26
Aug 2026
Wed
26 Aug 2026 Wed
man returns to life after police saves him from suicide in Idukki

ഇടുക്കി: കഴുത്തിൽ കുരുക്കിട്ട് ജീവിതം അവസാനിപ്പിക്കാൻ നിന്ന മധ്യവയസ്കനായ വർഗീസിനെ സ്നേഹവാക്കുകളിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് ഇടുക്കി പോലീസ്. ഉത്രാടദിനത്തിൽ അരങ്ങേറിയത് കാക്കിക്കുള്ളിലെ കരുതലിന്റെയും മനുഷ്യത്വത്തിന്റെയും ഹൃദയസ്പർശിയായ നേർക്കാഴ്ച.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിനുള്ളിൽ കഴുത്തിൽ കുരുക്കിട്ട് നിന്ന വർഗീസിനോട് ജനലിലൂടെയാണ് ഇടുക്കി സബ് ഇൻസ്പെക്ടർ ബിബിനും സഹപ്രവർത്തകരും സംസാരിച്ചത്. താൻ സ്റ്റേഷനിൽ ചാർജെടുത്തിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂവെന്നും എന്ത് പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാൻ സഹായിക്കാമെന്നും ഒരു മകന്റെ സ്ഥാനത്ത് നിന്ന് എസ്.ഐ ബിബിൻ ഉറപ്പ് നൽകി.

“ഒരു പത്ത് മിനിറ്റ് ഞങ്ങളെ കേൾക്കൂ, എല്ലാ സഹായവും ചെയ്തുതരാം” എന്ന സ്നേഹത്തോടെയുള്ള അഭ്യർഥനയാണ് ഒടുവിൽ വർഗീസിന്റെ മനസ്സുമാറ്റിയത്.

പോലീസിന്റെ വാക്കുകൾ കേട്ട വർഗീസ് കഴുത്തിലെ കുരുക്കഴിച്ച് കണ്ണീരൊപ്പി താഴെയിറങ്ങി. തുടർന്ന് പോലീസുകാർക്കായി വീടിന്റെ വാതിൽ തുറന്നുകൊടുത്തു.

അകത്തെത്തിയ പോലീസ് സംഘം വർഗീസിനെ ആശ്വസിപ്പിക്കുകയും പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് ആവശ്യമായ പിന്തുണയും സഹായവും ഉറപ്പുനൽകുകയും ചെയ്തു.

ലാത്തിയും അധികാരവുമല്ല, മനുഷ്യനോടുള്ള കരുതലും ചേർത്തുപിടിക്കലുമാണ് ചില ഘട്ടങ്ങളിൽ ഏറ്റവും വലിയ ശക്തിയെന്ന് തെളിയിക്കുന്നതായിരുന്നു പോലീസിന്റെ ഇടപെടൽ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതിനൊപ്പം എസ്.ഐ ബിബിനും സി.പി.ഒ സയോണിനും അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്.

മരണത്തിന്റെ നിഴൽവീണ മുറിയിൽ നിന്ന് ഒരു മനുഷ്യനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് കാക്കിയുടെ കരുത്തിനൊപ്പം മനുഷ്യത്വത്തിന്റെ വാക്കുകളായിരുന്നു.

ALSO READ: കോഴിഫാമില്‍ തീറ്റ എത്തിച്ച് മടങ്ങവേ വൈദ്യുതി വേലിയില്‍ തട്ടി; മലപ്പുറത്ത് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക