23
Jul 2026
Thu
23 Jul 2026 Thu
Kolukkumalail cliff accident

തൊടുപുഴ/മൂന്നാര്‍: മഞ്ഞും മേഘങ്ങളും മൂടിയ കൊളുക്കുമലയിലെ കുത്തനെയുള്ള പാറക്കെട്ടിന് താഴെ, കണ്ണഞ്ചിപ്പിക്കുന്ന താഴ്ചയിലുള്ള മരണക്കയത്തിലേക്ക് പതിച്ച ചെന്നൈ സ്വദേശിയായ യുവാവിന് അദ്ഭുത രക്ഷപ്പെടല്‍. മഞ്ഞുമൂടിയ താഴ്വരയിലെ 500 അടിയോളം ആഴമുള്ള കൊക്കയില്‍നിന്ന് അഞ്ച് മണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നത്തിനൊടുവില്‍ മൂന്നാര്‍ ഫയര്‍ഫോഴ്‌സും പ്രദേശ വാസികളും ചേര്‍ന്ന് യുവാവിനെ ജീവനോടെ മുകളിലെത്തിച്ചു. ചെന്നൈ സ്വദേശിയായ കാര്‍ത്തിക് (31) ആണ് അപകടത്തില്‍പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച രാവിലെ എട്ടുമണിയോടെ കൊളുക്കുമലയിലെ പ്രശസ്തമായ സിംഹപ്പാറ (ലയണ്‍ റോക്ക്) മേഖലയിലാണ് അപകടം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം കൊളുക്കുമല സന്ദര്‍ശിക്കാനെത്തിയ കാര്‍ത്തിക്കിന് പെട്ടെന്ന് തലകറക്കം അനുഭവപ്പെടുകയും പാറക്കെട്ടില്‍നിന്ന് കുത്തനെയുള്ള കൊക്കയിലേക്ക് തെന്നിവീഴുകയുമായിരുന്നു.

ALSO READ: “എനിക്ക് നല്ലൊരു ഭാവി വേണം”: പരീക്ഷാ ചോർച്ചയ്‌ക്കെതിരെയുള്ള സി.ജെ.പി പ്രക്ഷോഭത്തിൽ പങ്കുചേർന്ന് 13-കാരി ഉമാസ!

അപകടവിവരമറിഞ്ഞ് കുതിച്ചെത്തിയ മൂന്നാര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം കടുപ്പമേറിയ ഭൂപ്രകൃതിയെയും കാലാവസ്ഥയെയും തൃണവല്‍ഗണിച്ച് താഴേക്ക് ഇറങ്ങി. 500 അടിയോളം താഴെ കാട്ടുപുല്ലുകള്‍ക്കിടയില്‍ തങ്ങിനില്‍ക്കുന്ന നിലയിലാണ് കാര്‍ത്തിക്കിനെ കണ്ടെത്തിയത്. അവിടെനിന്നും താഴേക്ക് വഴുതിവീണിരുന്നെങ്കില്‍ വന്‍ ദുരന്തമാകുമായിരുന്നു.

ആകാശം തൊട്ട രക്ഷാപ്രവര്‍ത്തനം

ഇടിഞ്ഞുവീഴാന്‍ സാധ്യതയുള്ള മണ്ണും കൂര്‍ത്ത പാറക്കെട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയുയര്‍ത്തി. എന്നാല്‍, ഒട്ടും മടിക്കാതെ ജീവനക്കാരായ ഏഴ് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ കയര്‍ കെട്ടി താഴേക്ക് ഇറങ്ങി. പ്രദേശവാസികളും ജീപ്പ് ഡ്രൈവര്‍മാരും നെഞ്ചിടിപ്പോടെ സഹായികളായി കൂടെനിന്നു. ബോധരഹിതനായി കിടക്കുകയായിരുന്ന കാര്‍ത്തിക്കിന് ഉദ്യോഗസ്ഥര്‍ ധൈര്യം പകരുകയും വളരെ ശ്രദ്ധയോടെ സ്‌ട്രെച്ചറിലേക്ക് മാറ്റുകയും ചെയ്തു.

പാറക്കെട്ടുകളില്‍ തട്ടി കയറുകള്‍ പൊട്ടാതിരിക്കാന്‍ അതീവ ജാഗ്രതയോടെയാണ് സംഘം സ്‌ട്രെച്ചര്‍ മുകളിലേക്ക് വലിച്ച് കയറ്റിയത്. അഞ്ച് മണിക്കൂര്‍ നീണ്ട ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊടുവില്‍, എല്ലാവരും സുരക്ഷിതമായി മലമുകളിലെത്തിയപ്പോള്‍ നാട്ടുകാര്‍ കരഘോഷത്തോടെയാണ് അവരെ സ്വീകരിച്ചത്.

സ്റ്റേഷന്‍ ഓഫീസര്‍ നോബിള്‍ ജോര്‍ജ്ജ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ തമ്പിദുര എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യുവാവിന്റെ കൈകളില്‍ ഒടിവുണ്ട്. മരച്ചില്ല കുത്തിക്കയറി ഇടതുകണ്ണിലും പരുക്കേറ്റു. തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Kerala Fire Force rescues Chennai man fallen off Kolukkumalai cliff