18
Jul 2026
Sat
18 Jul 2026 Sat
anweer Ahmed The World Trade Centre metro signage

ഇതാണ് ദുബായ്, ഏതൊരു സാധാരണക്കാരന്റെയും ചെറിയ പരാതിക്ക് പോലും ചെവികൊടുക്കുന്ന ഭരണകൂടം. ദുബായിലെ ഏറ്റവും തിരക്കേറിയ റോഡിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ ദിവസവും കടന്നുപോകാറുണ്ട്. എന്നാല്‍, ആരും ശ്രദ്ധിക്കാത്ത ഒരു ചെറിയ കാര്യത്തിന് ചെറിയ ഇടപെടലിലൂടെ മാറ്റം വരുത്തുകയും കൈയടി നേടിയിരിക്കുകയും ചെയ്തിരിക്കുകയാണ് ഒരു മലയാളി യുവാവ്. ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ മെട്രോ സ്റ്റേഷനിലെ അഴുക്കുപിടിച്ച സൈന്‍ബോര്‍ഡ് വൃത്തിയാക്കാന്‍ അധികൃതര്‍ക്ക് മെസ്സേജ് അയച്ച തൃക്കരിപ്പൂര്‍ സ്വദേശിയായ തന്‍വീര്‍ അഹമ്മദിനെ (25) തേടിയെത്തിയത് യുഎഇ ഭരണകൂടത്തിന്റെ വലിയ ആദരവാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാബിനറ്റ് കാര്യ മന്ത്രിയും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ ഓഫീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മുഹമ്മദ് അബ്ദുള്ള അല്‍ ഗര്‍ഗാവി, ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (RTA) ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മത്താര്‍ മുഹമ്മദ് അല്‍ തായര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തന്‍വീറിന് ആദരപത്രം സമ്മാനിച്ചു.

ഒരു സാധാരണ യാത്രക്കാരന്റെ നിരീക്ഷണം

report to rta

കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുബായില്‍ മള്‍ട്ടിമീഡിയ ഡിസൈനറായി ജോലി ചെയ്യുകയാണ് തന്‍വീര്‍. ജൂണ്‍ 2ന് അബു ഹൈലിലെ വീട്ടില്‍ നിന്നും അല്‍ ഖൂസിലെ ഓഫീസിലേക്ക് കമ്പനി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ മെട്രോ സ്റ്റേഷനിലെ സൈന്‍ബോര്‍ഡ് കടുത്ത വേനല്‍ച്ചൂടും പൊടിയും കാരണം അഴുക്കുപിടിച്ച് കിടക്കുന്നത് തന്‍വീറിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മനസ്സിലാക്കിയ തന്‍വീര്‍, ഉടന്‍ തന്നെ ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി ദുബായ് ആര്‍ടിഎയ്ക്ക് (RTA) ഇന്‍സ്റ്റാഗ്രാമിലൂടെ സന്ദേശമയച്ചു.

2 മണിക്കൂറിനുള്ളില്‍ മറുപടി, 24 മണിക്കൂറിനുള്ളില്‍ മാറ്റം!

wolrd trade center new board

സന്ദേശം അയച്ച് രണ്ട് മണിക്കൂര്‍ തികയുന്നതിന് മുന്‍പ് തന്നെ ആര്‍ടിഎയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും തന്‍വീറിന് നന്ദി അറിയിച്ചുകൊണ്ടുള്ള മറുപടി എത്തി. അതിലും അത്ഭുതപ്പെടുത്തിയത് അടുത്ത ദിവസത്തെ കാഴ്ചയായിരുന്നു. പിറ്റേന്ന് രാവിലെ അതേ വഴിയിലൂടെ യാത്ര ചെയ്യുമ്പോള്‍ പഴയ അഴുക്കുപിടിച്ച ബോര്‍ഡിന് പകരം തിളങ്ങി നില്‍ക്കുന്ന പുത്തന്‍ സൈന്‍ബോര്‍ഡാണ് തന്‍വീര്‍ കണ്ടത്.

അധികൃതരുടെ ഈ അതിവേഗ നടപടിയില്‍ സന്തുഷ്ടനായ തന്‍വീര്‍, തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ജൂണ്‍ 11-ന് ഇന്‍സ്റ്റാഗ്രാമില്‍ ഒരു റീല്‍ (Reel) പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കകം വൈറലായ ഈ വീഡിയോയ്ക്ക് 6.7 ദശലക്ഷത്തിലധികം (67 ലക്ഷം) വ്യൂസും നാലര ലക്ഷത്തിലധികം ലൈക്കുകളുമാണ് ലഭിച്ചത്. ദുബായിലെ മികച്ച ജീവിതനിലവാരത്തെയും ഭരണകൂടത്തിന്റെ കൃത്യതയെയും പ്രശംസിച്ച് നിരവധി പ്രവാസികളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.

അധികൃതരുടെ ആദരവ്

Screenshot from Dubai Civility Committee's video

വീഡിയോ വൈറലായതിന് പിന്നാലെ ദുബായ് സിവിലിറ്റി കമ്മിറ്റി തന്‍വീറിനെ ബന്ധപ്പെടുകയും പൊതുസമൂഹത്തിന് മാതൃകയായ ഈ പ്രവര്‍ത്തനത്തിന് വലിയ രീതിയിലുള്ള അംഗീകാരം നല്‍കുകയുമായിരുന്നു. ‘നഗരത്തിലെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുകയും ഈ നഗരത്തെ നെഞ്ചേറ്റുകയും ചെയ്യുന്ന പ്രവാസികളെയോര്‍ത്ത് ഞങ്ങള്‍ എപ്പോഴും അഭിമാനിക്കുന്നു,’ എന്ന് അവാര്‍ഡ് കൈമാറിക്കൊണ്ട് മുഹമ്മദ് അബ്ദുള്ള അല്‍ ഗര്‍ഗാവി പറഞ്ഞു.

പൊതുജനങ്ങളുടെ പരാതികളോട് ദുബായ് അധികൃതര്‍ എത്രത്തോളം വേഗത്തില്‍ പ്രതികരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. റോഡിലെ കുഴികള്‍, കേടുവന്ന ട്രാഫിക് സിഗ്‌നലുകള്‍, ബസ് ഷെല്‍ട്ടറുകള്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് ആര്‍ടിഎയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറായ +971 58 800 9090 വഴി ചിത്രം സഹിതം നേരിട്ട് പരാതിപ്പെടാനുള്ള സംവിധാനവും ദുബായില്‍ നിലവിലുണ്ട്. പ്രവാസികളെയും തദ്ദേശവാസികളെയും ഒരുപോലെ ചേര്‍ത്തുവെക്കുന്ന യുഎഇയുടെ നയത്തിന് ലഭിച്ച മറ്റൊരു തെളിവായി മാറിയിരിക്കുകയാണ് തന്‍വീറിന്റെ ഈ അനുഭവം.