വഡോദര: തൃണമൂൽ കോൺഗ്രസ് വിട്ട് എൻഡിഎ പക്ഷത്തേക്ക് മാറിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാന് ഗുജറാത്ത് സർക്കാരിന്റെ ഭൂമി കൈമാറ്റ നീക്കം. വഡോദരയിലെ കുടുംബവീടിനോട് ചേർന്നുള്ള, വർഷങ്ങളായി വിവാദത്തിലുള്ള ഏകദേശം 1,000 ചതുരശ്ര മീറ്റർ ഭൂമിയുടെ പകുതി സൗജന്യമായി നൽകാനും ബാക്കി പകുതിക്ക് ഏകദേശം 10 കോടി രൂപ ഈടാക്കാനുമാണ് സർക്കാർ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
|
2012 മുതൽ ഭൂമി സ്വന്തമാക്കാൻ ശ്രമിച്ചുവരികയായിരുന്നു യൂസഫ് പഠാൻ. അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നിലയിലുള്ള സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ഭൂമി 99 വർഷത്തെ പാട്ടത്തിന് നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
എന്നാൽ പൊതുസ്വത്തായ ഭൂമി സുതാര്യമായ ലേലത്തിലൂടെ മാത്രമേ കൈമാറാവൂ എന്ന നിലപാടാണ് ആദ്യം അധികൃതർ സ്വീകരിച്ചത്. 2024ൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, ഭൂമിയിലെ കൈയേറ്റം നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന വഡോദര മുനിസിപ്പൽ കോർപറേഷൻ യൂസഫ് പഠാന് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
അനുമതിയും സാമ്പത്തിക നടപടികളും പൂർത്തിയാക്കാതെ മുനിസിപ്പൽ ഭൂമി കൈവശംവെച്ചതിനെ ഹൈക്കോടതി അടുത്തിടെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് കേസുമായി ബന്ധപ്പെട്ട അപ്പീലുകൾ യൂസഫ് പഠാന്റെ അഭിഭാഷകർ നിരുപാധികം പിൻവലിച്ചു. ഇതിന് പിന്നാലെയാണ് ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങൾ ഉണ്ടായത്.
ഗുജറാത്തിനെ പ്രതിനിധീകരിച്ച് രാജ്യത്തിനായി മികച്ച സംഭാവന നൽകിയ അന്താരാഷ്ട്ര കായികതാരങ്ങൾക്കുള്ള പ്രത്യേക ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഭൂമിയുടെ പകുതി അനുവദിക്കുന്നതെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
അതേസമയം, യൂസഫ് പഠാന്റെ രാഷ്ട്രീയ ചുവടുമാറ്റത്തിന് പിന്നാലെ ഭൂമി വിഷയത്തിൽ ഉണ്ടായ പുതിയ തീരുമാനത്തിന്റെ സമയക്രമം രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
2012 മാർച്ചിലാണ് യൂസഫ് പഠാൻ ഇന്ത്യക്കായി അവസാന ഏകദിനവും ട്വന്റി20 മത്സരവും കളിച്ചത്. 2011 മുതൽ 2017 വരെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായും അദ്ദേഹം കളിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



