ബംഗളൂരു: രാജ്യത്ത് വിൽക്കുന്ന E20 പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തേക്കാൾ കൂടുതൽ എഥനോൾ കണ്ടെത്തിയതായി കർണാടക സർക്കാർ. സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (IOCL) പെട്രോളിൽ 31.2 ശതമാനവും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ (HPCL) പെട്രോളിൽ 30.5 ശതമാനവും എഥനോൾ കണ്ടെത്തിയതായി മന്ത്രി റിസ്‌വാൻ അർഷാദ് അറിയിച്ചു.
|
സംസ്ഥാനത്തുനിന്ന് ശേഖരിച്ച 63 സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. ഭാരത് പെട്രോളിയത്തിൽ 26.5 ശതമാനവും നയാരയിൽ 26.1 ശതമാനവും ഷെല്ലിൽ 25.5 ശതമാനവും എഥനോൾ കണ്ടെത്തി. ബംഗളൂരുവിലും അനുവദനീയമായ പരിധി മറികടന്നതായാണ് റിപ്പോർട്ട്.
അംഗീകൃത ലബോറട്ടറികളിലെ പരിശോധനയിലാണ് ഉയർന്ന അളവിലുള്ള എഥനോൾ കണ്ടെത്തിയതെന്ന് മന്ത്രി പറഞ്ഞു. അമിതമായ എഥനോൾ മിശ്രണം വാഹനങ്ങളുടെ മൈലേജിനെയും എൻജിൻ ഘടകങ്ങളെയും ബാധിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനുവദനീയമായ പരിധിയിൽ കൂടുതൽ എഥനോൾ ചേർക്കുന്ന എണ്ണക്കമ്പനികൾക്കെതിരെ നടപടിയെടുക്കുക, വാഹനങ്ങൾക്ക് സംഭവിച്ച കേടുപാടുകൾക്ക് നഷ്ടപരിഹാരം നൽകുക, പെട്രോൾ പമ്പുകളിൽ എഥനോൾ മിശ്രണത്തിന്റെ അളവ് പ്രദർശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേന്ദ്രത്തിന് മുന്നിൽ കർണാടക സർക്കാർ ഉന്നയിച്ചത്.
അതേസമയം, ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും കർഷകർക്ക് വരുമാനം വർധിപ്പിക്കാനുമാണ് കേന്ദ്രത്തിന്റെ എഥനോൾ മിശ്രണ പദ്ധതി. കർണാടക സർക്കാരിന്റെ പരിശോധനാ കണ്ടെത്തലുകൾ കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
കുറിപ്പ്: എഥനോൾ അളവിനെക്കുറിച്ചുള്ള കണ്ടെത്തലുകൾ കർണാടക സർക്കാർ പുറത്തുവിട്ട പരിശോധനാ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





