01
Aug 2026
Sun
01 Aug 2026 Sun
Hiya Sakkiya achieves 1200 marks out of 1200 after battle

അർഹതപ്പെട്ട മുഴുവൻ മാർക്കും നേടിയെടുക്കാൻ നടത്തിയ പോരാട്ടത്തിനൊടുവിൽ പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്കിന്റെ തിളക്കമാർന്ന നേട്ടവുമായി ജി.എച്ച്.എസ്.എസ് നീലേശ്വരത്തിലെ സയൻസ് ബാച്ച് വിദ്യാർഥിനി ഹിയാ സാക്കിയ. ഈ വർഷത്തെ ഹയർസെക്കൻഡറി പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നപ്പോൾ ഹിയയ്ക്ക് ആദ്യം ലഭിച്ചത് 1197 മാർക്കായിരുന്നു. ഫിസിക്സ് പരീക്ഷയിൽ മൂന്ന് മാർക്കിന്റെ കുറവാണ് ആകെ സ്കോറിൽ ഉണ്ടായത്. ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള പഠനകാലത്ത് ഒരു മാർക്ക് പോലും നഷ്ടപ്പെടാതെ മികച്ച വിജയം കൈവരിച്ചിരുന്ന ഹിയയുടെ ഫലത്തിലെ ഈ കുറവ് അധ്യാപകരിലും കുടുംബത്തിലും സംശയത്തിനിടയാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടർന്ന് ഫിസിക്സ് ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി എടുത്ത് വിശദമായി പരിശോധിച്ചപ്പോഴാണ് ഉത്തരങ്ങൾ കൃത്യമായി എഴുതിയിട്ടും മൂന്ന് മാർക്ക് നഷ്ടപ്പെട്ടതായി വ്യക്തമായത്. 60 മാർക്കിന്റെ ഫിസിക്സ് പരീക്ഷയിൽ 63 മാർക്കിന് തുല്യമായ ഉത്തരങ്ങൾ എഴുതിയിരുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്.

മൂല്യനിർണയത്തിനിടെയുണ്ടായ സാങ്കേതിക പിഴവാണ് മൂന്ന് മാർക്ക് നഷ്ടപ്പെടാൻ കാരണമായതെന്ന് ബോധ്യപ്പെട്ടതോടെ ഹിയയും കുടുംബവും വിട്ടുകൊടുക്കാൻ തയ്യാറായില്ല. തുടർന്ന് ഹയർസെക്കൻഡറി ഡയറക്ടറേറ്റുമായി നിരന്തരം ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് ഹിയയ്ക്ക് അർഹതപ്പെട്ട മുഴുവൻ മാർക്കും അനുവദിച്ചുകിട്ടിയത്. ഇതോടെ 1197ൽ നിന്ന് 1200 മാർക്കിലേക്ക് ഉയർന്ന ഹിയാ സാക്കിയ ചരിത്രനേട്ടം സ്വന്തമാക്കി.

പ്രത്യേക ട്യൂഷന്റെ സഹായമില്ലാതെ, സ്വന്തം അധ്വാനവും സ്കൂളിലെ പഠനവും മാത്രം ആശ്രയിച്ചാണ് ഹിയ ഈ മികച്ച നേട്ടം കൈവരിച്ചത്. പഠനമികവിനൊപ്പം അർഹതയ്ക്കായി നടത്തിയ പോരാട്ടവും വിജയത്തിലെത്തിച്ചതോടെ ഹിയയുടെ നേട്ടത്തിന് ഇരട്ടിമധുരമായി.

ചെറുവാടി പാറക്കൽ അബ്ദുൽ സലീമിന്റെയും സെലീന യു.ടിയുടെയും മകളാണ് ഹിയാ സാക്കിയ.അർഹിച്ച വിജയം വിട്ടുകൊടുക്കാതെ പോരാടി നേടിയ ഹിയാ സാക്കിയയുടെ നേട്ടത്തിൽ ജി.എച്ച്.എസ്.എസ് നീലേശ്വരം സ്കൂൾ അധികൃതരും അധ്യാപകരും നാട്ടുകാരും അഭിനന്ദനം അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക