മകനെ കാണാനായി ആസ്‌ത്രേലിയയിലെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിനിയായ 67കാരിയും മരുമകളും മെൽബണിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. രാമാദേവി (67), മരുമകൾ നേഹ ബൊമ്മാലി (33) എന്നിവരാണ് മരിച്ചത്.
|
ബുധനാഴ്ച രാത്രി മെൽബണിലെ പോയിന്റ് കുക്കിൽ ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട കൊറോള മറ്റൊരു കാറായ പോർഷെ മാക്കാനുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 9.40ഓടെ ബോർഡ്‌വാക്ക് ബുലേവാർഡും ഇന്നസ്‌ഫെയിൽ ഡ്രൈവുമായുള്ള കവലയിലാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
നേഹയായിരുന്നു ടൊയോട്ട ഓടിച്ചിരുന്നത്. രാമാദേവി യാത്രക്കാരിയായിരുന്നു. അപകടത്തിൽ പോർഷെ ഓടിച്ചിരുന്ന 53കാരനായ പോയിന്റ് കുക്ക് സ്വദേശിക്ക് നിസാര പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
വിക്ടോറിയ പൊലീസിന്റെ മേജർ കൊളിഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണ്.
മകന്റെയും കൊച്ചുമക്കളുടെയും ഒപ്പം സമയം ചെലവഴിക്കാനായി ഭർത്താവ് തുളസി പ്രസാദിനൊപ്പം ടൂറിസ്റ്റ് വിസയിലാണ് രാമാദേവി ഓസ്‌ട്രേലിയയിലെത്തിയത്. നേഹയുടെ ഭർത്താവ് വരുണ്‍ ചന്ദ്ര ഗുന്നയും മക്കളും മെൽബണിലാണ് താമസിക്കുന്നത്.
രാമാദേവിയുടെയും നേഹയുടെയും മരണം ഒരേ നിമിഷത്തിൽ കുടുംബത്തെ തകർത്തുവെന്ന് വരുണ്‍ പറഞ്ഞു. നേഹയും രാമാദേവിയും മരിച്ചതോടെ രണ്ട് കുട്ടികൾക്ക് അമ്മയെയും മുത്തശ്ശിയെയും ഒരുമിച്ച് നഷ്ടമായി. കുടുംബം അടുത്തിടെ മകൾ വിവാൻവിയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചിരുന്നു. മൂന്നര വയസ്സുള്ള ഹാരവ് എന്ന മകനുമുണ്ട്.
ALSO READ:80കാരൻ പ്രതിയായ ലൈംഗിക പീഡനക്കേസിൽ നിർണായക വഴിത്തിരിവ്; വീഡിയോയിലെ പെൺകുട്ടിയെ കണ്ടെത്തി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





