തിരുവനന്തപുരം: നെയ്യാറ്റിന്‍കര പൂഴികുന്നില്‍ വീടിനുള്ളില്‍ ഗൃഹനാഥനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പൂഴികുന്ന് സ്വദേശി രാജന്‍ (45) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ സുഹൃത്തും വെങ്ങാനൂര്‍ സ്വദേശിയുമായ അനൂപ് കൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.
|
പ്രധാന വിവരങ്ങൾ (Key Highlights)
- ദാരുണ കൊലപാതകം: തിരുവനന്തപുരം നെയ്യാറ്റിൻകര പൂഴികുന്നിൽ 45-കാരനായ രാജനെ വീടിനുള്ളിൽ തല വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തി.
- പ്രതി പിടിയിൽ: രാജന്റെ സുഹൃത്തും വെങ്ങാനൂർ സ്വദേശിയുമായ അനൂപ് കൃഷ്ണനെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തു.
- കുറ്റസമ്മതം പോലീസ് പരിശോധനയിൽ: പരസ്യ മദ്യപാനത്തിനിടെ പിടികൂടിയ അനൂപിന്റെ വസ്ത്രങ്ങളിൽ രക്തക്കറയും പക്കൽ കത്തിയും കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന രാജന്റെ മൃതദേഹം തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് അയല്‍വാസികള്‍ കണ്ടെത്തുന്നത്. തല വെട്ടിമാറ്റിയ നിലയിലായിരുന്ന മൃതദേഹത്തില്‍ 35-ഓളം മാരകമായ മുറിവുകളുണ്ടായിരുന്നു. കൊലപാതകം ഞായറാഴ്ച നടന്നതാകാനാണ് സാധ്യതയെന്ന് പോലീസ് വ്യക്തമാക്കി.
ALSO READ: തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍!
കൊലപാതകം പുറത്തറിയുന്നത് ഇങ്ങനെ
ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് കഴിയുന്ന രാജന്റെ വീട്ടില്‍ അനൂപ് പതിവായി എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇരുവരും ചേര്‍ന്ന് രാജന്റെ വീട്ടില്‍ മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെയും കയ്യാങ്കളിയെയും തുടര്‍ന്നാണ് അനൂപ് രാജനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
കൃത്യത്തിന് ശേഷം രാജന്റെ ഇരുചക്ര വാഹനവുമായി അനൂപ് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. വിഴിഞ്ഞം ഭാഗത്തേക്ക് പോയ അനൂപ് വഴിയരികില്‍ പരസ്യമായി മദ്യപിക്കുന്നതിനിടെയാണ് വിഴിഞ്ഞം പോലീസിന്റെ സട്രൈക്കിംഗ് ഫോഴ്‌സിന്റെ പിടിയിലാകുന്നത്.
പരിശോധനയ്ക്കിടെ അനൂപിന്റെ വസ്ത്രങ്ങളില്‍ രക്തക്കറ കണ്ടെത്തുകയും കത്തി പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് സംശയം തോന്നി പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് രാജനെ വെട്ടിക്കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന വിവരം പ്രതി വെളിപ്പെടുത്തുന്നത്.
മര്‍ദ്ദനത്തിലുള്ള പകയെന്ന് സംശയം
മദ്യപിച്ച ശേഷം രാജന്‍ പതിവായി അനൂപിനെ ശാരീരികമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിലുള്ള കടുത്ത പകയും മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിഴിഞ്ഞം പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ നെയ്യാറ്റിന്‍കര പോലീസിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.
Tags: Neyyattinkara Murder, Poozhikkunnu Crime, Thiruvananthapuram News, Rajan Murder Case, Vizhinjam Police, Kerala Police, Crime News Malayalam, Trivandrum News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




