19
Oct 2026
Mon
19 Oct 2026 Mon

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും അക്രമം രൂക്ഷമായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗിന്റെ വസതിക്ക് മുന്നിലെത്തി. പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. മെയ്തെയ് വിഭാഗക്കാർ താമസിക്കുന്ന പ്രദേശത്ത് നടന്ന സംഗീത പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ കല്ലേറും വെടിവെപ്പുമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു. വെടിയേറ്റ 24കാരൻ പിന്നീട് മരിച്ചു.

ഖമേൻലോക്കിലാണ് രണ്ടാമത്തെ സംഭവം. സമീപത്തെ കുന്നുകളിൽ വിറക് ശേഖരിക്കാൻ പോയ മൂന്ന് ഗ്രാമവാസികൾ വെടിയേറ്റ് കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കുക്കി വിഭാഗത്തിന് സ്വാധീനമുള്ള കാങ്‌പോക്പി ജില്ലയോട് അതിർത്തി പങ്കിടുന്ന ഇംഫാൽ ഈസ്റ്റ് മേഖലയിലാണ് സംഭവം. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ഗോത്രവിഭാഗത്തിൽപ്പെട്ട സായുധ സംഘങ്ങളാണെന്നാണ് സംശയം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി നാട്ടുകാർ മുഖ്യമന്ത്രിയുടെ സുരക്ഷാ സന്നാഹങ്ങളുള്ള വസതിയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാർ രണ്ട് മൃതദേഹങ്ങൾ വസതിക്ക് മുന്നിൽ വെച്ചതോടെ പൊലീസ് ഇടപെട്ട് മൃതദേഹങ്ങൾ അവിടെനിന്ന് നീക്കി.

വിറക് ശേഖരിക്കാൻ പോയവരെ ആക്രമിച്ച സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രാദേശിക എംഎൽഎ തോക്‌ചോം ലോകേശ്വർ സിംഗ് ആവശ്യപ്പെട്ടു. സംഭവസ്ഥലത്തിന് സമീപമുള്ള സിനായി ക്യാമ്പ് എന്നറിയപ്പെടുന്ന സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (SoO) ക്യാമ്പ് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിറക് ശേഖരിക്കാൻ പോയവർക്ക് സംരക്ഷണം നൽകുമെന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നതായും എംഎൽഎ പറഞ്ഞു.

അക്രമത്തിൽ പരിക്കേറ്റ് രാജ് മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു. അതേസമയം, വെടിവെപ്പുണ്ടായ പ്രദേശത്ത് സുരക്ഷാ സേന പരിശോധന നടത്തി.

2023 മേയിൽ ആരംഭിച്ച മെയ്തെയ്–കുക്കി വംശീയ സംഘർഷത്തെത്തുടർന്ന് മണിപ്പൂരിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾക്കിടെയാണ് പുതിയ സംഭവങ്ങൾ. ഇംഫാൽ ഈസ്റ്റ്–കാങ്‌പോക്പി അതിർത്തി മേഖലയിലെ കൊലപാതകങ്ങൾ ഇരുവിഭാഗങ്ങൾക്കുമിടയിലെ അവിശ്വാസം കൂടുതൽ വർധിപ്പിക്കുമെന്ന ആശങ്കയും ശക്തമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക