ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (CJP) ആഹ്വാനം ചെയ്ത ‘ചലോ സംസദ്’ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്. പോലീസിന്റെ വിലക്ക് ലംഘിച്ച് പ്രകടനത്തിനെത്തിയ പതിനായിരക്കണക്കിന് പ്രവര്‍ത്തകരെയാണ് പോലീസ് അടിച്ചൊതുക്കിയത്.
|
യുവാക്കളെ അടിച്ചോടിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. എന്നാല്‍ പിന്തിരിയാന്‍ യുവാക്കള്‍ തയ്യാറായില്ല. പൊലീസിന് നേരെ കല്ലേറുണ്ടായി. സംഘര്‍ഷത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. മാര്‍ച്ചിന് പിന്തുണയുമായി എത്തിയ എഎപി നേതാക്കളായ മനീഷ് സിസോദിയ, അതിഷി മര്‍ലേന, സഞ്ജയ് സിങ് എന്നിവരെ പൊലീസ് തടഞ്ഞു.
ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ ‘നീറ്റ്’ (NEET) പരീക്ഷയിലെ അട്ടിമറികള്‍ക്കും ക്രമക്കേടുകള്‍ക്കും ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജന്തര്‍ മന്തറില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും യുവാക്കളായിരുന്നു. അക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
സിജെപി മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റിന് അധിക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡുകള്‍ നിരത്തിയിരുന്നു. മന്ത്രിമാരുടെ വസതികള്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സമര കേന്ദ്രമായ ജന്തര്‍ മന്തറിന് ചുറ്റും ജലപീരങ്കികള്‍ വിന്യസിച്ചു. 12 കമ്പനി അധിക അര്‍ത്ഥ സൈനികരെയും സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്നു.
ALSO READ: പാലക്കാട് ഇരട്ടക്കൊലക്കേസ്; ചെന്താമരയ്ക്ക് വധശിക്ഷ
അതേസമയം, പ്രവര്‍ത്തകരോട് സമാധാനം പാലിക്കാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി ആവശ്യപ്പെട്ടു. ‘പലയിടത്തും നിങ്ങളെ പോലീസ് തടഞ്ഞിട്ടുണ്ടാകാം, എങ്കിലും തികഞ്ഞ സമാധാനവും ശാന്തതയും പാലിക്കുക. സ്‌നേഹത്തിലൂടെയും സമാധാനത്തിലൂടെയും മാത്രമേ നമുക്ക് ഈ പോരാട്ടത്തില്‍ വിജയിക്കാനാകൂ,’ പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
നിരോധനാജ്ഞയും പോലീസിന്റെ മുന്നറിയിപ്പും
നേരത്തെ തന്നെ മാര്‍ച്ചിന് അനുമതി നിഷേധിച്ച പോലീസ് പ്രദേശത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടുന്നത് നിരോധിച്ചിരുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കൂട്ടി അനുമതി വാങ്ങി ജന്തര്‍ മന്തറില്‍ നടത്തുന്ന സമരങ്ങള്‍ ഒഴികെ, അഞ്ചോ അതിലധികമോ ആളുകള്‍ തടിച്ചുകൂടുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് ഔദ്യോഗികമായി അറിയിച്ചു.
ജനങ്ങളെ വലച്ച് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു
സമരം പൊളിക്കാന്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ അഞ്ച് പ്രധാന മെട്രോ സ്റ്റേഷനുകള്‍ അടച്ചതോടെ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടിലായി. രാജീവ് ചൗക്ക്, ജന്‍പഥ്, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, സേവാ തീര്‍ത്ഥ് എന്നീ മെട്രോ സ്റ്റേഷനുകളാണ് അടച്ചിട്ടത്. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങുകയോ മറ്റ് ദീര്‍ഘദൂര പാതകള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്തു. ഡല്‍ഹിയിലെ ഏറ്റവും തിരക്കേറിയ രാജീവ് ചൗക്ക് സ്റ്റേഷന്റെ പൂട്ടിയിട്ട കവാടങ്ങള്‍ക്ക് മുന്നില്‍ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
എന്താണ് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’?
ചീഫ് ജസ്റ്റിസ് സുര്യകാന്തിന്റെ ‘പരാന്നഭോജികള്‍’, ‘പാറ്റകള്‍’ എന്നീ പ്രയോഗങ്ങള്‍ക്ക് പിന്നാലെ മെയ് മാസത്തില്‍ അഭിജീത് ദിപ്‌കെ എന്ന യുവാവ് ഒരു സറ്റയറിക്കല്‍ (Satirical) ഡിജിറ്റല്‍ കൂട്ടായ്മ എന്ന രീതിയില്‍ തുടങ്ങിയതാണ് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (CJP). ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ ഗ്രൂപ്പിനെ പിന്തുണച്ച് രംഗത്തെത്തിയത്. നിരവധി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും പിന്തുണയും ലഭിച്ചതോടെ യുവാക്കളുടെ ഒരു രാ്ഷ്ട്രീയ മുന്നേറ്റമായി ഇത് മാറുകയായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി യു.എസില്‍ താമസിച്ചിരുന്ന 30-കാരനായ ദിപ്‌കെ, പരീക്ഷാ പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിദ്യാഭ്യാസ പരിഷ്‌കരണം ആവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നല്‍കാനാണ് ജൂണില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സൊനം വാങ്ചുക്കും സമരത്തിന് പിന്തുണയുമായി എത്തുകയും ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച പോലീസെത്തി സൊനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി. പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയിലും വിദ്യാഭ്യാസ രംഗത്തെ വീഴ്ചകളിലും സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ, പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുമെന്ന് ജനപ്രതിനിധികള്‍ ഉറപ്പുനല്‍കുകയോ ചെയ്യുന്നത് വരെ തന്റെ ഉപവാസം തുടരുമെന്ന് ആശുപത്രിയില്‍ നിന്ന് നല്‍കിയ കുറിപ്പില്‍ വാങ്ചുക് വ്യക്തമാക്കി.
Cockroach Janta Party Chalo Sansad march, Delhi Police lathicharge





