ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് യുഎഇയിൽ 10 വർഷത്തെ ജനറൽ സാറ്റലൈറ്റ് സർവീസസ് ലൈസൻസ് അനുവദിച്ചു. ഇതോടെ രാജ്യത്ത് പൊതു സാറ്റലൈറ്റ് ടെലികമ്മ്യൂണിക്കേഷൻ ശൃംഖല സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനും സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ നൽകാനും സ്റ്റാർലിങ്കിന് അനുമതിയായി.
|
യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) ആണ് അംഗീകൃത സാങ്കേതിക, നിയന്ത്രണ ചട്ടക്കൂടുകൾക്ക് വിധേയമായി ലൈസൻസ് നൽകിയത്.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കും സ്റ്റാർലിങ്കിന്റെ സേവനം ലഭ്യമാകും. മാരിടൈം, വ്യോമയാന മേഖലകൾക്കും സാറ്റലൈറ്റ് കണക്റ്റിവിറ്റി നൽകാൻ പദ്ധതിയുണ്ട്.
രാജ്യത്തെ നിലവിലുള്ള ഫൈബർ-ഓപ്റ്റിക്, 5G ശൃംഖലകൾക്ക് പുറമേ ബഹിരാകാശ അധിഷ്ഠിത കണക്റ്റിവിറ്റി കൂടി ലഭ്യമാകുന്നതോടെ ഇന്റർനെറ്റ് സേവനങ്ങളുടെ വൈവിധ്യവും ശൃംഖലയുടെ പ്രതിരോധശേഷിയും വർധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
മാരിടൈം, വ്യോമയാനം, ഊർജം, ലോജിസ്റ്റിക്സ്, അടിയന്തര സേവനങ്ങൾ തുടങ്ങിയ നിർണായക മേഖലകൾക്കും പുതിയ സംവിധാനം പ്രയോജനപ്പെടും. വിവിധ സാഹചര്യങ്ങളിൽ നെറ്റ്വർക്ക് സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാനും ഇത് സഹായിക്കുമെന്ന് TDRA വ്യക്തമാക്കി.
പുതിയ സാങ്കേതികവിദ്യകളെ സ്വീകരിക്കുന്നതിനും നിക്ഷേപവും മത്സരവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ മുന്നോട്ടുള്ള നിയന്ത്രണ സമീപനത്തിന്റെ ഭാഗമാണ് ലൈസൻസെന്ന് TDRA ഡയറക്ടർ ജനറൽ മജീദ് സുൽത്താൻ അൽ മെസ്മർ പറഞ്ഞു.സ്റ്റാർലിങ്കിന്റെ വരവ് യുഎഇയിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ വർധിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ പ്രാദേശികവും ആഗോളവുമായ ടെലികമ്മ്യൂണിക്കേഷൻ-ഡിജിറ്റൽ ഇക്കോണമി ഹബ്ബെന്ന നിലയിലുള്ള സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: അമേരിക്കയിൽ ഇന്ത്യൻ യുവതിയുടെ കൊലപാതകം: പ്രതി ആഗ്രയിൽ പിടിയിൽ
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





