24
Jul 2026
Fri
24 Jul 2026 Fri
BM Jamal - Kasaragod EVM hacking

കാസര്‍കോട്: ഇവിഎം ഹാക്കിങിന്റെ പേര് പറഞ്ഞ് പണം തട്ടിയെന്നാരോപിച്ച് കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിഎം ജമാലിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി. വഖഫ് ബോര്‍ഡ് മുന്‍ സിഇഒ കൂടിയാണ് ബിഎം ജമാല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവിഎം ഹാക്കിംഗിന് ബിജെപി പദ്ധതിയിടുന്നതായും ഇത് തടയാന്‍ തന്റെ പക്കല്‍ സാങ്കേതിക വിദ്യയുണ്ടെന്നും പറഞ്ഞാണ് പണം തട്ടിയത്. ഉദുമ, കാസര്‍കോട് മണ്ഡലങ്ങളില്‍ നിന്ന് പണം വാങ്ങി. സംഭവത്തില്‍ ജമാലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിക്കും കെപിസിസി പ്രസിഡന്റിനും യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പരാതി നല്‍കി.

മഞ്ചേശ്വരം മണ്ഡലത്തിലും ജമാല്‍ സ്ഥാനാര്‍ഥിയെ ബന്ധപ്പെട്ടിരുന്നു. ബിജെപി 2500 വോട്ടിന് ജയിക്കാവുന്ന വിധത്തില്‍ ഇവിഎം സെറ്റ് ചെയ്തിട്ടുണ്ടെന്നും അത് മറികടക്കാന്‍ ജര്‍മന്‍ സാങ്കേതിക വിദ്യ കൈയിലുണ്ടെന്നുമായിരുന്നു അവകാശവാദം. അതിന്റെ സാങ്കേതിക വിദ്യയ്ക്ക് ആവശ്യമായ പണം വേണമെന്നാണ് സ്ഥാനാര്‍ഥിയോട് പറഞ്ഞത്. എന്നാല്‍, മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ഥി എകെഎം അഷ്‌റഫ് തനിക്ക് ഇത് ആവശ്യമില്ലെന്ന് പറഞ്ഞു മടക്കി അയക്കുകയായിരുന്നു. എന്നാല്‍, കാസറഗോഡ്, ഉദുമ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ പണം നല്‍കി. ഒരു മണ്ഡലത്തില്‍ നിന്ന് 40 ലക്ഷത്തോളം രൂപ നല്‍കിയതായാണ് സൂചന.

Also Read: പരീക്ഷാ ചോര്‍ച്ചയ്ക്കെതിരെയുള്ള വിദ്യാര്‍ത്ഥി സമരം: പിന്തുണയുമായി ശുഭ്മാന്‍ ഗില്ലും ഇര്‍ഫാന്‍ പത്താനും

ഇവിഎം അട്ടിമറിക്കാമെന്ന് പറഞ്ഞ് ബന്ധപ്പെട്ടെന്ന് ഷാനവാസ് പാദൂര്‍

യുഡിഎഫ് സ്ഥാനാര്‍ഥികളെ മാത്രമല്ല എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെയും ബിഎം ജമാല്‍ ബന്ധപ്പെട്ടതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഇവിഎം ഹാക്ക് ചെയ്ത് റിസള്‍ട്ട് എല്‍എഡിഎഫിന് അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത് ബിഎം ജമാല്‍ ബന്ധപ്പെട്ടതായി കാസര്‍കോഡെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷാനവാസ് പാദൂര്‍ വെളിപ്പെടുത്തി.

ഇവിഎം ഹാക്ക് ചെയ്യാനായി രണ്ട് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പണം നല്‍കിയെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ മറ്റ് സ്ഥാനാര്‍ഥികളില്‍ നിന്ന് പരാതി വന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടേക്കും.

ആരോപണം നിഷേധിച്ച് ബിഎം ജമാല്‍

ഇവിഎം അട്ടിമറിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണം അഡ്വ. ബിഎം ജമാല്‍ നിഷേധിച്ചു. ആരോപണം പൂര്‍ണമായും അവാസ്തവമാണെന്നും അങ്ങിനെയൊരു പരാതി ഇല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2026 മാര്‍ച്ച് 23ന് ശേഷം മഞ്ചേശ്വരത്തെയോ കാസര്‍കോട്ടെയോ സ്ഥാനാര്‍ഥികളെ താന്‍ നേരില്‍ കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ജമാല്‍ പറഞ്ഞു. ഇരുവരുടെയും നാമനിര്‍ദേശ പത്രിക മാര്‍ച്ച് 23ന് മുമ്പ് പൂരിപ്പിച്ച് നോട്ടറൈസ് ചെയ്തത് താനാണ്. അതിന് ശേഷം അവരുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. എന്റെ പ്രവര്‍ത്തന മേഖല പ്രധാനമായും ദുബൈയിലാണെന്നും അദ്ദേഹം വിശദീകിരിച്ചു.

അതേസമയം, ഉദുമയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ചീഫ് ഏജന്റ് എന്ന നിലയില്‍ പലപ്പോഴും അദ്ദേഹത്തെ ബന്ധപ്പെട്ടിട്ടുണ്ട്. ഉദുമയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഞാന്‍ ഉണ്ടാകാറുണ്ട്. അവരുടെ സോഷ്യല്‍ മീഡിയ ടീം എന്റെ പൂട്ടിക്കിടന്നിരുന്ന വീട്ടിലാണ് പ്രവര്‍ത്തിച്ചിരുന്നത്. വാടക പോലും നല്‍കാതെയാണ് ഞാന്‍ ആ വീട് നല്‍കിയത്. അങ്ങിനെയുള്ള എനിക്കെതിരേയാണ് ഹാക്ക് ചെയ്യാന്‍ പണം ആവശ്യപ്പെട്ടു എന്ന ആരോപണം ഉന്നയിക്കുന്നത്.

ഇത്തരമൊരു പരാതി ഉണ്ടായിട്ടില്ല. ഇതില്‍ ബാക്കി കാര്യങ്ങള്‍ പറയേണ്ടത് കാസര്‍കോട്ടെയും മഞ്ചേശ്വരത്തെയും എംഎല്‍എമാരാണെന്നും ബിഎം ജമാല്‍ പറഞ്ഞു.

EVM hacking: complaint against Kasaragod congress leader