19
Aug 2026
Wed
19 Aug 2026 Wed
The AAP termed the move political and said Jain was in jail when the alleged irregularities occurred

ന്യൂഡല്‍ഹി: പണമിടപാട് കേസുമായി ബന്ധപ്പെട്ട് 18 മാസത്തോളം ജയില്‍ശിക്ഷ അനുഭവിച്ച മുന്‍ ഡല്‍ഹി ജലവിഭവ മന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) മുതിര്‍ന്ന നേതാവുമായ സത്യേന്ദര്‍ ജെയിന്‍ വീണ്ടും അറസ്റ്റില്‍. ഡല്‍ഹി ജല്‍ ബോര്‍ഡിലെ (ഡിജെബി) മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ (STP) നവീകരണത്തിനായുള്ള ടെന്‍ഡര്‍ നടപടികളില്‍ അട്ടിമറി നടത്തിയെന്ന കേസിലാണ് അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അറസ്റ്റ് വിവരം അറിയിച്ചത്. ജല്‍ ബോര്‍ഡ് മുന്‍ സിഇഒ ഉദിത് പ്രകാശ് റായ് ഉള്‍പ്പെടെ ആറുപേരാണ് കേസുമായി ബന്ധപ്പെട്ട് നിലവില്‍ പിടിയിലായിട്ടുള്ളത്.

അഴിമതിയുടെ വിവരങ്ങള്‍ ഇങ്ങനെ

ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസിബി അന്വേഷണം ആരംഭിച്ചത്. ‘യൂറോടെക് എന്‍വയോണ്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന നിര്‍ദ്ദിഷ്ട കമ്പനിക്ക് ടെന്‍ഡര്‍ ലഭിക്കുന്നതിനായി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

തുക വകമാറ്റുന്നതിനായി ഇടനിലക്കാരായ സ്ഥാപനങ്ങളെ ഉപയോഗിച്ചു. കേസില്‍ അറസ്റ്റിലായ മുന്‍ സിഇഒ ഉദിത് പ്രകാശ് റായിയുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 1.52 കോടി രൂപ കൈക്കൂലിയായി എത്തിയെന്നും, ഈ തുക വസ്തുക്കള്‍ വാങ്ങാനായി ഉപയോഗിച്ചെന്നും എസിബി വ്യക്തമാക്കി.

അറസ്റ്റിലായ മറ്റു പ്രമുഖര്‍:

സത്യേന്ദര്‍ ജെയിന്‍ (മുന്‍ മന്ത്രി)

ഉദിത് പ്രകാശ് റായ് (മുന്‍ ഡിജെബി സിഇഒ)

അങ്കിത് ശ്രീവാസ്തവ (മുന്‍ കണ്‍സള്‍ട്ടന്റ്)

നാഗേന്ദ്ര യാദവ് (എം/എസ് എഎന്‍ എന്റര്‍പ്രൈസസ് ഉടമ)

രാജ കുമാര്‍ കുറ(യൂറോടെക് എന്‍വയോണ്‍മെന്റ് ഉടമ)

പങ്കജ് വര്‍മ്മ (എം/എസ് സൃജന്‍ഹാര്‍ ഉടമ)

‘രാഷ്ട്രീയ പ്രതികാരം’ എന്ന് എഎപി; ‘യഥാര്‍ത്ഥ മുഖം പുറത്തുവന്നു’ എന്ന് ബിജെപി

അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് എഎപി ആരോപിച്ചു. ആരോപിക്കപ്പെടുന്ന ടെന്‍ഡര്‍ തിരിമറി നടക്കുന്ന സമയത്ത് സത്യേന്ദര്‍ ജെയിന്‍ ജയിലിലായിരുന്നുവെന്നും, വരാനിരിക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പില്‍ എഎപിയുടെ കോ-ഇന്‍ചാര്‍ജ് ആയതുകൊണ്ടാണ് ബിജെപി വീണ്ടും വേട്ടയാടുന്നതെന്നും എഎപി നേതാവ് അനുരാഗ് ധണ്ഡ ആരോപിച്ചു. ഈ കേസും വ്യാജമാണെന്ന് തെളിയുമെന്ന് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു.

എന്നാല്‍, എഎപിയുടെ ‘അഴിമതി രഹിത ഭരണം’ വെറുമൊരു വാഗ്ദാനം മാത്രമായിരുന്നുവെന്ന് ഡല്‍ഹി ബിജെപി മുന്‍ അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവ പറഞ്ഞു. വെള്ളത്തിന്റെയും ശുചിത്വത്തിന്റെയും പേരില്‍ വോട്ട് പിടിച്ചവര്‍ കോടികളുടെ അഴിമതിയാണ് നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

2022 മേയിലാണ് കേസിന് ആസ്പദമായ ആദ്യ പണമിടപാട് കേസില്‍ സത്യേന്ദര്‍ ജെയിനെ ഇ.ഡി (ഋഉ) അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ആരോഗ്യപരമായ കാരണങ്ങളാല്‍ ഇടക്കാല ജാമ്യം ലഭിച്ച ഇയാള്‍ക്ക്, 2024 ഒക്ടോബറിലാണ് റഗുലര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങാന്‍ സാധിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags: Satyendar Jain, AAP, Delhi Jal Board Scam, ACB Arrest, Arvind Kejriwal, Delhi News, Corruption Case, National News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക