മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
|
മുട്ടിൽ മരംമുറിക്കേസിന്റെ വിചാരണ സുൽത്താൻ ബത്തേരി കോടതിയിൽ പുരോഗമിക്കുന്നതിനാൽ, കേസ് പൂർത്തിയാകുന്നതുവരെ ചോറ്റാനിക്കര കോടതിയിലെ നടപടികൾ നിർത്തിവയ്ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളുകയും ആവശ്യങ്ങൾ വിചാരണ കോടതിയിൽ തന്നെ ഉന്നയിക്കാമെന്ന് നിർദേശിക്കുകയും ചെയ്തു.
ഹൈക്കോടതി നടപടി പിന്നാലെ കേസിലെ ഒന്നാം പ്രതി റോജി അഗസ്റ്റിൻ ചോറ്റാനിക്കര കോടതിയിൽ ഹാജരായി. മറ്റ് പ്രതികൾ എവിടെയാണെന്ന് കോടതി ചോദിച്ചപ്പോൾ, പ്രതികളുടെ നടപടികളിൽ കടുത്ത വിമർശനമാണ് കോടതി നടത്തിയത്. കോടതിയെ പരിഹസിക്കുകയാണോ എന്ന തരത്തിലായിരുന്നു വിമർശനം.
കോടതിയിൽനിന്ന് വിമർശനം നേരിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് റോജി അഗസ്റ്റിൻ അതൃപ്തി പ്രകടിപ്പിച്ചു. ഇതിനിടെ, വിചാരണ കോടതിയിൽ ഓൺലൈനായി ഹാജരാകാൻ അഗസ്റ്റിൻ സഹോദരന്മാർ അപേക്ഷ നൽകിയിട്ടുണ്ട്. വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ അനുമതി നൽകണമോയെന്ന കാര്യത്തിൽ കോടതി നാളെ വിധി പറയും.
കേസിലെ കുറ്റപത്രം പ്രതികൾക്ക് വായിച്ചുകേൾപ്പിക്കുന്ന തീയതിയും കോടതി നിശ്ചയിക്കും. വഞ്ചനാക്കേസ് പരിഗണിക്കാൻ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ വാദവും കോടതി നേരത്തെ തള്ളിയിരുന്നു.
ALSO READ:4 മാസത്തിനിടെ 22 വധശിക്ഷകൾ വിധിച്ച ജഡ്ജി രവി കുമാർ ദിവകറിൽ നിന്നു 100 കൊലപാതക കേസുകൾ മാറ്റി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





