18
Jul 2026
Sat
18 Jul 2026 Sat
Sonam Wangchuk

നീറ്റ് (NEET) പരീക്ഷാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ നിരാഹാര സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി. നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്ന ശനിയാഴ്ച പുലര്‍ച്ചെയാണ് നാടകീയ നീക്കങ്ങളിലൂടെ പോലീസ് അദ്ദേഹത്തെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇത് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമരവേദിയില്‍ വച്ച് സോനം വാങ്ചുകിനെ ഒരു സംഘം ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് അഭിജിത്ത് ദീപകെ ആരോപിച്ചു. സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം ജന്തര്‍ മന്ദറില്‍ എത്തിയിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെയും വാങ്ചുക്കിന്റെ ആരോഗ്യം വഷളാകുന്നു എന്ന മെഡിക്കല്‍ വിദഗ്ദ്ധരുടെ നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. നിലവില്‍ അദ്ദേഹം ബോധാവസ്ഥയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പുലര്‍ച്ചെയുണ്ടായ പോലീസ് നടപടി

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് എത്തിയപ്പോള്‍ സമരപ്പന്തലില്‍ നേരിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധക്കാര്‍ പോലീസിനെ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് പരമാവധി സംയമനെ പാലിച്ചാണ് അദ്ദേഹത്തെ സുരക്ഷിതമായി മാറ്റിയതെന്ന് ഡല്‍ഹി പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. ജന്തര്‍ മന്തറിലെ സമരപ്പന്തല്‍ സമാധാനപരമായി ഒഴിഞ്ഞുതരണമെന്നും പോലീസ് പ്രതിഷേധക്കാരോട് അഭ്യര്‍ത്ഥിച്ചു.

ALSO READ: ദുബായില്‍ മലയാളി യുവാവിന് കൈയടി; റോഡിലെ അഴുക്കുപിടിച്ച ബോര്‍ഡ് വൃത്തിയാക്കാന്‍ മെസ്സേജ് അയച്ചു; 24 മണിക്കൂറിനുള്ളില്‍ നടപടി; ആര്‍ടിഎ മേധാവിയില്‍ നിന്നും ആദരവ്!

സോനം വാങ്ചുക്കിന്റെ ജീവന്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് രണ്ട് ദിവസം മുന്‍പ് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ‘ഏതൊരു പൗരന്റെയും ജീവന്‍ വിലപ്പെട്ടതാണ്’ എന്ന് നിരീക്ഷിച്ച കോടതി, അദ്ദേഹത്തിന്റെ ആരോഗ്യം ദിവസേന പരിശോധിക്കാനും ആവശ്യമെങ്കില്‍ അടിയന്തിര വൈദ്യസഹായം നല്‍കാനും ഉത്തരവിട്ടിരുന്നു. 8 കിലോയിലധികം ശരീരഭാരം കുറഞ്ഞ വാങ്ചുക്കിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകാന്‍ സാധ്യതയുണ്ടെന്ന് വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര, സമാജ്വാദി പാര്‍ട്ടി എം.പി ഡിംപിള്‍ യാദവ്, ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ ജന്തര്‍ മന്തറിലെത്തി സോനം വാങ്ചുക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ആരോഗ്യം വഷളാകുന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ALSO READ: ഇ-റിക്ഷയില്‍ കൊണ്ടുപോയിരുന്ന ഇരുമ്പ് കമ്പി കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തുളച്ചുകയറി; ഡ്രൈവര്‍ മരിച്ചു; യാത്രക്കാരി ഗുരുതരാവസ്ഥയില്‍

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20-ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതില്‍ പങ്കുചേരാന്‍ രാഷ്ട്രീയ പാര്‍ട്ടികളോടും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധം

ഇന്ത്യയിലെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (CJP) എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ജന്തര്‍ മന്തറില്‍ ഈ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. കൂട്ടായ്മയുടെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. നീറ്റ് പരീക്ഷാ ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെയ്ക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

എന്നാല്‍, ഈ പ്രതിഷേധക്കാരെ രാജ്യത്തിന്റെ പുരോഗതിയില്‍ വിശ്വാസമില്ലാത്ത വിഘടനവാദികളുടെ ‘ബി-ടീം’ എന്ന് വിളിച്ച് ധര്‍മ്മേന്ദ്ര പ്രധാന്‍ മുന്‍പ് തള്ളിക്കളഞ്ഞിരുന്നു.

Sonam Wangchuk Removed From Protest Site