മനുഷ്യന്റെ ചെറുകുടലിനുള്ളിലൂടെ പാമ്പിനെപ്പോലെ സഞ്ചരിച്ച് പരിശോധന നടത്താൻ കഴിയുന്ന മൃദുവായ റോബോട്ടിനെ വികസിപ്പിച്ച് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) ഗവേഷകർ. കുടലിന്റെ എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയാത്ത ഭാഗങ്ങൾ പരിശോധിക്കാനും രോഗനിർണയത്തിനും ചികിത്സയ്ക്കും സഹായിക്കാനുമാണ് പുതിയ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്.
|
BIOSENTER എന്നാണ് റോബോട്ടിന്റെ പേര്. പാമ്പുകളുടെ സഞ്ചാരരീതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ രൂപകൽപ്പന. വീർക്കാനും ചുരുങ്ങാനും കഴിയുന്ന ഭാഗങ്ങളും പിടിച്ചുനിൽക്കാൻ സഹായിക്കുന്ന ചെറിയ ബലൂണുകളും ഉപയോഗിച്ചാണ് റോബോട്ട് മുന്നോട്ടുനീങ്ങുന്നത്. കുടലിന്റെ വഴുവഴുപ്പുള്ള ഉൾഭിത്തിയിൽ പിടിച്ചുനിൽക്കാൻ പ്രത്യേക പ്രതലപൂശലും ഇതിലുണ്ട്.
20 അടിയിലധികം നീളമുള്ള ചെറുകുടൽ പരിശോധിക്കുന്നത് നിലവിൽ സങ്കീർണമായ നടപടിയാണ്. ബലൂൺ സഹായത്തോടെയുള്ള എൻഡോസ്കോപ്പി ഉൾപ്പെടെയുള്ള രീതികളാണ് ഇതിനായി ഉപയോഗിക്കുന്നത്. പുതിയ റോബോട്ടിലൂടെ പരിശോധന കൂടുതൽ എളുപ്പമാക്കാൻ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ദൃശ്യങ്ങൾ പകർത്താനുള്ള ക്യാമറ, മരുന്നുകൾ എത്തിക്കാനുള്ള സ്പ്രേയർ, കോശങ്ങളുടെ സാമ്പിളുകൾ ശേഖരിക്കാനും പോളിപ്പുകൾ നീക്കം ചെയ്യാനും സഹായിക്കുന്ന ക്ലിപ്പുകൾ എന്നിവ റോബോട്ടിലുണ്ട്. ജപ്പാനിലെ കടലാസ് മുറിച്ചും മടക്കിയും രൂപങ്ങൾ സൃഷ്ടിക്കുന്ന കിരിഗാമി കലാരീതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രത്യേക ഗ്രിപ്പിങ് സംവിധാനവും ഇതിന്റെ ഭാഗമാണ്.
പന്നിയുടെ കുടലിനുള്ളിൽ നടത്തിയ പരീക്ഷണത്തിൽ റോബോട്ട് ഏകദേശം ആറര അടി ദൂരം സഞ്ചരിച്ചു. ദൃശ്യങ്ങൾ പകർത്തൽ, ബയോപ്സിക്കായി സാമ്പിളുകൾ ശേഖരിക്കൽ, മരുന്നുകൾ എത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും പരീക്ഷണത്തിൽ പ്രകടിപ്പിച്ചു.
എംഐടിയിലെ മെക്കാനിക്കൽ എൻജിനീയറിങ് പ്രൊഫസറും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമായ ജിയോവന്നി ട്രാവേഴ്സോയുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ചെറുകുടലിന്റെ പരിശോധന കൂടുതൽ സ്വയംനിയന്ത്രിതവും കാര്യക്ഷമവുമാക്കുന്ന സംവിധാനങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഗവേഷകർ വ്യക്തമാക്കി.
ALSO READ: ദേവിയുടെ അനുഗ്രഹത്തിൽ പണം ഇരട്ടിയാകുമെന്ന തട്ടിപ്പിൽ 76കാരന് നഷ്ടം 19.60 ലക്ഷം രൂപ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





