12
Aug 2026
Wed
12 Aug 2026 Wed
air india phuket delhi flight

ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് 137 യാത്രക്കാരും 8 ജീവനക്കാരുമായി പറന്ന എയർ ഇന്ത്യയുടെ AI-2379 (എയർബസ് A320) വിമാനം ഓഗസ്റ്റ് 4-ന് ആകാശത്തുവെച്ച് പെട്ടെന്ന് 300 അടി താഴേക്ക് പതിച്ച സംഭവത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിമാനം വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് എയർ ഇന്ത്യ ഫ്ലൈറ്റ് സേഫ്റ്റി വിഭാഗത്തിന്റെ ആഭ്യന്തര റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തിൽ 20 യാത്രക്കാർക്കും 4 ജീവനക്കാർക്കും പരിക്കേറ്റിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോക്പിറ്റിൽ സംഭവിച്ചത്

വിമാനം സാധാരണ നിലയിൽ സഞ്ചരിക്കുമ്പോൾ (Cruise phase) കാപ്റ്റൻ തൻ്റെ സീറ്റിൽ നിന്നും എഴുന്നേറ്റ് ഫസ്റ്റ് ഓഫീസറുടെ (കോ-പൈലറ്റ്) സീറ്റിന് പിന്നിൽ നിന്ന് എയർ കണ്ടീഷനിങ് സിസ്റ്റത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഈ സമയം വിമാനത്തിന് വേഗത നഷ്ടപ്പെട്ട് നിലത്തുപതിക്കാൻ (Stall) സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സന്ദേശം (ECAM alert) കോക്പിറ്റിൽ മുഴങ്ങി. ഓട്ടോ പൈലറ്റ് സംവിധാനം തനിയെ വിച്ഛേദിക്കപ്പെടുകയും (Disengage) വിമാനത്തിന്റെ മുൻഭാഗം മുകളിലേക്ക് ഉയരുകയും ചെയ്തു (Pitch-up).

ഉടൻ തന്നെ ട്രെയിനിംഗ് പ്രകാരം ഫസ്റ്റ് ഓഫീസർ വിമാനത്തിന്റെ വേഗത കൂട്ടാനായി മുൻഭാഗം പെട്ടെന്ന് താഴേക്ക് തിരിച്ചു (Nose-down). എന്നാൽ ഈ നീക്കം വിമാനത്തിൽ പെട്ടെന്ന് ഗുരുത്വാകർഷണ ബലത്തിന് എതിരായ അവസ്ഥ (Negative-g force) സൃഷ്ടിച്ചു. ഇതോടെ വിമാനത്തിനുള്ളിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സീറ്റിൽ കെട്ടിയിടാത്ത വസ്തുക്കളും വായുവിൽ ഉയർന്നുപൊങ്ങുന്ന ഭാരമില്ലാത്ത അവസ്ഥയിലായി (Weightlessness). എഴുന്നേറ്റു നിൽക്കുകയായിരുന്ന കാപ്റ്റനും വായുവിൽ ഉയർന്നുപോയി.

തുടർന്ന് സാഹസികമായി തൻ്റെ സീറ്റിലേക്ക് തിരിച്ചെത്തിയ കാപ്റ്റൻ, സീറ്റ് ബെൽറ്റ് സൈൻ ഓൺ ചെയ്യുകയും വിമാനത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു (“I have controls”). വേഗതയും ഉയരവും വീണ്ടെടുക്കാൻ എൻജിൻ്റെ ശേഷി പരമാവധി ഉയർത്തിയാണ് (Maximum continuous thrust) കാപ്റ്റൻ വിമാനത്തെ സുരക്ഷിതമാക്കിയത്.

മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും തരാറിലായി

വിമാനം നിയന്ത്രണവിധേയമായെങ്കിലും സാങ്കേതികമായി വൻ തകരാറുകൾ വിമാനത്തിൽ രേഖപ്പെടുത്തി. വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾ പ്രവർത്തിപ്പിക്കുന്ന ഗ്രീൻ, ബ്ലൂ, യെല്ലോ എന്നീ മൂന്ന് സ്വതന്ത്ര ഹൈഡ്രോളിക് സിസ്റ്റങ്ങളിലും ഒരേസമയം പ്രഷർ കുറഞ്ഞതായി എൻജിനീയറിംഗ് ലോഗുകളിൽ തെളിഞ്ഞു. എയർബസ് A320 വിമാനങ്ങളിൽ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും ഒരേസമയം തകരാറിലാകുന്നത് അപൂർവ്വവും അതീവ ഗുരുതരവുമായ സംഭവമാണ്. വിമാനത്തിന്റെ ദിശയും ഉയരവും നിയന്ത്രിക്കുന്ന ‘എലിവേറ്ററുകളിൽ’ (Elevator fault) തകരാർ കാണിച്ചതാണ് വിമാനത്തിന്റെ മുൻഭാഗം പെട്ടെന്ന് ഉയരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ക്യാബിനിലെ പരിക്കുകളും ലാൻഡിംഗും

കാപ്റ്റൻ ക്യാബിൻ പരിശോധിച്ചപ്പോൾ നിരവധി യാത്രക്കാർക്കും രണ്ട് ജീവനക്കാർക്കും ഗുരുതരമായി പരിക്കേറ്റതായും ക്യാബിൻ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തി. തുടർന്ന് കൊൽക്കത്ത എയർ ट्राഫിക് കൺട്രോളുമായി (ATC) ബന്ധപ്പെട്ട് അടിയന്തര വൈദ്യസഹായവും ആംബുലൻസും ലഭ്യമാക്കാൻ നിർദ്ദേശം നൽകി. വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി; കാപ്റ്റൻ പിടിയിൽ

സംഭവത്തിന് ശേഷം ഇരു പൈലറ്റുമാരെയും ലഹരി പരിശോധനയ്ക്ക് (Psychoactive substance screening) വിധേയരാക്കി. ഫസ്റ്റ് ഓഫീസറുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും, കാപ്റ്റൻ ലഹരി പരിശോധനയിൽ പരാജയപ്പെട്ടതായി അന്വേഷണ സംഘം വ്യക്തമാക്കി. കാപ്റ്റൻ കഞ്ചാവ് (Marijuana) ഉപയോഗിച്ചിരുന്നതായി തുടർച്ചയായ രണ്ട് പരിശോധനകളിൽ സ്ഥിരീകരിച്ചു. ഇരുവരെയും നിലവിൽ പറക്കൽ ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് (AAIB) കൈമാറിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ഫ്രഞ്ച് അന്വേഷണ ഏജൻസിയായ BEA, എയർബസ് കമ്പനി എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. വ്യോമയാന മേഖലയിലെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി.

Tags: Air India, Air India Phuket Delhi Flight, Air India Cockpit Drama, Pilot Failed Dope Test, AAIB Investigation, DGCA, Aviation News Malayalam, Latest Kerala News, India News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക