16
Oct 2026
Fri
16 Oct 2026 Fri
Kochi Synagogue Arson Case UAPA Ebin Paul NIA IB Probe

കൊച്ചി: എറണാകുളം കടവുംഭാഗം ജൂതപ്പള്ളിക്കു (സിനഗോഗ്) മുന്നില്‍ തീയിട്ട സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍. കേസില്‍ അറസ്റ്റിലായി കസ്റ്റഡിയില്‍ കഴിയുന്ന എബിന്‍ പോളിനെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ (UAPA – Unlawful Activities Prevention Act) വകുപ്പുകള്‍ കൂടി ചേര്‍ത്തതായി പൊലീസ് അറിയിച്ചു. അന്താരാഷ്ട്ര ബന്ധങ്ങളും ഭീകരവാദവും സംശയിക്കുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറണാകുളം മജിസ്‌ട്രേട്ട് കോടതി 5 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (NIA), ഇന്റലിജന്‍സ് ബ്യൂറോ (IB) ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്. എബിന്റെ ആരോഗ്യസ്ഥിതിയും മാനസികാവസ്ഥയും കണക്കിലെടുത്ത് കൃത്യമായ മെഡിക്കല്‍ പരിശോധന നടത്താനും മരുന്നും ചികിത്സയും ഉറപ്പാക്കാനും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ പലതിനും ‘ഓര്‍മയില്ല’ എന്ന മറുപടിയാണ് പ്രതി നല്‍കുന്നത്.

‘ബോസ്’ നല്‍കിയ ടാസ്‌ക്; ഡാര്‍ക്ക് വെബും
ക്രിപ്‌റ്റോ ഇടപാടുകളും

അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ‘ബോസ്’ എന്ന വിളിപ്പേരിലുള്ള അജ്ഞാതന്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണു എബിന്‍ സിനഗോഗിന് തീവെച്ചത്. ഇതിനുള്ള പ്രതിഫലമായി ഏകദേശം 2 ലക്ഷം രൂപയോളം മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സി എബിന്റെ വോലറ്റില്‍ എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിനഗോഗ് തീവയ്പ്പ് ഒരു ടെസ്റ്റ് ഡോസ് മാത്രമായിരുന്നുവെന്നും കൂടുതല്‍ വലിയ ടാസ്‌ക് നല്‍കാനുള്ള പരിശീലനമായിരുന്നുവെന്നുമാണ് ചോദ്യം ചെയ്യലില്‍ ലഭിച്ച സൂചന.

ഡാര്‍ക്ക് വെബ്‌ ബന്ധം: കഴിഞ്ഞ 2 വര്‍ഷമായി ടെലഗ്രാം മാത്രം ഉപയോഗിച്ചുവന്നിരുന്ന എബിന്‍ ഡാര്‍ക്ക് വെബ്‌ല്‍ സജീവമായിരുന്നു. സമൂഹമാധ്യമങ്ങളിലെ എബിന്റെ പോസ്റ്റുകള്‍ കണ്ടാണ് ‘ബോസ്’ ബന്ധപ്പെട്ടതെന്നും, കൃത്യമായ സ്ഥലവും ടാസ്‌കും ബോസ് തന്നെയാണ് നിര്‍ദ്ദേശിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ദൃശ്യങ്ങള്‍ കൈമാറി: ടാസ്‌ക് ചെയ്യുന്ന സ്ഥലത്തിന്റെ ഫോട്ടോയും പിന്നീട് തീയിടുന്നതിന്റെ ദൃശ്യങ്ങളും എബിന്‍ ബോസിന് അയച്ചുകൊടുത്തിട്ടുണ്ട്. കൂടുതല്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുമെന്നതിനാലാണ് കൊച്ചിയിലെ സിനഗോഗ് തന്നെ ആക്രമണത്തിനായി തിരഞ്ഞെടുത്തതെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവത്തിന് പിന്നാലെ തൃശൂര്‍ മാളയിലെ ജൂത സിനഗോഗിനും കൊച്ചിയിലെ പൈതൃക കേന്ദ്രങ്ങള്‍ക്കും പൊലീസ് പ്രത്യേക സുരക്ഷയും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ വിശദമായ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനകള്‍ പുരോഗമിക്കുകയാണ്.

Tags: Kochi Synagogue Fire UAPA, Ebin Paul Arrest, Kadavumbhagam Synagogue Arson, NIA IB Investigation Kerala, Darkweb Crypto Terror Links, Kerala Crime News Malayalam, National News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക