27
Oct 2026
Tue
27 Oct 2026 Tue
Tamil Nadu Theni Sub Jailbreak 17 Inmates Escape

തേനി / ചെന്നൈ: തമിഴ്നാട്ടിലെ തേനി തെക്കമ്പട്ടി സബ് ജയിലില്‍ ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് 17 വിചാരണത്തടവുകാര്‍ രക്ഷപ്പെട്ട സംഭവം തമിഴ്നാട് പോലീസിനും ആഭ്യന്തര വകുപ്പിനും വലിയ നാണക്കേടാവുന്നു. തിങ്കളാഴ്ച രാത്രി വൈകി കൃത്യമായ ഗൂഢാലോചനയിലൂടെ നടപ്പിലാക്കിയ ‘അപസ്മാര നാടകത്തിന്’ പിന്നാലെയാണ് തടവുകാര്‍ ഒന്നടങ്കം ഇരുട്ടിന്റെ മറവില്‍ ഓടി രക്ഷപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1995-ല്‍ വേല്ലൂര്‍ സ്‌പെഷ്യല്‍ ഡിറ്റന്‍ഷന്‍ ക്യാമ്പില്‍ നിന്ന് എല്‍.ടി.ടി.ഇ ബന്ധമുള്ള 43 തടവുകാര്‍ 153 അടി നീളമുള്ള തുരങ്കമുണ്ടാക്കി രക്ഷപ്പെട്ട സംഭവത്തിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ ജയില്‍ ചാട്ടമാണിതെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

അപസ്മാര നാടകവും ആസൂത്രിത ആക്രമണവും

ഒരേ സെല്ലില്‍ കഴിയുകയായിരുന്ന 17 തടവുകാരാണ് ജയില്‍ചാട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. രാത്രിയില്‍ തടവുകാരില്‍ ഒരാള്‍ക്ക് കഠിനമായി അപസ്മാരം ബാധിച്ചുവെന്നും അടിയന്തര വൈദ്യസഹായം വേണമെന്നും പറഞ്ഞ് ഉള്ളിലുണ്ടായിരുന്നവര്‍ ഒച്ചവെക്കുകയും നിലവിളിക്കുകയും ചെയ്യുകയായിരുന്നു.

ഇതുകേട്ട് സെല്ലിന്റെ വാതില്‍ തുറന്ന് ഉള്ളിലേക്ക് പ്രവേശിച്ച ജയില്‍ ജീവനക്കാരെ തടവുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗ്രേഡ് II പോലീസുകാരനായ തങ്കപാണ്ഡിക്ക് തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ജീവനക്കാരെ വീഴ്ത്തിയ ശേഷം കോമ്പൗണ്ട് ഭിത്തി കടന്ന് ഇവര്‍ സമീപത്തെ കാട്ടുപാതകളിലേക്ക് ഓടിമറയുകയായിരുന്നു.

4 പേര്‍ വലയില്‍; 13 പേര്‍ക്കായി 17 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍

സംഭവം നടന്ന ഉടന്‍ തന്നെ ദക്ഷിണ മേഖല പോലീസ് ഐ.ജി വിജേയന്ദ്ര ബിദാരിയുടെയും തേനി ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ജയിലിന് തൊട്ടുപിന്നിലെ കാടുകയറിയ മേഖലയില്‍ ഒളിച്ചിരുന്ന മധുര സ്വദേശിയടക്കം 4 പേരെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സംഘം പിടികൂടി.ഒളിവില്‍ കഴിയുന്ന ബാക്കി 13 പ്രതികളെ കണ്ടെത്താന്‍ 17 പ്രത്യേക അന്വേഷണ സംഘങ്ങളാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

കറുപ്പസാമി (മദന്‍), തരുണ്‍ കുമാര്‍, രാജ്കുമാര്‍, പാണ്ടിസെല്‍വം, തിരുപ്പതി, പൊന്‍മുത്തുചെല്‍വന്‍, മീനാക്ഷി സുന്ദരം, ശബരിനാഥന്‍, റെജിന്‍, നിഷാന്ത്, മുത്തു ഇളങ്കോവന്‍, കാര്‍ത്തിക് രാജ, പ്രശാന്ത് (ലിംഗ പ്രശാന്ത്), രാജ സിക്കന്ദര്‍, ചിലമ്പരശന്‍, സോലൈ മുകിലേശ്വരന്‍ എന്നിവരാണ് രക്ഷപ്പെട്ട തടവുകാര്‍.

കേരള അതിര്‍ത്തിയിലും ഇടുക്കിയിലും കടുത്ത ജാഗ്രത

രക്ഷപ്പെട്ട വിചാരണത്തടവുകാര്‍ അതിര്‍ത്തി കടന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കോ അയല്‍ ജില്ലകളിലേക്കോ കടക്കാതിരിക്കാന്‍ തമിഴ്നാട് പോലീസ് വ്യാപക സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

തേനിയുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കി ജില്ലയിലെ കുമളി, ബോഡിമെട്ട്, ചിന്നാര്‍, കമ്പംമെട്ട് തുടങ്ങിയ ചെക്ക്പോസ്റ്റുകളില്‍ കേരള പോലീസും തമിഴ്നാട് പോലീസും ചേര്‍ന്നുള്ള പരിശോധന കടുപ്പിച്ചു.

ദിണ്ഡിഗല്‍ എസ്.പി എസ്. ജയകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ദിണ്ഡിഗല്‍ ജില്ലയിലെ 16 പ്രധാന പാതകളില്‍ തന്ത്രപ്രധാന പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. തടവുകാരുടെ ചിത്രങ്ങള്‍ മധുര, ദിണ്ഡിഗല്‍, ഇടുക്കി പോലീസ് സംഘങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തേനി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലോ (9498101570) കണ്‍ട്രോള്‍ റൂമിലോ (9176104100) അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

ജയിലിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Tags: Theni Sub Jailbreak Tamil Nadu 2026, 17 Inmates Escape Thekkampatti Jail, Fake Seizure Drama Prisoners Escape, Tamil Nadu Police Manhunt Idukki Alert, Crime News Malayalam, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക