26
Jul 2026
Sun
26 Jul 2026 Sun
Kerala rain

Heavy Rain Alert for Keralaതിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. രാജ്യത്ത് രൂപപ്പെട്ടിരിക്കുന്ന രണ്ട് വ്യത്യസ്ത ന്യൂനമര്‍ദ മേഖലകളും അവയെ ബന്ധിപ്പിക്കുന്ന സജീവ മണ്‍സൂണ്‍ പാത്തിയും (Monsoon Trough) ദക്ഷിണേന്ത്യയിലെ കാലാവസ്ഥാ സാഹചര്യത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയാണ് ലഭിക്കുന്നത്. വടക്കന്‍ ജില്ലകളിലാണ് പ്രധാനമായും മഴ ലഭിക്കുന്നത്. മധ്യകേരളത്തില്‍ രാവിലെയും വൈകിട്ടുമായി ചിതറിയ മഴ ലഭിക്കുന്നുണ്ടെങ്കിലും തെക്കന്‍ ജില്ലകളില്‍ മണ്‍സൂണ്‍ ഇപ്പോഴും താരതമ്യേന ദുര്‍ബലമാണ്.

എന്നാല്‍ അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും വ്യാപകമായി മിതമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

കോഴിക്കോട് ശക്തമായ മഴ

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
തൃശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.
അടുത്ത ദിവസങ്ങളില്‍ മഴയുടെ വ്യാപ്തി വര്‍ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിതമായ മണ്‍സൂണ്‍ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ കാലാവസ്ഥാ സ്ഥിതി

രാജസ്ഥാനിന് മുകളിലുള്ള ന്യൂനമര്‍ദം വടക്കേ ഇന്ത്യയില്‍ കനത്ത മഴയ്ക്ക് കാരണമാകുന്നുണ്ട്. അതേസമയം ഗുജറാത്തിലെയും രാജസ്ഥാനിലെയും വെള്ളപ്പൊക്ക സാഹചര്യം ക്രമേണ ശമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മഴയ്ക്ക് പിന്നിലെ കാലാവസ്ഥാ ഘടകങ്ങള്‍

നിലവില്‍ രാജ്യത്തെ മഴയെ സ്വാധീനിക്കുന്ന രണ്ട് പ്രധാന ന്യൂനമര്‍ദങ്ങളാണ് സജീവമായിരിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം: ഒഡീഷ തീരത്തിന് സമീപം രൂപംകൊണ്ട ഈ ന്യൂനമര്‍ദം പശ്ചിമ ബംഗാളിലേക്ക് നീങ്ങുകയാണ്. ഇതിന്റെ നേരിട്ടുള്ള സ്വാധീനം ദക്ഷിണ കേരളത്തില്‍ കുറവാണെങ്കിലും കാറ്റിന്റെ ദിശയില്‍ മാറ്റം വരുത്തുന്നുണ്ട്.

തെക്കുപടിഞ്ഞാറന്‍ രാജസ്ഥാനിലെ ന്യൂനമര്‍ദം: വടക്കേ ഇന്ത്യയ്ക്ക് മുകളിലായി തുടരുന്ന ഈ ന്യൂനമര്‍ദവും മഴയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.

ഈ രണ്ട് ന്യൂനമര്‍ദങ്ങളെയും ബന്ധിപ്പിക്കുന്ന സജീവ മണ്‍സൂണ്‍ പാത്തി മൂലമാണ് വടക്കേ ഇന്ത്യ, മഹാരാഷ്ട്ര, കര്‍ണാടക, വടക്കന്‍ കേരളം എന്നിവിടങ്ങളില്‍ മഴ ശക്തമായിരിക്കുന്നത്.

തെക്കന്‍ കേരളത്തില്‍ മഴ കുറവായതെന്തുകൊണ്ട്?

മണ്‍സൂണ്‍ പാത്തിയുടെ നിലവിലെ സ്ഥാനം കാരണം കൂടുതല്‍ ഈര്‍പ്പം നിറഞ്ഞ കാറ്റ് ഉപദ്വീപിന്റെ വടക്കന്‍ ഭാഗത്തേക്കാണ് കേന്ദ്രീകരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കരയിലേക്ക് നീങ്ങുകയും രാജസ്ഥാനിലെ ന്യൂനമര്‍ദം ക്രമേണ ദുര്‍ബലമാവുകയും ചെയ്യുന്നതോടെ മണ്‍സൂണ്‍ കാറ്റിന്റെ ദിശ മാറും. ഇതോടെ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നത്.

മലയോര മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ പ്രാദേശിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും ആവശ്യമായ ജാഗ്രത പാലിക്കുകയും വേണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക