റിയാദ്: ഓര്‍മ്മകളൊക്കെയും എവിടെയോ ചോര്‍ന്നുപോയി, കാണിക്കാന്‍ രേഖകളില്ല, കയ്യില്‍ പണമില്ല, ഒടുവില്‍ കേറിക്കിടക്കാന്‍ ഒരിടം പോലുമില്ലാതെ റിയാദിന്റെ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ ഒല്ലൂര്‍ പാലക്കല്‍ സ്വദേശി ടിന്‍സന്‍ (38) ആണ് റിയാദിലെ ബത്ഹയിലുള്ള ബഹുനില കെട്ടിടത്തിന്റെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു നാടിനെ നോവിക്കുന്ന ഈ സംഭവം.
|
അവിവാഹിതനായ ടിന്‍സന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി സൗദി അറേബ്യയിലുണ്ട്. റിയാദ് എക്‌സിറ്റ് 17-ലെ ടയര്‍ കടയിലായിരുന്നു ജോലി. എന്നാല്‍ ഇഖാമയുടെ കാലാവധി കഴിഞ്ഞതോടെ കൈവശം നിയമപരമായ രേഖകളൊന്നുമില്ലാതെയായി. ജോലിയും വരുമാനവുമില്ലാതെ, പ്രിയപ്പെട്ടവരുടെ അടുത്തേക്ക് തിരികെ പോകാന്‍ വഴിയുമില്ലാതെ വലിയ മാനസിക വിഷമത്തിലായിരുന്നു ഇയാള്‍.
കഴിഞ്ഞ മേയ് 18-നാണ് അബോധാവസ്ഥയിലായ ടിന്‍സനെ റിയാദിലെ ശുമൈസി ആശുപത്രിയിലേക്ക് (കിങ് സഊദ് മെഡിക്കല്‍ സിറ്റി) മാറ്റുന്നത്. ഐ.സി.യു തീവ്രപരിചരണത്തിന് ശേഷം ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഓര്‍മശക്തി പൂര്‍ണമായി വീണ്ടെടുക്കാനായില്ല. തുടര്‍ന്ന് ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയെങ്കിലും, ആരോടും പറയാതെ ടിന്‍സന്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
വിവരമറിഞ്ഞ് ബന്ധുക്കളും കെ.എം.സി.സി സാമൂഹികപ്രവര്‍ത്തകരും ഇയാളെ കണ്ടെത്താനും നാട്ടിലെത്തിക്കാനും ആവതു ശ്രമിച്ചെങ്കിലും, ഓര്‍മ്മ തെറ്റിയ അവസ്ഥയിലായിരുന്ന ടിന്‍സന്റെ ഭാഗത്തുനിന്നുള്ള സഹകരണമില്ലായ്മ മൂലം ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസത്തോളമായി ബത്ഹയിലെ തെരുവുകളില്‍ വിശപ്പും രോഗവും സഹിച്ചു അലഞ്ഞുതിരിയുകയായിരുന്നു ഈ ചെറുപ്പക്കാരന്‍.
ഒടുവില്‍ കെട്ടിട വരാന്തയില്‍ ജീവനറ്റ നിലയില്‍ കണ്ടെത്തിയ ടിന്‍സന്റെ മൃതദേഹം പോലീസും റെഡ് ക്രസന്റും ചേര്‍ന്ന് ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ തോമസിന്റെയും റീനയുടെയും മകനാണ് ടിന്‍സന്‍. ടീന ബിജു ഏക സഹോദരിയാണ്.
നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെ പ്രിയപ്പെട്ടവരുടെ അടുക്കലേക്ക് എത്തിക്കുന്നതിനായി കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Tags: Riyadh Batha news, NRI Malayalam news, Kerala youth dead Saudi Arabia, Tinson Ollur death, Thrissur news Malayalam, KMCC Riyadh, Saudi news Malayalam, Pravasi news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




