ഒമാൻ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശിയായ ഗന്ധർ നഹീം അജിജാണ് മരിച്ചത്. കപ്പലിലുണ്ടായിരുന്ന മറ്റ് 13 ഇന്ത്യക്കാരെ ഒമാൻ തീരസംരക്ഷണ സേന സുരക്ഷിതമായി രക്ഷപ്പെടുത്തി.
|
നവംബർ രണ്ടിനാണ് സംഭവം. 14 ഇന്ത്യൻ നാവികരുമായി സഞ്ചരിക്കുകയായിരുന്ന ഇന്ത്യൻ ചരക്കുകപ്പലായ എംഎസ്‌വി അൽ ജുസുഫിക്ക് നേരെ അജ്ഞാത ആകാശവസ്തു ഉപയോഗിച്ച് ആക്രമണമുണ്ടായതായി കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ അജിജ് മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ച നാവികന്റെ കുടുംബത്തെ മന്ത്രി അനുശോചനം അറിയിച്ചു.
ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ സലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. യുഎഇയിലെ ഹംരിയ തുറമുഖത്തുനിന്ന് ചരക്കുമായി ഗുജറാത്തിലെ പോർബന്തറിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സ്ഫോടക ഡ്രോണോ മിസൈലോ ഉപയോഗിച്ചാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
രക്ഷപ്പെട്ട 13 നാവികർക്കും അടിയന്തര സഹായം ഉറപ്പാക്കുന്നതിനും മരിച്ച നാവികന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുമായി കേന്ദ്ര സർക്കാരും ഒമാനിലെ ഇന്ത്യൻ എംബസിയും പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 22 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. ഇതിൽ 14 പേർ നാവികരാണെന്ന് മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയിരുന്നു. ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെ ഇന്ത്യൻ നാവികരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ശക്തമാകുകയാണ്.
ALSO READ: പെരുമ്പാവൂരിൽ കോടതിയുടെ ഒന്നാം നിലയിൽ നിന്ന് ചാടി പോക്സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


