അൻവർ വടക്കാങ്ങര എഴുതുന്നു
|
ഗൾഫ് നാടുകളിൽ ഇൻഷുറൻസ് പരിരക്ഷ നിർബന്ധവും വ്യാപകവുമായതോടെ ചെറിയൊരു ജലദോഷമോ പനിയോ ഉണ്ടായാൽ, മുറിവുകളും വിവിധ തരത്തിലുള്ള വേദനകളുമായി പ്രയാസപ്പെടുമ്പോൾ ഉടനെ ഏറ്റവും നല്ല ഹോസ്പിറ്റലിലേക്ക് ഓടുന്നത് പതിവാണ്. കാരണം ഡോക്ടർ കൺസൾട്ടേഷൻ മുതൽ രോഗം ഭേദമാകുന്നത് വരെ ഭക്ഷണമടക്കമുള്ള ഉന്നത പരിചരണങ്ങൾ, മേജർ ഓപ്പറേഷനുകൾ, അതിന് മുമ്പും ശേഷവുമുള്ള ഐസിയു, വെൻ്റിലേറ്റർ സൗകര്യങ്ങൾ കൂടാതെ ആവശ്യമായ മരുന്നുകളും കണ്ണട പോലുള്ള ഉപകരണങ്ങളും വളരെ കുറഞ്ഞ സംഖ്യക്കാണ് പദ്ധതി പ്രകാരം ലഭിക്കുന്നത്.
(പോളിസിയുടെ ഗ്രേഡിനനുസരിച്ച് അപ്രൂവൽ സമയ പരിധിയിലും ആനുകൂല്യങ്ങൾ ലഭിക്കുന്നതിലും വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്).നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയുടെ ഏറ്റവും വലിയ ന്യൂനത: ഈ പദ്ധതിയിൽ അംഗത്വമെടുത്ത വ്യക്തിക്ക് ഏതു തരത്തിലുള്ള രോഗമായാലും ഇൻഷുറൻസ് പരിരക്ഷ കിട്ടണമെങ്കിൽ മിനിമം 24 മണിക്കൂർ ഹോസ്പിറ്റൽ അഡ്മിറ്റ് നിർബന്ധമാണ്.
യാദൃശ്ചികമായി സംഭവിക്കുന്ന പൊള്ളൽ, വിവിധതരം വിഷബാധകൾ, വിഷദ്രാവകം അകത്ത് ചെല്ലൽ, പണിയായുധങ്ങൾ, ഉപകരണങ്ങൾ കൊണ്ടും മറ്റുമുണ്ടാകാറുള്ള പരിക്കുകൾ എന്നിവ കാരണമായി ചികിത്സ ആവശ്യമായവർക്കുപോലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയില്ല.ഹോമിയോ, ആയുർവേദ, യുനാനി തുടങ്ങിയ ചികിത്സകളെ ആശ്രയിക്കുന്ന രോഗികൾക്ക് ഇൻഷുറൻസ് ആനുകൂല്യം കിട്ടണമെങ്കിൽ പ്രസ്തുത വിഭാഗത്തിന്റെ സർക്കാർ അംഗീകൃത ഹോസ്പിറ്റലുകളിൽ ചികിത്സ തേടണം.
ഐസിയു, വെൻ്റിലേറ്റർ പോലെയുള്ള തീവ്ര പരിചരണ ചികിത്സകൾക്ക് വളരെ കുറഞ്ഞ സംഖ്യ മാത്രമാണ് ഓരോ പോളിസി മെമ്പർമാർക്കും അനുവദിച്ചിട്ടുള്ളത്. പദ്ധതിയിൽ മെമ്പറായ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്ന പ്രസവം, വന്ധ്യത എന്നിവയുമായി ബന്ധപ്പെട്ട ഒരു ചെലവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. കടുത്ത നിബന്ധനകൾക്ക് വിധേയമായി മാത്രമേ കണ്ണ്, ചെവി, പല്ല്, തുടങ്ങിയ അവയവങ്ങൾക്കുള്ള ചികിൽസാ ആനുകൂല്യങ്ങൾ ലഭിക്കുന്നുള്ളൂ. ഇതിലെല്ലാം ഉപരി ഇൻഷുറൻസ് കമ്പനിക്കാരുടെ പ്രത്യേക അധികാരമുപയോഗിച്ചുള്ള ഫൈനൽ തീരുമാനം അറിയുമ്പോൾ മാത്രമാണ് ഈ പദ്ധതി പ്രവാസികൾക്ക് എത്രത്തോളം ഉപകാരപ്രദമാണെന്ന് കൃത്യമായി മനസിലാകൂ.
അതിനാൽ ഗൾഫ് നാടുകളിലെ ഇൻഷുറൻസ് പരിരക്ഷയും സൗകര്യങ്ങളും പ്രതീക്ഷിച്ച് നോർക്ക കെയർ പ്ലസ് ഇഷുറൻസ് പദ്ധതിയിൽ ചേരാൻ പ്രേരിപ്പിക്കുന്നവരും അംഗത്വമെടുക്കാൻ ആവേശം കാണിക്കുന്നവരും ഇപ്പോൾ നടക്കുന്ന പോളിസിയുമായി ബന്ധപ്പെട്ട ചർച്ചകളോടൊപ്പം ഓരോ പോളിസി മെമ്പർക്കും അനുവദിച്ച ആനുകൂല്യങ്ങളും അവകാശങ്ങളും എത്രത്തോളമുണ്ടെന്നതുകൂടി ചർച്ചാ വിഷയമാക്കേണ്ടതുണ്ട്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





