21
Aug 2026
Fri
21 Aug 2026 Fri
Abhijith Deepke visits Maharashtra govt schools to review facilities

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട സമരം വിജയം കണ്ടതിന് പിന്നാലെ, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ പുതിയ നീക്കവുമായി കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ. പാർട്ടി ആരംഭിച്ച “സ്‌കൂൾ തിക് കരോ” (സ്‌കൂളുകൾ ശരിയാക്കൂ) പ്രചാരണത്തിന്റെ ഭാഗമായി ലാത്തൂർ ജില്ലയിലെ ഔസ താലൂക്കിലുള്ള ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂൾ സന്ദർശിച്ചതിന് ശേഷമാണ് ദിപ്കെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാധ്യമങ്ങൾക്കും തങ്ങൾക്കും മുന്നിൽ കാണിക്കുന്നതിനായി മറ്റ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളെ വ്യാജമായി ഇവിടത്തെ ക്ലാസ് മുറികളിൽ ഇരുത്തുകയായിരുന്നുവെന്ന് അഭിജീത് ദിപ്കെ ആരോപിച്ചു. ഇതിന് പുറമെ സ്‌കൂൾ വളപ്പിൽ നിന്ന് മദ്യക്കുപ്പികളും കഞ്ചാവ് ചുരുളുകളും കണ്ടെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

തന്റെ ഇൻസ്പെക്ഷൻ വീഡിയോ എക്സിൽ പങ്കുവച്ച ദിപ്കെ, കുടിവെള്ളമില്ലാത്തതും ശോചനീയവുമായ അവസ്ഥയിലുള്ള സ്കൂളിൽ തന്റെ വരവ് അറിഞ്ഞ് അവസാന നിമിഷമാണ് ടോയ്‌ലറ്റുകൾ വൃത്തിയാക്കിയതെന്നും, ഉച്ചഭക്ഷണത്തിന് പുതിയ പ്ലേറ്റുകൾ കൊണ്ടുവച്ചതെന്നും പറഞ്ഞു.

എന്നാൽ ഈ ആരോപണങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽ ബാലാജി ഗാവ്‌ലി തള്ളി. ഒരേ കെട്ടിടത്തിൽ മറാഠി, ഉർദു മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന രണ്ട് വെവ്വേറെ സ്‌കൂളുകളുണ്ടെന്നും അവിടെയുണ്ടായിരുന്ന കുട്ടികൾ സ്വന്തം സ്‌കൂളിലെ വിദ്യാർഥികൾ തന്നെയാണെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

സംഭവത്തിൽ മഹാരാഷ്ട്ര സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയുടെ രാജി ദിപ്കെ ആവശ്യപ്പെട്ടു. ലാത്തൂരിലെ സർക്കാർ സ്കൂളുകളുടെ അവസ്ഥയിൽ വീഴ്ച വരുത്തിയ ബ്ലോക്ക് എജ്യുക്കേഷൻ ഓഫിസർമാരെ എട്ട് ദിവസത്തിനകം സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ: പെല്ലറ്റ് തോക്ക് ആക്രമണത്തിന് ഇരയായ വിദ്യാർഥിക്കൊപ്പം പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ രാഹുൽ ഗാന്ധിയുടെ ധർണ; എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക