06
Aug 2026
Thu
06 Aug 2026 Thu
2 more days left; So far 1 crore people have done ration mustering

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി മുന്‍ഗണന റേഷന്‍ കാര്‍ഡ് പട്ടികയില്‍ കയറിക്കൂടിയ 86,000 പേര്‍ പുറത്താവും. ഈ വര്‍ഷം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ നിന്ന് മൂന്ന് ലക്ഷത്തിന് മേല്‍ വരുമാനമുണ്ടെന്ന് കണ്ടെത്തിയ 86,000 പേരാണ് പുറത്താവുക. ഈ റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ കണ്ടെത്തി കേന്ദ്രം കേരളത്തിന് കൈമാറി. ഇതുപ്രകാരം, റേഷന്‍ കാര്‍ഡ് ഉടമകള്‍ കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ വിപണി വിലയുടെ പിഴ ഈടാക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍നടപടികള്‍ക്ക് വേണ്ടി താലൂക്ക് സപ്ലൈ ഓഫിസുകള്‍ക്ക് പട്ടികയില്‍ ഉള്‍പെട്ടവരുടെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പി.എം. കിസാന്‍ പദ്ധതി പ്രകാരം സബ്‌സിഡി വാങ്ങിയ ഒരേക്കറിലധികം വസ്തുവുള്ളവരുടെയും വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ക്രോഡീകരിച്ചിട്ടിട്ടുണ്ട്. ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും പിടിവീഴും. കുടുംബത്തില്‍ ഏതെങ്കിലും ഒരംഗം ആദായനികുതി നല്‍കുന്നവരാണെങ്കില്‍ മുന്‍ഗണന പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്.

കൂടാതെ, പുതിയ കമ്പനി രൂപവല്‍ക്കരണം, ജി.എസ്.ടി രജിസ്ട്രേഷന്‍ തുടങ്ങിയവക്ക് അപേക്ഷിക്കുന്ന മുന്‍ഗണന കാര്‍ഡ് അംഗങ്ങളെയും കണ്ടെത്തി അനര്‍ഹരെ ഒഴിവാക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങള്‍ക്കും പിഴ ഈടാക്കും. നിലവിലെ വിപണി നിരക്കനുസരിച്ച് അരിക്ക് കിലോഗ്രാമിന് 40 രൂപയും ഗോതമ്പിന് 29 രൂപയും പിഴ ഈടാക്കും.

എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അനര്‍ഹരെ കണ്ടെത്തിയത്. റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ ലിങ്ക് ചെയ്ത ആധാര്‍ നമ്പര്‍ ഉപയോഗിച്ച് എ.ഐയുടെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ വിവരങ്ങള്‍ ക്രോഡീകരിച്ചപ്പോള്‍ അനര്‍ഹരെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍ ‘സ്മാര്‍ട്ട് പബ്ലിക് ഡിസ്ട്രിബൂഷന്‍ സിസ്റ്റം’ വഴി തത്സമയം സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്ന സംവിധാനമാണ് കേന്ദ്രം സജ്ജമാക്കിയത്. പരിശോധന കര്‍ശനമാക്കിയതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടേക്കാമെന്ന മുന്നറിയിപ്പും കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്.

Tags:
Kerala Ration Card, Priority Ration Card, Kerala News, AI Verification, Artificial Intelligence, Ration Card Cancellation, Food Security, Public Distribution System, Smart Public Distribution System, Aadhaar, PAN Card, Income Tax Return, Kerala Government, Central Government, PM Kisan, Subsidy, Welfare Scheme, Kerala PDS

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക