10
Sep 2026
Thu
10 Sep 2026 Thu
Hassan Waris ED Allegation

മുന്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരേ മൊഴി നല്‍കുന്നതിന് വേണ്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയതായി മുഹമ്മദ് വാരിസ്. സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിലാണ് മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎല്‍എയുടെ സുഹൃത്തും അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയതുമായ ഹസന്‍ വാരിസ് ഇഡിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇ ഡി ഭീഷണിപ്പെടുത്തിയതോടെയാണ് മുഹമ്മദ് റിയാസിനെതിരെ മൊഴി നല്‍കിയതെന്ന് ഹസന്‍ വാരിസ് പറയുന്നു. തന്റെ മൊഴിക്ക് നിയമപരമായി സാധുതയില്ലെന്നും മൊഴി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഇ ഡിക്ക് ഹസന്‍ വാരിസ് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. മകളെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മൊഴിയില്‍ ഒപ്പുവപ്പിച്ചത്. സിഎംആര്‍എല്ലില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ പണം വിദേശത്തേക്ക് കടത്താന്‍ മുഹമ്മദ് റിയാസിനെ സഹായിച്ചുവെന്നാണ് ഹസന്‍ വാരിസിനെതിരെ ഇ ഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ പരാമര്‍ശിക്കുന്ന ആരോപണം.

ആഗസ്റ്റ് 18നാണ് ഇ ഡി ചോദ്യം ചെയ്തതെന്നും അതേദിവസം തന്നെ തന്റെ മൊഴി രേഖപ്പെടുത്തി അതില്‍ ഒപ്പ് വെപ്പിച്ചെന്നും ഹസന്‍ വാരിസ് സത്യവാങ്മൂലത്തില്‍ പറയുന്നു. പി എ മുഹമ്മദ് റിയാസില്‍ നിന്നോ അദ്ദേഹത്തിന്റെ ഏതെങ്കിലും ബന്ധുവില്‍ നിന്നോ പണം കൈപ്പറ്റിയിട്ടില്ല. ഒരുകാലത്തും ഒരാള്‍ക്കും പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരം പണം കൈമാറിയിട്ടില്ല. എന്നാല്‍ റിയാസിനെതിരെ മൊഴി നല്‍കുകയും പേപ്പറില്‍ ഒപ്പിടുകയും ചെയ്തില്ലെങ്കില്‍ തന്റെ 22 കാരിയായ ഇളയ മകളെ ബുദ്ധിമുട്ടിക്കുമെന്നും നിലവിലെ കേസില്‍ പ്രതിയാക്കുമെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ഹസന്‍ വാരിസ് ആരോപിക്കുന്നു.

ALSO READ: സിഎംആര്‍എല്‍ കേസില്‍ പിണറായിക്കെതിരേ ഗുരുതര പരാമര്‍ശം; 3.28 കോടി കൈക്കൂലി വാങ്ങിയെന്ന് ഇഡി

തന്റെ മകളെ അറസ്റ്റ് ചെയ്യുമെന്നും ജാമ്യം ലഭിക്കാത്ത വിധം വര്‍ഷങ്ങളോളം ജയിലില്‍ അടക്കുമെന്നും ഇ ഡി ഭീഷണിപ്പെടുത്തി. സ്വന്തം മകളെ രക്ഷിക്കണോ, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും മകളെ സംരക്ഷിക്കണോയെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിച്ചു. വരാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തുമ്പോള്‍, 20 ഓളം ആയുധധാരികളായ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വീട്ടിലുണ്ടായിരുന്നു. അവിടെ ഭാര്യയും മകളും വാ തുറക്കാന്‍ കഴിയാതെ നിസ്സഹായര്‍ ആയിരുന്നു.

18ാം തീയതി നല്‍കിയ മൊഴിയില്‍ ഒപ്പിടാന്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തി. നിയമസഹായം തേടാനായി അഭിഭാഷകനെ വിളിക്കാന്‍ മൊബൈല്‍ ഫോണിനായി അപേക്ഷിച്ചെങ്കിലും നല്‍കിയില്ല. മൊബൈല്‍ നല്‍കാന്‍ സാധ്യമല്ലെന്നും ഇ ഡിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അത്തരം നിയമസഹായങ്ങള്‍ ലഭ്യമാക്കല്‍ നിയമത്തില്‍ അനുവദനീയമല്ലെന്നുമായിരുന്നു മറുപടി. തന്റെ പൂര്‍ണ്ണമായ സമ്മതത്തോടെയുള്ള മൊഴിയല്ല ഇഡിക്ക് മുന്നില്‍ നല്‍കിയത്. അതിനാല്‍ തന്നെ മൊഴിക്ക് നിയമപരമായി സാധുതയില്ലയെന്നും ഹസന്‍ വാരിസ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

രക്ഷപ്പെടാനുള്ള ശ്രമമെന്ന് ഇഡി

ഹസന്‍ വാരിസില്‍ നിന്ന് സത്യവാങ്മൂലം ലഭിച്ചതായി ഇഡി സ്ഥിരീകരിച്ചു. എന്നാല്‍, ഇത് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും അത് മുഖവിലക്കെടുക്കുന്നില്ലെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി.

Tags: Hassan Waris, ED allegation, PA Mohammad Riyas, CMRL Exalogic case, Enforcement Directorate Kerala, Kerala political news, Crime news Malayalam, ED investigation controversy, Exalogic case update, CPIM Kerala, Left Front Kerala

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക