At Bangkok Bar; 22 killed





