ഹൈദരാബാദ്: സഹപ്രവര്‍ത്തകയായ വനിതാ ഐ.പി.എസ് പ്രൊബേഷനറുടെ ലൈംഗികപീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന ഐ.പി.എസ് ട്രെയിനി ഉദ്യോഗസ്ഥന്‍ ഉദയ് കൃഷ്ണ റെഡ്ഡി വിഷം ഉള്ളില്‍ച്ചെന്ന് ആശുപത്രിയിലായ സംഭവത്തില്‍ നിഗൂഢത. എസ്.ആര്‍ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.
|
എന്നാല്‍ സംഭവം യഥാര്‍ത്ഥ ആത്മഹത്യാശ്രമമാണോ അതോ തനിക്കെതിരെയുള്ള കേസ് അട്ടിമറിക്കാന്‍ നടത്തിയ നാടകമാണോ എന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ട്. ഉദയ് കൃഷ്ണ റെഡ്ഡിയുടെ രക്തത്തിലോ മൂത്രത്തിലോ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് പ്രാഥമിക മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം ഇയാളുടെ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. വിരലടയാള-ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷമേ കൂടുതല്‍ നിഗമനങ്ങളിലേക്ക് കടക്കൂ എന്ന് പോലീസ് വ്യക്തമാക്കി.
ലൈംഗികപീഡനം, ഫോണ്‍ സന്ദേശങ്ങള്‍
സഹപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ അട്ടാപൂര്‍ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ആത്മഹത്യാശ്രമം നടന്നത്. ലൈംഗിക പീഡനം, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ (Stalking), ഭീഷണിപ്പെടുത്തല്‍, ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും നിരന്തരം അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് വനിതാ ഉദ്യോഗസ്ഥ ഉദയ് കൃഷ്ണനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇയാളുടെ പെരുമാറ്റം തനിക്ക് കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് ഫോണ്‍ രേഖകള്‍, ഡിജിറ്റല്‍ സന്ദേശങ്ങള്‍, ഫോറന്‍സിക് തെളിവുകള്‍ എന്നിവ പോലീസ് ശേഖരിച്ചു വരികയാണ്. പരാതിക്കാരിയുടെയും പ്രതിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.
ആരോപണങ്ങള്‍ നിഷേധിച്ച് ഉദയ് കൃഷ്ണ റെഡ്ഡി
പീഡനക്കേസ് ഞായറാഴ്ച വാര്‍ത്തയായതോടെ ഉദയ് കൃഷ്ണ റെഡ്ഡി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. കിടപ്പുമുറിയില്‍ മദ്യക്കുപ്പിയും സാനിറ്റൈസര്‍ കുപ്പിയും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കുടുംബം ആദ്യം ആത്മഹത്യാശ്രമമാണെന്ന് സംശയിച്ചത്. ഉദയ് കൃഷ്ണ റെഡ്ഡി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവന്നിരുന്നു.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഉദയ് കൃഷ്ണ റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹശേഷവും ആ ബന്ധം തുടരാന്‍ പരാതിക്കാരി നിര്‍ബന്ധിച്ചിരുന്നുവെന്നും ഉദയ് അവകാശപ്പെടുന്നുണ്ട്.
താനും പരാതിക്കാരിയും 2025 ജൂണ്‍ മുതല്‍ പ്രണയത്തിലായിരുന്നു. അവരുടെ വിവാഹശേഷവും ശാരീരികമായും മാനസികമായും ആ ബന്ധം തുടര്‍ന്നു. താന്‍ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നില്ല. പരാതിക്കാരി നിര്‍ബന്ധം പിടിച്ച് തന്റെ മുറിയിലേക്ക് വരികയായിരുന്നുവെന്നും വാട്ട്സ്ആപ്പ് ചാറ്റുകള്‍ ഇതിന് തെളിവാണെന്നും ഉദയ് പറയുന്നു. ‘ജൂലൈ 9-ന് ലൈംഗിക ബന്ധത്തിലേര്‍പ്പെടണം എന്നു പറഞ്ഞ് അവര്‍ തനിയെ എന്റെ മുറിയിലേക്ക് വരികയായിരുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി അവരുടെ ഭര്‍ത്താവിന് അയച്ചുകൊടുക്കുകയായിരുന്നു. വഴക്കുണ്ടായപ്പോള്‍ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്’ ഉദയ് പറയുന്നു.





