അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ച് ഡെമോക്രാറ്റിക് നേതാവ് അബ്ദുൽ എൽ-സാഇദ്. മിഷിഗണിൽനിന്ന് സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടതോടെ യുഎസ് സെനറ്റിലെത്തുന്ന ആദ്യ മുസ്ലിമെന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയതെന്ന് റിപ്പോർട്ട്. എന്നാൽ അദ്ദേഹത്തിന്റെ വിജയത്തിന് ഇന്ത്യയുമായും പ്രത്യേകിച്ച് കർണാടകയുമായും ഒരു കുടുംബബന്ധമുണ്ട്. ഭാര്യ ഡോ. സാറാ ജുകാക്കുവിന്റെ കുടുംബവേരുകൾ കർണാടകയിലെ തീരദേശ പട്ടണമായ ഭട്കലിലാണ്.
|
സാറയുടെ മുത്തച്ഛൻ ജെ.എച്ച്. ഷംസുദ്ദീൻ ജുകാക്കു മുൻ മൈസൂർ സംസ്ഥാന സർക്കാരിൽ ഉപധനമന്ത്രിയായി പ്രവർത്തിച്ച പ്രമുഖ അഭിഭാഷകനും വിദ്യാഭ്യാസ പ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്നു. 1950കളിലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം ശ്രദ്ധേയമായത്.
1946ൽ ബോംബെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷംസുദ്ദീൻ പിന്നീട് മൈസൂർ നിയമസഭയിൽ ഹൊന്നാവർ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1957ലും 1962ലും തെരഞ്ഞെടുപ്പിൽ വിജയിച്ചു. 1958ൽ ബി.ഡി. ജാട്ടി മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയിൽ ഉപധനമന്ത്രിയായി. പിന്നീട് എസ്. നിജലിംഗപ്പയുടെ മന്ത്രിസഭയിൽ വൈദ്യുതി വകുപ്പിന്റെ ഉപമന്ത്രിയായും പ്രവർത്തിച്ചു.
ഭട്കലിലും സമീപ പ്രദേശങ്ങളിലും വൈദ്യുതിയും അടിസ്ഥാന സൗകര്യങ്ങളും എത്തിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചതായി പ്രദേശവാസികൾ പറയുന്നു. വിദ്യാഭ്യാസ രംഗത്തും സജീവമായിരുന്ന അദ്ദേഹം അഞ്ജുമാൻ ഹാമി-ഇ-മുസ്ലിമീൻ എന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലും പങ്കാളിയായിരുന്നു.
ഷംസുദ്ദീന്റെ മകൻ ഡോ. ജുകാക്കു എസ്. തയേബ് മികച്ച അവസരങ്ങൾ തേടി അമേരിക്കയിലേക്ക് കുടിയേറിയതോടെയാണ് കുടുംബത്തിന്റെ അമേരിക്കൻ ബന്ധം ശക്തമായത്. ബംഗളൂരു മെഡിക്കൽ കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് അമേരിക്കയിൽ നെഫ്രോളജിസ്റ്റായി ജോലി ആരംഭിച്ചു.
അമേരിക്കയിലെ മിഷിഗണിൽ ജനിച്ചുവളർന്ന സാറാ ജുകാക്കു കുടുംബത്തിന്റെ ഇന്ത്യൻ പാരമ്പര്യവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. മിഷിഗൺ സർവകലാശാലയിൽ പഠിക്കുമ്പോഴാണ് അബ്ദുൽ എൽ-സയ്ദിനെ പരിചയപ്പെടുന്നത്. ഇരുവരും 2006 മെയ് മാസത്തിൽ വിവാഹിതരായി.
ഓക്സ്ഫഡ് സർവകലാശാലയിലും കൊളംബിയ സർവകലാശാലയിലും ഉപരിപഠനം നടത്തിയ സാറ പിന്നീട് സൈക്യാട്രി രംഗത്ത് ശ്രദ്ധേയമായ കരിയർ കെട്ടിപ്പടുത്തു.
ദക്ഷിണേന്ത്യൻ കുടുംബത്തിലെ അംഗമായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യൻ സംസ്കാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും താൻ അറബ് വംശജനേക്കാൾ ഇന്ത്യക്കാരനാണെന്ന് ചിലപ്പോൾ തോന്നാറുണ്ടെന്നും എൽ-സയ്ദ് അഭിമുഖത്തിൽ തമാശയായി പറഞ്ഞിരുന്നു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




