രാജ്യാന്തര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡൽഹി പൊലീസ് 42കാരിയായ പാർവതിയെയും അവരുടെ ബോഡിഗാർഡിനെയും അറസ്റ്റ് ചെയ്തു. ബവാനയിലെ ന്യൂ സനോത്ത് കോളനിയിൽ നടത്തിയ പരിശോധനയിൽ 1.204 കിലോഗ്രാം ഹെറോയിൻ, 64.62 ലക്ഷം രൂപ പണം, 355 ഗ്രാം സ്വർണം, 161 ഗ്രാം വെള്ളി എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന് മാത്രം 1.5 കോടിയിലധികം രൂപ വില വരുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
|
പാർവതിക്കെതിരെ നേരത്തെ NDPS നിയമപ്രകാരവും എക്സൈസ് നിയമപ്രകാരവും 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. നരേല ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷന്റെ സ്ഥിരം കുറ്റവാളി ലിസ്റ്റിലും ഇവരുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
സെപ്റ്റംബർ 23ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസിന്റെ ഔട്ടർ നോർത്ത് ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ന്യൂ സനോത്ത് കോളനിയിലെ ഒരു വീടിന്റെ രണ്ടാം നിലയിൽ നിന്നാണ് പാർവതിയെയും 30കാരനായ വികാസ് കുമാർ എന്ന ഷാനുവിനെയും പിടികൂടിയത്.
പാർവതിയുടെ കൂടെ താമസിച്ചിരുന്ന വികാസ് കുമാർ ഇവരുടെ ബോഡിഗാർഡായി പ്രവർത്തിച്ചിരുന്നതായും പൊലീസ് ആരോപിക്കുന്നു. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പാർവതി വീട് നിർമ്മിച്ചുവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ടാറ്റ ഹാരിയർ കാറും പൊലീസ് പിടിച്ചെടുത്തു.
വീട്ടിൽ നടത്തിയ പരിശോധനയിൽ 56.69 ലക്ഷം രൂപ, 355 ഗ്രാം സ്വർണം, 161 ഗ്രാം വെള്ളി, നാല് സ്വത്തുക്കളുടെ രജിസ്ട്രേഷൻ രേഖകൾ എന്നിവ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കടത്തിലൂടെ സമ്പാദിച്ച പണമാണ് ഇവയ്ക്കായി ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ ആരോപണം.കേസിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.
ALSO READ:ജമ്മു കശ്മീരിൽ സിഐഎസ് എഫ് ജവാൻ അസിസ്റ്റന്റ് കമാൻഡന്റ് ഉൾപ്പെടെ നാല് സഹപ്രവർത്തകരെ വെടിവച്ചുകൊന്നു
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




