05
Nov 2026
Thu
05 Nov 2026 Thu
Shamja Mujeeb UAE Flag Day Sheikh Mohamed bin Zayed

അബൂദബി: യു.എ.ഇ ദേശീയ പതാക ദിനത്തില്‍ അബൂദബിയിലെ ചരിത്രപ്രസിദ്ധമായ ഖസ്ര് അല്‍ ഹുസ്‌നില്‍ (Qasr Al Hons) രാജ്യത്തിന്റെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍, അരികില്‍ നില്‍ക്കാന്‍ ഭാഗ്യം ലഭിച്ച 55 വിശിഷ്ട അതിഥികളുടെ കൂട്ടത്തില്‍ ഒരു മലയാളി സാന്നിധ്യവും ഉണ്ടായിരുന്നു. തൃശൂര്‍ ചാവക്കാട് അഞ്ഞൂര്‍ സ്വദേശിനിയായ ഷംജ മുജീബ് മുഹമ്മദാണ് പ്രവാസി മലയാളികള്‍ക്കും നാടിനും ഒരുപോലെ അഭിമാനമായി മാറിയ ആ മുഹൂര്‍ത്തത്തിന് സാക്ഷിയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യു.എ.ഇ രൂപീകൃതമായിട്ട് 55 വര്‍ഷം തികയുന്ന വേളയിലെ പതാക ദിനാഘോഷത്തിലേക്ക് വിവിധ മേഖലകളില്‍ രാജ്യത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും തുല്യതയില്ലാത്ത സേവനം അനുഷ്ഠിച്ച 55 പ്രതിഭകളെയാണ് പ്രസിഡന്‍ഷ്യല്‍ ഓഫീസ് പ്രത്യേകം നോമിനേറ്റ് ചെയ്ത് ക്ഷണിച്ചിരുന്നത്.

യുദ്ധസമയത്തെ ആത്മാർത്ഥമായ സേവനം

അബൂദബി പോർട്സ് ഗ്രൂപ്പിന്റെ (AD Ports Group) ഫുജൈറ ടെർമിനലിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്യുന്ന ഷംജയെ, പ്രതിസന്ധി ഘട്ടങ്ങളിലും യുദ്ധ സമാനമായ സമയങ്ങളിലും നൽകിയ ധീരവും വിലമതിക്കാനാവാത്തതുമായ സേവന മുൻഗണനകൾ വിലയിരുത്തിയാണ് ഈ പരമോന്നത ചടങ്ങിലേക്ക് നാമനിർദ്ദേശം ചെയ്തത്.

ചടങ്ങിന് തൊട്ടുമുമ്പ് വരെ ഈ മഹാഭാഗ്യത്തെക്കുറിച്ച് കമ്പനി വ്യക്തമായ വിവരങ്ങൾ നൽകിയിരുന്നില്ല. “ഈ ദിവസങ്ങളിൽ ദൂരെയെങ്ങും പോകരുത്” എന്ന് മാത്രമാണ് അറിയിച്ചിരുന്നതെന്നും, പ്രസിഡൻഷ്യൽ ഓഫീസിൽ നിന്ന് ആദരവിന്റെ കാൾ വന്നപ്പോഴാണ് അത്ഭുതവും അളവറ്റ സന്തോഷവും ഉണ്ടായതെന്നും ഷംജ വെളിപ്പെടുത്തുന്നു.

കൈപിടിച്ച് കുശലാന്വേഷണവുമായി ശൈഖ് മുഹമ്മദ്

ഖസ്ര് അൽ ഹുസ്നിൽ നടന്ന ലളിതമായ ചടങ്ങിൽ അതിഥികളായി എത്തിയ 55 പ്രമുഖരുടെയും അടുത്തെത്തി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വ്യക്തിപരമായി കൈകൊടുക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു. രാജ്യത്തിനായി നൽകിയ സേവനങ്ങൾക്ക് നന്ദി അറിയിച്ച അദ്ദേഹം, എല്ലാവർക്കുമൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കാനും സമയം കണ്ടെത്തി.

പഴയകാല മാധ്യമപ്രവർത്തകനും കുന്നംകുളം സ്വദേശിയുമായ മുജീബ് അഞ്ഞൂരാണ് ഷംജയുടെ ഭർത്താവ്. നിലവിൽ കുടുംബത്തോടൊപ്പം ഫുജൈറയിലാണ് താമസം. റൂമി രഹൻ, റിസിൽ സായൂജ്, റെയ്സൽ റിസ്വി എന്നിവർ മക്കളാണ്.

തൃശൂർ ചാവക്കാട് പരേതനായ കേളച്ചേടത്ത് മുഹമ്മദിന്റെയും സുബൈദയുടെയും മകളായ ഷംജയ്ക്ക് റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഷമീർ മുഹമ്മദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം മേധാവി പ്രഫ. ഷംല മുഹമ്മദ് എന്നിവർ സഹോദരങ്ങളാണ്.

ജീവിതത്തിലെ ഏറ്റവും അനുഗൃഹീതവും മായ്ക്കാൻ കഴിയാത്തതുമായ നിമിഷമായിട്ടാണ് യു.എ.ഇ ഭരണാധികാരിയിൽ നിന്ന് ലഭിച്ച ഈ സുന്ദരമായ ആദരവിനെ ഷംജയും കുടുംബവും കാണുന്നത്.

Tags: Shamja Mujeeb Abu Dhabi, UAE Flag Day Sheikh Mohamed bin Zayed, Gulf News Malayalam, Pravasi News Kerala, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക