09
Aug 2026
Sun
09 Aug 2026 Sun
The woman, identified as Pallavi Singh Rajput, is alleged to have targeted men through dating apps
പ്രയാഗ്‌രാജ്: ഡേറ്റിംഗ് ആപ്പിലൂടെ പ്രണയം നടിച്ച് വശീകരിക്കും; തൊട്ടുപിന്നാലെ രഹസ്യമായി പകർത്തിയ ദൃശ്യങ്ങൾ കാട്ടി ഭീഷണി! ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് നഗരത്തെ നടുക്കി കോടികളുടെ ‘ഹണിട്രാപ്പ്’ തട്ടിപ്പ് വിവരങ്ങൾ പുറത്ത്. ഡേറ്റിംഗ് ആപ്പായ ടിൻഡർ (Tinder) വഴിയും സോഷ്യൽ മീഡിയ വഴിയും പുരുഷന്മാരെ വലയിലാക്കി 6 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പല്ലവി സിംഗ് രാജ്പുത് എന്ന യുവതിക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കി.
അലഹബാദ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച വൻ തട്ടിപ്പ് ശൃംഖലയുടെ ചുരുളഴിയുന്നത്.

പ്രണയത്തിൽ തുടങ്ങി, വ്യാജ ബലാത്സംഗ കേസിൽ അവസാനിക്കുന്ന കെണി!

ആഡംബര ജീവിതം നയിച്ചിരുന്ന പല്ലവി സിംഗ് രാജ്പുത്, ‘സ്വീറ്റി തിവാരി’ തുടങ്ങിയ വ്യാജ പേരുകളിലാണ് സോഷ്യൽ മീഡിയയിലും ഡേറ്റിംഗ് ആപ്പുകളിലും അക്കൗണ്ടുകൾ ഉണ്ടാക്കിയിരുന്നത്. ഇരകളെ കണ്ടെത്തിയാൽ ആദ്യം സൗഹൃദം സ്ഥാപിക്കും. പിന്നീട് അടുപ്പം നടിച്ച് ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കോ ഹോട്ടൽ മുറികളിലേക്കോ വിളിച്ചുവരുത്തും.
തുടർന്ന്, ഇരകൾ അറിയാതെ ഇവരുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പകർത്തി സൂക്ഷിക്കുകയാണ് ആദ്യപടി. പിന്നീട് ഭീഷണിയുടെ ഘട്ടമാണ്. ആവശ്യപ്പെടുന്ന കോടികൾ നൽകിയില്ലെങ്കിൽ ബലാത്സംഗ കേസ്, വധശ്രമ കേസ് എന്നിവ നൽകി ജീവിതം തകർക്കുമെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. നാണക്കേട് ഭയന്ന് പലരും ചോദിച്ച പണം നൽകി രക്ഷപ്പെടുകയായിരുന്നു.

5 പേർ ജയിലിൽ; നടുക്കുന്ന ചിത്രങ്ങൾ പുറത്ത്

പല്ലവി നൽകിയ വ്യാജ പരാതികളുടെ അടിസ്ഥാനത്തിൽ അഞ്ച് പേർ ഇതിനകം ജയിലിലായിട്ടുണ്ടെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. കേസിൽ കുടുങ്ങിയവരെയും അവരുടെ കുടുംബങ്ങളെയും ഭയപ്പെടുത്തി തട്ടിപ്പ് സംഘം ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു.
തട്ടിപ്പിന് തെളിവായി ചില നിർണായക ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കിടക്കയിൽ കോടികളുടെ നോട്ടുകെട്ടുകൾ നിരത്തിവെച്ചിരിക്കുന്ന ചിത്രവും, യുവതി തോക്ക് കൈയ്യിലേന്തി നിൽക്കുന്ന ചിത്രവുമാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ ഈ ചിത്രങ്ങളുടെ സത്യാവസ്ഥ പോലീസ് പരിശോധിച്ച് വരികയാണ്.

പല്ലവിയെ കൂടാതെ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന ഒരു സംഘം തന്നെ ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഉത്തർപ്രദേശ് പോലീസ് നിലവിൽ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Tags: Prayagraj Crime, Tinder Scam, Honeytrap Case, UP Crime News, Online Extortion, Dating App Fraud, Pallavi Singh Rajput, Crime News India

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക