തിരുവനന്തപുരം: വിവാദമായ സി.എം.ആര്‍.എല്‍-എക്സാലോജിക് ‘മാസപ്പടി’ കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടികളിലേക്ക് കടന്നു. നേരത്തെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പ്രാഥമിക അന്വേഷണ ഉത്തരവ് തള്ളിക്കളഞ്ഞ ഹൈക്കോടതി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നേരിട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
|
കൈക്കൂലി കേസില്‍ പിണറായി; ഹവാല ഇടപാടില്‍ റിയാസ്
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) കമ്പനിയില്‍ നിന്ന് പിണറായിയുടെ മകള്‍ ടി. വീണയുടെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക് സൊല്യൂഷന്‍സ്’ കമ്പനിക്ക് നല്‍കിയ പണം അഴിമതിയുടെ ഭാഗമായുള്ള കൈക്കൂലി തുകയാണെന്നാണ് ഏജന്‍സികളുടെ കണ്ടെത്തല്‍.
കൈക്കൂലി കേസ്: അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13(1)(d) വകുപ്പുകളും ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയാണ് വിജിലന്‍സ് നടപടി. കേസില്‍ പിണറായി വിജയനാണ് ഒന്നാം പ്രതി.
ഹവാല കേസ്: അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പി.എ. മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്.ഐ.ആര്‍ തയാറാക്കിയിട്ടുള്ളത്.
ഹൈക്കോടതി വിധി തിരിച്ചടിയായി; പ്രാഥമിക അന്വേഷണ വാദം തള്ളി
വ്യക്തമായ തെളിവുകളുള്ള കേസില്‍ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ശാസ്ത്രീയമായ അന്വേഷണം വിജിലന്‍സ് നടത്തണമെന്നുമാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. പോലീസ് മേധാവി പ്രാഥമിക അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിജിലന്‍സ് ഡയറക്ടറോട് കേസ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടത്.
മുന്‍കൂട്ടി സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ കേസില്‍ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണവുമായി വിജിലന്‍സിന് മുന്നോട്ടുപോകാന്‍ സാധിക്കും.
രാഷ്ടീയപ്പോര് മുറുകുന്നു
മാസപ്പടി കേസില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ നിര്‍ണ്ണായക നിര്‍ദ്ദേശവും തുടര്‍ന്നുണ്ടാകുന്ന വിജിലന്‍സ് നടപടിയും പ്രതിപക്ഷത്തിന് വലിയ രാഷ്ട്രീയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിജിലന്‍സ് സമര്‍പ്പിക്കുന്ന എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തില്‍ കേസിലെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് വരും ദിവസങ്ങളില്‍ വിജിലന്‍സ് കടക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
Tags: Masappadi Case, Pinarayi Vijayan Vigilance FIR, Veena Exalogic CMRL Case, Muhammad Riyas, High Court Order Kerala, Kerala News Malayalam, Latest News Kerala
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





