ഷാർജ: യഥാർഥ ജീവിതത്തിലെ അനുഭവങ്ങളും മനുഷ്യരുമെല്ലാം ഒരു നോവലിന്റെ അടിത്തറയാകാമെങ്കിലും അവയെ മികച്ച സാഹിത്യസൃഷ്ടികളാക്കി മാറ്റാൻ ഭാവനയും സർഗാത്മകതയും അനിവാര്യമാണെന്ന് സുഡാനീസ് എഴുത്തുകാരൻ അമീർ താജ് എൽസിർ. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ (SIBF 2026) ഭാഗമായി നടന്ന സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
|
‘സൈനബിന്റെ പേന: ഒരു ജീവിതകഥ നോവലായി മാറുമ്പോൾ’ എന്ന വിഷയത്തിൽ നടന്ന സെഷനിൽ, തന്റെ ആദ്യകാല മെഡിക്കൽ ജീവിതവും പോർട്ട് സുഡാനിൽ കണ്ടുമുട്ടിയ മനുഷ്യരും അവിടുത്തെ ദൈനംദിന ജീവിതവുമാണ് ‘സൈനബിന്റെ പേന’ എന്ന നോവലിന് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. അമ്വാജ് അബു ഹംദയായിരുന്നു സംവാദം നിയന്ത്രിച്ചത്.
യാഥാർഥ്യത്തിൽ നിന്നാണ് ഒരു നോവലിസ്റ്റ് തന്റെ രചന ആരംഭിക്കുന്നതെന്ന് താജ് എൽസിർ പറഞ്ഞു. മൂന്നോ നാലോ വരികളിൽ ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് എഴുത്തുകാരൻ ഭാവനയുടെ സഹായത്തോടെ ഒരു പൂർണ ജീവിതം സൃഷ്ടിക്കുന്നു. അങ്ങനെയാണ് ഒരു നോവൽ രൂപപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
യഥാർഥ വ്യക്തി നോവലിലെ കഥാപാത്രമായപ്പോൾ
നോവലിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊരാളായ ഇദ്രിസ് അലി യഥാർഥ ജീവിതത്തിൽ താൻ പരിചയപ്പെട്ട വ്യക്തിയാണെന്ന് എഴുത്തുകാരൻ വെളിപ്പെടുത്തി. യുവ ഡോക്ടറായിരുന്ന കാലത്ത് അസാധാരണമായ പല സാഹചര്യങ്ങളിലേക്കും ഇദ്രിസ് തന്നെ എത്തിച്ചിരുന്നു. ഒരിക്കൽ തന്റെ കാർ എടുത്ത് ടാക്സിയായി ഉപയോഗിച്ച സംഭവവും അദ്ദേഹം ഓർത്തെടുത്തു.
ഇദ്രിസ് യഥാർഥത്തിൽ ജീവിച്ചിരുന്ന വ്യക്തിയാണോ എന്ന് സംവാദത്തിനിടെ അവതാരക സംശയം പ്രകടിപ്പിച്ചപ്പോൾ, അദ്ദേഹം യഥാർഥ വ്യക്തിയാണെന്ന് താജ് എൽസിർ വ്യക്തമാക്കി. തന്റെ ഭാവനയെ ഇത്രയധികം ആകർഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത വ്യക്തിയായതിനാലാണ് ഇദ്രിസിനെ നോവലിൽ കഥാപാത്രമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
യുവ ഡോക്ടറായിരുന്ന താജ് എൽസിറിന് ഇദ്രിസ് നൽകിയ ഒരു പേനയിൽ നിന്നാണ് നോവലിന്റെ പേരിനും തുടർന്നുണ്ടായ സംഭവങ്ങൾക്കും പ്രചോദനമായത്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



