ഹൈദരാബാദ്: പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം ജ്വല്ലറി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 1.3 കോടി രൂപ തട്ടിയെടുത്തു. സംഭവത്തിൽ 53കാരനായ കെ. ശ്രീനിവാസ റാവുവിനെ പൊലീസ് രക്ഷപ്പെടുത്തി. കേസിൽ പത്തുപേരെ അറസ്റ്റ് ചെയ്തു. രണ്ടുപേർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
|
ഒക്ടോബർ അഞ്ചിന് രാമന്താപുരത്തെ ജ്വല്ലറിയിലേക്ക് പോകുന്നതിനിടെയാണ് ശ്രീനിവാസ റാവുവിനെ സംഘം തട്ടിക്കൊണ്ടുപോയത്. ഗോലനാക ഫ്ലൈഓവറിന് സമീപം വാഹനം തടഞ്ഞ സംഘം അദ്ദേഹത്തിന്റെ കണ്ണുകൾ മൂടി അജ്ഞാത കേന്ദ്രത്തിൽ തടവിലാക്കുകയായിരുന്നു. മോചനത്തിനായി കുടുംബത്തോട് 15 കോടി രൂപ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു.
വ്യാജ നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ ഉപയോഗിക്കുകയും യാത്രയ്ക്കിടെ വാഹനങ്ങൾ മാറ്റുകയും ചെയ്താണ് സംഘം പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചത്.
റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ബൊഡുപ്പലിലെ ഹേമനഗറിലുള്ള റിയൽ എസ്റ്റേറ്റ് സംരംഭവുമായി ബന്ധപ്പെട്ട തർക്കമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് സംശയം. കേസിലെ മുഖ്യപ്രതിയായ ദുമാവത്ത് ശ്രീകാന്ത്, ഗുഞ്ചപോഗു സുരേഷ് എന്ന സൂര്യ, ശ്രീനിവാസ് റെഡ്ഡി എന്നിവർ ചേർന്ന് ഓഗസ്റ്റിൽ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതായാണ് പൊലീസ് പറയുന്നത്.
പണവും സ്വർണവും വാഹനങ്ങളും പിടിച്ചെടുത്തു
പൊലീസ് നടത്തിയ സംയുക്ത പരിശോധനയിൽ 1.07 കോടി രൂപ, 118.26 ഗ്രാം സ്വർണാഭരണങ്ങൾ, അഞ്ച് വാഹനങ്ങൾ, ഒമ്പത് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. തട്ടിയെടുത്ത പണത്തിന്റെ ശേഷിക്കുന്ന ഭാഗം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
മുഖ്യപ്രതിയായ ശ്രീകാന്തിനെതിരെ വഞ്ചനയുമായി ബന്ധപ്പെട്ട 16 കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സുരേഷിനെതിരെയും സ്വത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, മോഷണം, കവർച്ച, പണം തട്ടൽ, മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളുണ്ടെന്നാണ് വിവരം.
ഒളിവിലുള്ള രണ്ടുപേരെ കണ്ടെത്താനും ബാക്കി പണം വീണ്ടെടുക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സെക്കന്തരാബാദ് സോൺ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





