ഗുരുഗ്രാം: ദ്വാരക എക്‌സ്പ്രസ് വേയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ക്യാബ് ഡ്രൈവര്‍ കൊല്ലപ്പെട്ടു. അമിതഭാരം കയറ്റിവന്ന ഇ-റിക്ഷയില്‍ നിന്ന് പുറത്തേക്ക് നീണ്ടുനിന്ന ഇരുമ്പ് കമ്പി നെഞ്ചില്‍ തുളച്ചുകയറിയാണ് ഡ്രൈവര്‍ മരിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ നിലവില്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
|
പൊലീസ് നല്‍കുന്ന വിവരമനുസരിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. നീളമുള്ള ഇരുമ്പ് കമ്പികള്‍ കയറ്റി വരികയായിരുന്ന ഇ-റിക്ഷയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. സുരക്ഷാ മുന്‍കരുതലുകളോ അപായ സൂചനകളോ ഇല്ലാതെയാണ് ഇ-റിക്ഷയില്‍ പുറത്തേക്ക് നീളുന്ന രീതിയില്‍ ഇരുമ്പ് കമ്പികള്‍ കൊണ്ടുപോയിരുന്നത്.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഈ സമയത്താണ് ഇ-റിക്ഷയിലുണ്ടായിരുന്ന ഇരുമ്പ് കമ്പികളിലൊന്ന് കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ത്ത് ഡ്രൈവറുടെ നെഞ്ചിലേക്ക് തുളച്ചുകയറിയത്. അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടവിവരമറിഞ്ഞ് സെക്ടര്‍ 37 പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും ട്രാഫിക് വിഭാഗവും സ്ഥലത്തെത്തി. ഏറെ പ്രയത്‌നത്തിനൊടുവിലാണ് തകര്‍ന്ന കാറിനുള്ളില്‍ നിന്ന് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
ALSO READ: ലക്ഷങ്ങളുടെ നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസില്‍ ടാല്‍റോപ്പ് ഡയറക്ടര്‍ അറസ്റ്റില്‍
അപകടത്തെ തുടര്‍ന്ന് എക്‌സ്പ്രസ് വേയില്‍ വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് അധികൃതരെത്തി തകര്‍ന്ന വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
താന്‍ വളരെ പതുക്കെയാണ് വാഹനം ഓടിച്ചിരുന്നതെന്നും കാര്‍ പുറകില്‍ വന്ന് ഇടിക്കുകയായിരുന്നു എന്നുമാണ് ഇ-റിക്ഷാ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
അമിതവേഗതയും പുറകില്‍ നിന്നുള്ള ഇടിയുമാണ് പ്രാഥമികമായി അപകടത്തിന് കാരണമായതെന്നാണ് സൂചനയെന്നും, കൃത്യമായ വിവരങ്ങള്‍ക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മരണപ്പെട്ട കാര്‍ ഡ്രൈവര്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
Cab driver dies after iron rod from overloaded e-rickshaw tears through windshield



