17
Jul 2026
Fri
17 Jul 2026 Fri
Lionel Messi baths Lamine Yamal 19 years before

ഫുട്‌ബോള്‍ ലോകം ജൂലൈ 20ന് പുലര്‍ച്ചെ 12.30ന് മറ്റൊരു ചരിത്ര നിമിഷത്തിന് സാക്ഷിയാകുകയാണ്. ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ലയണല്‍ മെസിയും അദ്ദേഹത്തിന്റെ പാരമ്പര്യം ഏറ്റെടുക്കുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്‌പെയിനിന്റെ യുവതാരം ലാമിന്‍ യമാലും ലോകകപ്പ് ഫൈനലില്‍ ആദ്യമായി നേര്‍ക്കുനേര്‍ എത്തുന്നു. 39-ാം വയസ്സിലും ലോക ഫുട്‌ബോളിന്റെ നെറുകയിലുള്ള മെസിയും, വെറും 19-ാം വയസ്സില്‍ തന്നെ ലോകത്തെ വിസ്മയിപ്പിച്ച യമാലും ഒരേ മത്സരത്തില്‍, അതും ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത് തന്നെ അപൂര്‍വ കാഴ്ചയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ ഇവര്‍ ആദ്യമായി കണ്ടുമുട്ടുന്നത് ഫുട്‌ബോള്‍ മൈതാനത്തിലല്ല. 2007-ല്‍ ബാഴ്‌സലോണയുടെ ക്യാംപ് നൗവിലെ ഡ്രസ്സിംഗ് റൂമില്‍ നടന്ന ഒരു ഫോട്ടോഷൂട്ടിലാണ് ആ ചരിത്ര നിമിഷം പിറന്നത്. അന്ന് ബാഴ്‌സലോണയുടെ യുവതാരമായിരുന്ന 20-കാരന്‍ മെസി, അഞ്ചുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ കൈകളിലെടുക്കുകയും കുളിപ്പിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഫോട്ടോഗ്രാഫര്‍ ജോവാന്‍ മോണ്‍ഫോര്‍ട്ട് പകര്‍ത്തി. ആ കുഞ്ഞായിരുന്നു പിന്നീട് കായികലോകത്തിന്റെ ശ്രദ്ധ നേടിയ ലാമിന്‍ യമാല്‍.

ബാഴ്‌സലോണയും യുനിസെഫും ചേര്‍ന്ന് സംഘടിപ്പിച്ച ഒരു മത്സരത്തിലൂടെയാണ് യമാലിന്റെ കുടുംബത്തിന് ആ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് ബാഴ്‌സലോണ താരങ്ങള്‍ക്കൊപ്പം ചിത്രമെടുക്കാനായിരുന്നു പദ്ധതി. യാദൃശ്ചികമായി മെസിയെയാണ് യമാലിന് ലഭിച്ചത്.

വര്‍ഷങ്ങള്‍ക്കുശേഷം, യൂറോ 2024-ല്‍ സ്‌പെയിനെ കിരീടത്തിലേക്ക് നയിച്ച യമാലിന്റെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്റെ പിതാവ് ഇന്‍സ്റ്റഗ്രാമില്‍ ഈ പഴയ ചിത്രം പങ്കുവച്ചപ്പോള്‍ ലോകം വീണ്ടും ആ നിമിഷം കണ്ടു. ‘രണ്ട് ഇതിഹാസങ്ങളുടെ തുടക്കം’ എന്നായിരുന്നു ആ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.
ഫോട്ടോഗ്രാഫര്‍ ജോവാന്‍ മോണ്‍ഫോര്‍ട്ട് പറയുന്നത്, ‘ഒരു സിനിമയില്‍ പോലും ഇങ്ങനെ എഴുതാന്‍ പറ്റാത്ത കഥയാണ് ഇത്. മെസി വളരെ നാണമുള്ള ആളായിരുന്നു. കുഞ്ഞിനെ കൈയില്‍ എടുക്കുമ്പോള്‍ എന്ത് ചെയ്യണമെന്ന് പോലും അറിയാത്തപോലെയായിരുന്നു. പക്ഷേ നിമിഷങ്ങള്‍ക്കകം അദ്ദേഹം അതിനോട് ഇണങ്ങി.’

മെസി അന്ന് ബാഴ്‌സലോണയുടെ 19-ാം നമ്പര്‍ ജേഴ്‌സിയിലായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന് ക്ലബ്ബിന്റെ ഐതിഹാസികമായ പത്താം നമ്പര്‍ ലഭിച്ചത്.ഇന്ന് കണക്കുകള്‍ നോക്കിയാല്‍ യമാലിന്റെ ഉയര്‍ച്ച അതിശയിപ്പിക്കുന്നതാണ്. 19-ാം വയസ്സില്‍ മെസി നേടിയതിനേക്കാള്‍ കൂടുതല്‍ ഗോളുകളും കിരീടങ്ങളും ഇതിനോടകം യമാല്‍ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് ലാ ലിഗ കിരീടം, കോപ്പ ഡെല്‍ റേ, യൂറോ 2024 എല്ലാം കൗമാരപ്രായത്തില്‍ തന്നെ.
സമ്പന്നമായ ജീവിതമല്ല യമാലിന്റേത്. സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബത്തിലാണ് അദ്ദേഹം വളര്‍ന്നത്.

സ്‌പെയിനിലെ റോക്കഫോണ്ട എന്ന തൊഴിലാളിവര്‍ഗ പ്രദേശത്തായിരുന്നു ബാല്യം. കുടുംബത്തെ സഹായിച്ച രണ്ട് സുഹൃത്തുക്കളുടെ പേരുകള്‍ ചേര്‍ത്താണ് ‘ലാമിന്‍ യമാല്‍’ എന്ന പേര് മാതാപിതാക്കള്‍ നല്‍കിയത്. ഒരു അഭിമുഖത്തില്‍ യമാല്‍ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആഴം വ്യക്തമാക്കുന്നു:
‘എന്റെ അമ്മയും അച്ഛനും എനിക്കുവേണ്ടി ചെയ്തത് മറ്റാര്‍ക്കും ചെയ്യാനാകില്ല. പണമില്ലാത്ത സമയത്തും ഞാന്‍ ഫുട്‌ബോള്‍ കളിക്കണമെന്ന സ്വപ്നം അവര്‍ ഉപേക്ഷിച്ചില്ല. അതിന് ഞാന്‍ ഒരിക്കലും പകരം നല്‍കാനാവില്ല.

ലോകകപ്പ് ഫൈനലില്‍ അവര്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഒരാള്‍ തന്റെ കരിയറിന്റെ അവസാന അധ്യായങ്ങളിലേക്ക് കടക്കുകയും മറ്റൊരാള്‍ പുതിയ യുഗത്തിന്റെ തുടക്കം കുറിക്കുകയുമാണ്.