11
Oct 2026
Sun
11 Oct 2026 Sun
Nedumbassery Mini Cooper Accident Suhail Sajeev Details

കൊച്ചി: നെടുമ്പാശേരി എയർപോർട്ട് റോഡിൽ തട്ടുകടയിൽ നിന്നും ചായ കുടിച്ചിറങ്ങിയ മൂന്ന് യുവാക്കളുടെ ജീവനെടുത്ത ആഡംബര മിനി കൂപ്പർ കാറോടിച്ച യുവാവിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തൃക്കാക്കര സ്വദേശിയും രാജഗിരി കോളേജിലെ ബി.കോം വിദ്യാർത്ഥിയുമായ സുഹൈൽ സജീവ് (21) ആണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത്. അപകട സമയത്ത് താൻ മദ്യപിച്ചിരുന്നതായി ഇയാൾ പോലീസിനോട് സമ്മതിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയനാട് മടക്കിമല സ്വദേശിനി ദേവിക (21), മംഗലാപുരം സുള്ള്യ സ്വദേശി ഇജാസ് (21), പാലക്കാട് കരിമ്പ സ്വദേശിനി ഗോപിക (21) എന്നിവരാണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. പ്രദേശത്തെ പ്രമുഖ കരകൗശല (Handicraft) സ്ഥാപനത്തിലെ ജീവനക്കാരാണിവർ.

വേഗത ഹരമാക്കിയ ഇൻസ്റ്റഗ്രാം പ്രൊഫൈൽ; 218 കി.മീ വേഗതയിൽ മത്സരയോട്ടം

സുഹൈൽ പതിവായി അതിവേഗത്തിൽ വാഹനം ഓടിക്കുന്ന സ്വഭാവക്കാരനാണെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. 218 കിലോമീറ്റർ വേഗതയിൽ കാർ പയിക്കുന്നതിന്റെ വീഡിയോകൾ ഇയാൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മുൻപ് പങ്കുവെച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഒരു പ്രമുഖ വസ്ത്രവ്യാപാരിയുടെ മകനാണ് അറസ്റ്റിലായ സുഹൈൽ.

ഞായറാഴ്ച പുലർച്ചെ എയർപോർട്ട് റോഡിൽ വാളേപ്പുറം കവലയ്ക്ക് സമീപമായിരുന്നു ദാരുണമായ അപകടം. ചായ കുടിച്ച ശേഷം മൂവരും സ്കൂട്ടറിൽ മടങ്ങാൻ തുനിയവേ, അമിതവേഗതയിലെത്തിയ മിനി കൂപ്പർ ഇവരുടെ സ്കൂട്ടറിലേക്ക് നേരെ ഇടിച്ചു കയറുകയായിരുന്നു.

വൈപ്പറിൽ കുടുങ്ങിയ ഷോൾ; കാറിന്റെ മുൻഭാഗം ത തകർന്നു

അപകടത്തിന്റെ ആഘാതത്തിൽ ആഡംബര കാറിന്റെ ബോണറ്റും മുൻവശത്തെ ഗ്ലാസുകളും പൂർണ്ണമായും തകർന്നുപോയി. ഇടിച്ചതിന്റെ ശക്തിയിൽ മരിച്ച യുവതികളിൽ ഒരാളുടെ ഷോൾ കാറിന്റെ വൈപ്പറിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന മൂന്ന് പേരും റോഡിലേക്ക് ദൂരേക്ക് തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.

മോട്ടോർ വാഹന വകുപ്പ് (MVD) ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി കാറിന്റെ സാങ്കേതിക പരിശോധനകളും ശാസ്ത്രീയ തെളിവെടുപ്പുകളും നടത്തിയിട്ടുണ്ട്.

രാത്രി 11 മുതൽ പുലർച്ചെ 5 വരെ എയർപോർട്ട് റോഡിൽ ‘മരണപ്പാച്ചിൽ’!

എയർപോർട്ട് റോഡിൽ രാത്രികാലങ്ങളിൽ നടക്കുന്നത് ജീവനെടുക്കുന്ന മത്സരയോട്ടമാണെന്ന് നാട്ടുകാർ രോഷത്തോടെ ആരോപിക്കുന്നു.

രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെയുള്ള സമയങ്ങളിൽ നമ്പർ പ്ലേറ്റുകൾ പോലുമില്ലാത്ത പലതരം ആഡംബര കാറുകളും സൂപ്പർ ബൈക്കുകളും വഴിയിൽ വൻ വേഗതയിലാണ് റൈഡ് നടത്തുന്നത്. പലതവണ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.

അപകടമുണ്ടാക്കിയ സുഹൈലിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച് കൂടുതൽ ലഹരി പരിശോധനകൾക്കായി അയച്ചിട്ടുണ്ടെന്നും ഇയാൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായും നെടുമ്പാശേരി പോലീസ് അറിയിച്ചു.

Tags: Nedumbassery Car Accident, Mini Cooper Scooter Accident, Suhail Sajeev Instagram, Ernakulam News Malayalam, Nedumbassery Airport Road Speed Racing, Kerala News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക